Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്‌പോൺസർ മർദിച്ച് മരുഭൂമിയിൽ തള്ളിയ  രതീഷിന് സാമൂഹിക പ്രവർത്തകർ തുണയായി

  • രതീഷിന് ചാരിറ്റി ഓഫ് പ്രവാസി പ്രവർത്തകർ യാത്രാ രേഖകൾ നൽകുന്നു.

റിയാദ് - സ്‌പോൺസർ മർദിച്ച് മരുഭൂമിയിൽ തള്ളിയ രതീഷിന് സാമൂഹിക പ്രവർത്തകർ തുണയായി. റിയാദ് ദാഖിൽ മഹ്ദൂദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന കൊല്ലം കുളത്തൂപുഴ സ്വദേശി രതീഷ് ആണ് ഇന്ത്യൻ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും ഇടപെടലിൽ കഴിഞ്ഞ ദിവസം നാട്ടിലെത്തിയത്.

ഒരു വർഷം മുമ്പാണ് ഇദ്ദേഹം ഹൗസ് ഡ്രൈവർ വിസയിൽ റിയാദിലെത്തിയത്. സ്‌പോൺസറുടെ വീട്ടിലെ ജോലി മാത്രമല്ല, അദ്ദേഹത്തിന്റെ മാതാവിന്റെയും സഹോദരിയുടെയും മുഴുവൻ ജോലിയും ചെയ്യേണ്ടിവരുന്നു. 
ഒരു ദിവസം സ്‌പോൺസർ തന്റെ വാഹനം കഴുകിയിട്ടില്ലെന്ന് പറഞ്ഞ് രതീഷിനോട് ദേഷ്യപ്പെട്ടു. രാവിലെ കഴുകിയതാണെന്നും പൊടിക്കാറ്റ് കാരണം വൃത്തിഹീനമായതാണെന്നും കഴുകുന്നത് സ്‌പോൺസറുടെ ഭാര്യ കണ്ടതാണെന്നും പറഞ്ഞിട്ടും അദ്ദേഹം മർദിക്കുകയും ലൈസൻസും ഇഖാമയും പിടിച്ചുവെക്കുകയും ചെയ്തു.  പിന്നീട് പോലീസ് സ്റ്റേഷനിൽ കൊണ്ടുപോകുകയാണെന്ന് പറഞ്ഞ് കാറിൽ കയറ്റി മരുഭൂമിയിൽ കൊണ്ടുപോയി ഇറക്കിവിടുകയും മൊബൈൽ ഫോൺ പിടിച്ചുവാങ്ങി കടന്നുകളയുകയുമായിരുന്നു. 
കയ്യിലുണ്ടായിരുന്ന മറ്റൊരു മൊബൈൽ ഫോൺ ഉപയോഗിച്ച് രതീഷ് നേരത്തെ പരിചയമുണ്ടായിരുന്ന ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രവർത്തകരായ അൻസിൽ ആലപ്പുഴ, ലിജു ബാലചന്ദ്രൻ എന്നിവരുമായി ബന്ധപെട്ടു. അവർ മരുഭൂമിയിൽ എത്തി രതീഷിനെ രക്ഷപ്പെടുത്തി ലിജു ബാലചന്ദ്രന്റെ റൂമിൽ കൊണ്ടുവന്നു. പിറ്റേദിവസം സംഘടനയുടെ പ്രവർത്തകൻ റിഷി ലത്തീഫ് രതീഷിനെയും കൊണ്ട് ദാഖിൽ മഹ്ദൂദ് പോലീസ് സ്റ്റേഷനിൽ പോയി. എന്നാൽ ലേബർ കോർട്ടിൽ പരാതി നൽകാനാണ് പോലീസ് പറഞ്ഞത്. 
ഇതേത്തുടർന്ന് സംഘടനയുടെ നേതാക്കളായ അയൂബ് കരൂപടന്നയും ജയൻ കൊടുങ്ങല്ലുരും രതീഷിനെ കൂട്ടി എംബസിയിൽ പോയി പരാതി രജിസ്റ്റർ ചെയ്തു. സ്‌പോൺസറുമായി ബന്ധപ്പെട്ടപ്പോൾ എക്‌സിറ്റ് അടിച്ചുനൽകാമെന്ന് ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് വാക്കു മാറ്റി രതീഷിനെ ഹുറൂബ് ആക്കുകയും ഒരു കാരണവശാലും നാട്ടിൽ വിടില്ലെന്ന നിലപാട് സീകരിക്കുകയും ചെയ്തു.
കേസുമായി മുന്നോട്ട് പോകുമെന്ന് എംബസിയും ചാരിറ്റി ഓഫ് പ്രവാസിയും അറിയിച്ചതോടെ സ്‌പോൺസർ ഹുറൂബ് മാറ്റി ഫൈനൽ എക്‌സിറ്റ് അടിച്ചുനൽകാൻ തയാറായി.
 പിന്നീട് ജയൻ കൊടുങ്ങല്ലുരും അയൂബ് കരൂപടന്നയും രതീഷിനെ കൂട്ടി സ്‌പോൺസറുടെ വീട്ടിൽ പോകുകയും രതീഷിന്റെ എല്ലാ സാധനങ്ങളും റൂമിൽ നിന്ന് എടുത്തുവരികയും ചെയ്തു.  ചാരിറ്റി ഓഫ് പ്രവാസി ഹായിൽ യൂണിറ്റ് വൈസ് പ്രസിഡന്റ് സഞ്ജു സലീം നൽകിയ ടിക്കറ്റിലാണ് രതീഷ് നാട്ടിലേക്ക് യാത്രയായത്. 

 

Latest News