മങ്കടയിലെയും തിരൂരിലെയും ചുവന്ന പൊട്ടുകൾ

 

മലപ്പുറം- ഒരു കാലത്ത് മുസ്്‌ലിം ലീഗിന്റെ കുത്തക കോട്ടകളാകുകയും എന്നാൽ ഇടക്കാലത്ത് ചെങ്കൊടി പാറുകയും ചെയ്ത മണ്ഡലങ്ങളാണ് തിരൂരും മങ്കടയും. 2006 ൽ മലപ്പുറം ജില്ലയുടെ തെക്കൻ അതിർത്തിയിൽ ആഞ്ഞുവീശിയ ഇടതുസുനാമിയിൽ മുസ്്‌ലിം ലീഗിന് തിരിച്ചടിയുണ്ടായ രണ്ടു മണ്ഡലങ്ങൾ. മുസ്്‌ലിം ലീഗിന്റെ പ്രബലരായ നേതാക്കൾ തോൽവിയറിഞ്ഞ മണ്ഡലങ്ങൾ. മങ്കടയും തിരൂരും തിരിച്ചു പിടിച്ച് ലീഗ് വീണ്ടും ശക്തി തെളിയിച്ചെങ്കിലും 2006 ന്റെ ഓർമകൾ ഇപ്പോഴും ഈ രണ്ടു മണ്ഡലങ്ങളിലും തിരതല്ലുന്നുണ്ട്.
1957 മുതൽ ഇതുവരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തിരൂരിൽ ഒരിക്കൽ മാത്രമാണ് ഇടതുമുന്നണിക്ക് വിജയിക്കാനായിട്ടുള്ളത്. മറ്റുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം മുസ്‌ലിം ലീഗിന്റെ ഉറച്ച കോട്ടയായി മലപ്പുറം ജില്ലയിലെ ഈ പടിഞ്ഞാറൻ നഗരം നിലകൊണ്ടു. തിരൂർ നഗരസഭ, വെട്ടം, തലക്കാട്, തൃപ്രങ്ങോട്, പുറത്തൂർ, തവനൂർ, വട്ടംകുളം പഞ്ചായത്തുകൾ ചേർന്നതായിരുന്നു പഴയ തിരൂർ നിയോജകമണ്ഡലം. 2009 ൽ മണ്ഡല പുനഃക്രമീകരണം വന്നതോടെ തിരൂർ നഗരസഭ, വെട്ടം, തലക്കാട് പഞ്ചായത്തുകളും പഴയ കുറ്റിപ്പുറം മണ്ഡലത്തിലെ തിരുനാവായ, ആതവനാട്, കൽപ്പകഞ്ചേരി, വളവന്നൂർ പഞ്ചായത്തുകളും ചേർത്ത് പുതിയ തിരൂർ മണ്ഡലം നിലവിൽ വന്നു. 


1957, 60, 65, 70 തെരഞ്ഞെടുപ്പുകളിൽ വിജയിച്ച് മുസ്‌ലിം ലീഗിലെ കെ. മൊയ്തീൻകുട്ടി എന്ന ബാവ ഹാജിയാണ് തിരൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. തുടർന്നും കാൽനൂറ്റാണ്ടിലേറെ മുസ്്‌ലിം ലീഗ് തന്നെയാണ് വിജയം ആവർത്തിച്ചത്. 91 മുതൽ 2016 വരെ നടന്ന തെരഞ്ഞെടുപ്പുകളിൽ വിജയിച്ച് ഇ.ടി. മുഹമ്മദ് ബഷീർ ഇവിടെ ഹാട്രിക് വിജയം നേടി. എന്നാൽ 2006 ൽ നടന്ന തെരഞ്ഞെടുപ്പിൽ ലീഗിനു അപ്രതീക്ഷിതമായ തിരിച്ചടിയേറ്റു. ചരിത്രത്തിലാദ്യമായി തിരൂരിൽ വിജയത്തിന്റെ ചെങ്കൊടി പാറി. സി.പി.എം തിരൂർ ഏരിയാ സെക്രട്ടറിയും തിരൂർ അർബൻ കോ-ഓപറേറ്റീവ് ബാങ്ക് ചെയർമാനുമായിരുന്ന പി.പി. അബ്ദുല്ലക്കുട്ടി വിജയിച്ചു. ലീഗിന്റെ കോട്ട അത്ര സുരക്ഷിതമല്ലെന്നു തെളിയിക്കുന്നതായിരുന്നു ആ വിജയം. എന്നാൽ 2011 ൽ വയനാട്ടുകാരനായ സി. മമ്മൂട്ടിയെ കളത്തിലിറക്കി മുസ്‌ലിം ലീഗ് മണ്ഡലം തിരിച്ചുപിടിച്ചു. അബ്ദുല്ലക്കുട്ടിയെ 23,566 വോട്ടുകൾക്കാണ് മമ്മുട്ടി തോൽപിച്ചത്. 2016 ലും സി. മമ്മുട്ടി തന്നെ വിജയിച്ചു. ഇടതുപക്ഷ സ്വതന്ത്രൻ ഗഫൂർ പി. ലില്ലീസ് ആയിരുന്നു എതിർ സ്ഥാനാർഥി. എന്നാൽ ലീഗിന്റെ ഭൂരിപക്ഷം 7,061 ആക്കി ചുരുക്കാൻ ഇടതുമുന്നണിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കഴിഞ്ഞു. 
മുസ്്‌ലിം ലീഗിന്റെ കോട്ടയായ മങ്കടയിലും അട്ടിമറി ജയങ്ങൾ നേടാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്.

