തിരുവനന്തപുരം- ശ്രീലങ്കന്‍ ബോട്ടിലെത്തി മയക്കുമരുന്നു കേസില്‍ അറസ്റ്റിലായവര്‍ കടലിലെറിഞ്ഞെന്നു കരുതുന്ന മയക്കുമരുന്നു പൊതികള്‍ കണ്ടെത്താന്‍ ഉള്‍ക്കടലില്‍ തെരച്ചില്‍ നടത്തും.
നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, കോസ്റ്റ്ഗാര്‍ഡ്, ദേശീയ അന്വേഷണ ഏജന്‍സി എന്നിവയുടെ നേതൃത്വത്തില്‍ ഞായറാഴ്ചയാണ് മിനിക്കോയ് ദ്വീപിനു സമീപം തിരച്ചില്‍ ആരംഭിക്കുക. അടിത്തട്ടിലെ പരിശോധനയില്‍ മുങ്ങല്‍ വിദഗ്ധരും പങ്കെടുക്കും. വെള്ളത്തിനടിയില്‍ ഉപയോഗിക്കുന്ന ആധുനിക ക്യാമറകളും പ്രയോജനപ്പെടുത്തും. കോസ്റ്റ് ഗാര്‍ഡിന്റെ വിഴിഞ്ഞം- കൊച്ചി എന്നി യൂണിറ്റുകളില്‍ നിന്നുള്ള കപ്പലുകളിലാവും അന്വേഷണ സംഘം മിനിക്കോയി ദ്വീപിലേക്ക് പോകുക.
ആകര്‍ഷ ദുവായെന്ന ശ്രീലങ്കന്‍ ബോട്ടിലെത്തിയ സുനില്‍കുരാരെ(68), റനിലി ഫെര്‍ണാണ്ടോ(50), താരക് റൂട്ട് സിങ്കെ(30), നെപുന്‍(24), നിലാന്ത അരുണ്‍കുമാര്‍(24), മധുഷാ ദില്‍ഷാന്‍(24) എന്നിവരെയാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റുചെയ്തത്. ബോട്ടിന്റെ ക്യാപ്റ്റന്‍ സുനില്‍കുരാരെയാണ് ഒന്നാംപ്രതി.
പാകിസ്ഥാനില്‍ നിന്നെത്തിയ ബോട്ടില്‍നിന്ന് ശ്രീലങ്കന്‍ ബോട്ടിലുള്ളവര്‍ 100 കിലോഗ്രാം ഹെറോയിന്‍, 150 കിലോഗ്രാം മെറ്റാംഫിന്‍ എന്നിവ വാങ്ങി പൊതികളാക്കി സൂക്ഷിച്ചിരുന്നു. ഈ വിവരം ലഭിച്ച കോസ്റ്റ് ഗാര്‍ഡ് ബോട്ടിനെ പിന്‍തുടരുമ്പോഴാണ് മയക്കുമരുന്ന് പൊതികള്‍ കടലിലെറിഞ്ഞത്.