ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കുടുംബത്തിന്  2.7 കോടി  അമേരിക്കന്‍ ഡോളര്‍ നഷ്ടപരിഹാരം

ന്യൂയോര്‍ക്ക്- അമേരിക്കന്‍ പോലീസിന്റെ വര്‍ണവിവേചനത്തിന് ഇരയായ ജോര്‍ജ് ഫ്‌ളോയ്ഡിന് ഒടുവില്‍ നീതി. കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുവാനാണ് ഒത്തുതീര്‍പ്പായിരിക്കുന്നത്. ഇത്തരത്തില്‍ നഷ്ടപരിഹാരമായി നല്‍കുന്നതില്‍ ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്. ഫ്േളായ്ഡിന്റെ കുടുംബംസിവില്‍ കേസ് നല്‍കിയിരുന്നു അതിലാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്.
2.7 കോടി അമേരിക്കന്‍ ഡോളറാണ് ഇത്തരത്തില്‍ നഷ്ടപരിഹാരമായി നല്‍കുക. ഏകദേശം 100 കോടി രൂപയാണ് ഇത്തരത്തില്‍  നഷ്ടപരിഹാരമായി ഈടാക്കിയിരിക്കുന്നത്. ഫ്‌ളോയിഡ് കുടുംബത്തിന്റെ അറ്റോര്‍ണിയായ ബെന്‍ ക്രമ്പാണ് ഹാജരായത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ജോര്‍ജ്ജ് ഫ്‌ളോയ്ഡിന്റെ അതിഭയാനകമായ മരണം കണ്ടിരുന്നു. തെറ്റായ കൊലപാതക കേസില്‍ ഇതുവരെ ഉണ്ടായ ഏറ്റവും വലിയ നഷ്ടപരിഹാര ഒത്തു തീര്‍പ്പാണ് ഇവിടെയുണ്ടായിരിക്കുന്നത് എന്ന് ക്രംപ് പറഞ്ഞു. ഇത്തരത്തിലുള്ള വിധികള്‍ വര്‍ണവിവേചനത്തിനെതിരെ പോലീസ് സ്വീകരിച്ച നടപടികളിലും കറുത്ത വര്‍ഗക്കാരുടെ ജീവിക്കാനുള്ള അവകാശത്തിനും ശക്തമായ സന്ദേശമാണ് നല്‍കുന്നത് എന്നും ക്രംപ് കൂട്ടിച്ചേര്‍ത്തു.
2020 മെയ് 25 നാണ് 46 കാരനായ ജോര്‍ജ് ഫ്‌ലോയ്ഡിനെ അമേരിക്കന്‍ പോലീസിന്റെ വര്‍ണ്ണവിവേചനത്തിന് ഇരയായി കൊല്ലപ്പെടുന്നത്. വെള്ളക്കാരനായ ഡെറിക് ചൗവിന്‍ വെറും സംശയത്തിന്റെ പേരില്‍ ഫ്‌ളോയിഡിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് റോഡില്‍ കിടത്തി കാല്‍ മുട്ടുകൊണ്ട് കഴുത്തില്‍ കുത്തിപ്പിടിച്ചാണ് കൊല ചെയ്തത്. തന്നെ വിടണമെന്നും ശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നും  ഫ്‌ളോയിഡ് ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും പിന്നീട്, ഐ കാണ്ട് ബ്രീത്ത് എന്ന ഹാഷ് ടാഗ് ക്യാമ്പയിനായി മാറുകയും ചെയ്തു. 

Latest News