ഐക്യകേരളം രൂപവൽക്കരിച്ചതിനുശേഷം 1957ലെ പ്രഥമ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് മങ്കട നിയോജക മണ്ഡലം നിലവിൽ വന്നത്. അന്ന് പാലക്കാട് ജില്ലയുടെ ഭാഗമായിരുന്നു മങ്കട. കൂട്ടിലങ്ങാടി പുഴക്കിപ്പുറം അതിരിടുന്ന മണ്ഡലം വള്ളുവനാട് താലൂക്കിലെ ഭാഗങ്ങൾ ചേർന്നതായിരുന്നു. തുടക്കത്തിൽ മങ്കട മണ്ഡലത്തിലായിരുന്ന പുലാമന്തോൾ പഞ്ചായത്ത് പിന്നീട് പെരിന്തൽമണ്ണയിലേക്കു മാറ്റി. പെരിന്തൽമണ്ണ മണ്ഡലത്തിലായിരുന്ന അങ്ങാടിപ്പുറം മങ്കടയിലേക്കു ചേർക്കുകയും ചെയ്തു. ഏഴു പഞ്ചായത്തുകളാണ് നിലവിൽ മങ്കട മണ്ഡലത്തിലുള്ളത്. 1957 മുതലുള്ള 15 തെരഞ്ഞെടുപ്പുകളിൽ 12 തവണയും ജയിച്ചത് മുസ്‌ലിലീഗ് പ്രതിനിധികളാണ്. മൂന്നുതവണ ഇടതുപക്ഷവും വിജയിച്ചു. 1965 ൽ സി.പി.എമ്മിലെ പാലോളി മുഹമ്മദ്കുട്ടി ജയിച്ചെങ്കിലും സംസ്ഥാനത്താകെ വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്നതിനാൽ നിയമസഭ രൂപവൽകരിച്ചില്ല. പിന്നീട് മുസ്്‌ലിം ലീഗിനെ തോൽപിക്കാൻ ഏറെ കാലം ഇടതുപക്ഷത്തിനായില്ല. 1967 ൽ സി.പി.എം-ലീഗ് ഐക്യമുന്നണിയായി മത്സരിച്ച തെരഞ്ഞെടുപ്പിൽ മുസ്്‌ലിം ലീഗ് ശക്തനായ നേതാവ് സി.എച്ച്. മുഹമ്മദ്‌കോയയെ ഇറക്കി മണ്ഡലം തിരിച്ചു പിടിച്ചു. മണ്ഡല ചരിത്രത്തിൽ ഇതുവരെ തകർക്കപ്പെടാത്ത ഭൂരിപക്ഷം (24,517) നേടിയായിരുന്നു ഈ ജയം. 1980 ൽ ജയിച്ച കെ.പി.എ മജീദ് അഞ്ചുതവണ തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ടു. 2001 ൽ ഇടതുസ്വതന്ത്രനായി മത്സരിച്ച മഞ്ഞളാംകുഴി അലിയാണ് പിന്നീട് ഇവിടെ അട്ടിമറി വിജയം കാഴ്ചവെച്ചത്. രണ്ടു തവണ മങ്കടയിൽ തെരഞ്ഞെടുക്കപ്പെട്ട അലി പിന്നീട് മുസ്‌ലിം ലീഗിലെത്തുകയും പെരിന്തൽമണ്ണയിൽ വിജയിക്കുകയും ചെയ്തു. മങ്കടയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുസ്്‌ലിം ലീഗിലെ ടി.എ. അഹമ്മദ് കബീറാണ് വിജയിച്ചത്. കൂട്ടിലങ്ങാടി, മങ്കട, മക്കരപറമ്പ്, കുറുവ, പുഴക്കാട്ടിരി, അങ്ങാടിപ്പുറം, മൂർക്കനാട് പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് മങ്കട മണ്ഡലം.

വോട്ടുനില (മങ്കട)-2016

ടി.എ. അഹമ്മദ് കബീർ (മുസ്്‌ലിം ലീഗ്)-69,165
അഡ്വ. ടി.കെ. റഷീദലി (സി.പി.എം)-67,657
ബി. രതീഷ് (ബി.ജെ.പി)-6641
ഹമീദ് വാണിയമ്പലം (വെൽഫെയർ)-3999
എ.എ. റഹീം (എസ്.ഡി.പി.ഐ)-1456
ഒ.ടി. ഷുഐബ് (പി.ഡി.പി)-273

ടി.എ. അഹമ്മദ് കബീർ ഭൂരിപക്ഷം- 1508

 

വോട്ടുനില (തിരൂർ)- 2016

സി. മമ്മുട്ടി (മുസ്്‌ലിം ലീഗ്)- 73432
ഗഫൂർ പി. ലില്ലീസ് (എൽ.ഡി.എഫ്)- 66371
എം.കെ. ദേവിദാസൻ (ബി.ജെ.പി)-9083
ഗണേഷ് വടേരി (വെൽഫെയർ)-2001
ഇബ്രാഹം തിരൂർ (എസ്.ഡി.പി.ഐ)-1828
അഡ്വ. ഷമീർ (പി.ഡി.പി)-1276

സി. മമ്മൂട്ടി ഭൂരിപക്ഷം-7061

Latest News