Sorry, you need to enable JavaScript to visit this website.

മലമുകളിൽ കളിയാരവം

പുതിയ ഗ്രൗണ്ടിൽ കളിക്കാർ പരിശീലനത്തിൽ. 
മിസോറമിൽ ഫിഫ ഫണ്ടോടെ നിർമിച്ച ടർഫ് ഗ്രൗണ്ട്
ലാൽപെഖ്‌ലുവയെ പോലുള്ളവർ വളർന്നുവന്നത് ഇത്തരം ഗ്രൗണ്ടുകളിൽ കളിച്ചാണ്. 
ലാൽപെഖ്‌ലുവയെ പോലുള്ളവർ വളർന്നുവന്നത് ഇത്തരം ഗ്രൗണ്ടുകളിൽ കളിച്ചാണ്. 

വടക്കുകിഴക്കിന്റെയും അങ്ങേത്തലയാണ് മിസോറം. മ്യാന്മറിന്റെയും ബംഗ്ലാദേശിന്റെയും അതിർത്തിയോട് ചേർന്ന സംസ്ഥാനം. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലുള്ളവർക്ക് പരിചിതമല്ലാത്ത മലനിരകളും കുന്നുകളും നിറഞ്ഞ പരുക്കൻ പ്രദേശം. പക്ഷെ ഇന്ത്യൻ ഫുട്‌ബോൾ ഭൂപടത്തിൽ മിസോറം പാദമുദ്ര പതിപ്പിക്കുകയാണ്. ഫുട്‌ബോളിന്റെ കളിത്തൊട്ടിലായി മാറുകയാണ് ഈ അതിർത്തി സംസ്ഥാനം. മുപ്പതോളം മിസോറം കളിക്കാർ ഐ.എസ്.എല്ലിൽ മാത്രം കഴിവ് തെളിയിക്കുന്നു. അതിൽ ലാൽറുവാതാരയും ലാൽതാതാംഗയും കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞക്കുപ്പായമിടുന്നു. ജെറി മാവിംതാംഗ (ഒഡിഷ എഫ്.സി), ജെജെ ലാൽപെഖ്‌ലുവ (ഈസ്റ്റ്ബംഗാൾ), ലാലിൻസുവാല ചാംഗ്‌ടെ (ചെന്നൈയൻ എഫ്.സി), എഡ്മണ്ട് ലാൽറിൻഡിക (ബംഗളൂരു എഫ്.സി) തുടങ്ങിയവർ ഇന്ത്യൻ ഫുട്‌ബോൾ പ്രേമികൾക്ക് സുപരിചിതരമാണ്. 


തെക്കൻ മിസോറമിലെ ഹനാതിയാലിലേതു പോലുള്ള പുല്ലിന്റെ പൊടി പോലുമില്ലാത്ത ഉറച്ച ഗ്രൗണ്ടുകളിൽ കളിച്ചാണ് ലാൽപെഖ്‌ലുവയെ പോലുള്ളവർ ഇന്ത്യൻ കുപ്പായമിടാൻ യോഗ്യത നേടിയത്. പെഖ്‌ലുവയെ കൂടാതെ വാൻമാൽസാമ, ജെറി ലാൽറിൻസുവാല, ലാൽറുവാതാര, ഡാനിയേൽ ലാലിൻപുയ, ലാൽദാൻമാവിയ റാൾടെ തുടങ്ങിയ നിരവധി മിസോ കളിക്കാർ സമീപകാലത്ത് ഇന്ത്യൻ ക്യാമ്പിലെത്തിയിട്ടുണ്ട്. സിക്കിം കഴിഞ്ഞാൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ സംസ്ഥാനമായ മിസോറമിനെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനകരമായ നേട്ടമാണ്. 2014 ൽ സന്തോഷ് ട്രോഫി ചാമ്പ്യന്മാരായ ശേഷം അവിടെ ഫുട്‌ബോളിന്റെ പുതുവസന്തമാണ്. 2015 ലെ ദേശീയ ഗെയിംസിൽ മിസോറം ചാമ്പ്യന്മാരായി. മിസോറമിലെ ഏറ്റവും വലിയ ക്ലബ്ബായ ഐസ്വാൾ എഫ്.സി ഐ-ലീഗ് ചാമ്പ്യന്മാരായത് ലെസ്റ്റർ സിറ്റി ഇംഗ്ലിഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായതിന്റെ അതേ ആവേശത്തിൽ ആഘോഷിക്കപ്പെട്ടു. 


എൺപതുകളിലാണ് മിസോറമിൽ ഫുട്‌ബോൾ ആവേശം പടരുന്നത്. ഷൈലൊ മാൽസ്വാംഗ്ത്‌ലുവാംഗയായിരുന്നു മിസോറമിൽ നിന്ന് ശ്രദ്ധിക്കപ്പെട്ട ആദ്യ ദേശീയ താരം. മ്യാന്മർ അതിർത്തിയോട് ചേർന്ന ഗ്രാമത്തിൽ ജനിച്ച ഷൈലൊ തൊണ്ണൂറുകളിൽ  ഈസ്റ്റ് ബംഗാളിന്റെ അവിഭാജ്യ ഘടകമായിരുന്നു. സുനിൽ ഛേത്രിക്കൊപ്പം ഇന്ത്യൻ ആക്രമണം നയിച്ച ലാൽപെഖ്‌ലുവയാണ് മിസോറമിന്റെ ഏറ്റവും ആദരിക്കപ്പെടുന്ന താരം. മിസൊ ഗ്രാമങ്ങളിൽ നിന്ന് ഇന്ത്യൻ ഫുട്‌ബോളിന്റെ ഉയരങ്ങളിലെത്താനുള്ള പാത അക്ഷരാർഥത്തിൽ കുന്നും മലയും നിറഞ്ഞതാണ്.
മിസോറം ഫുട്‌ബോൾ അസോസിയേഷന് സമീപകാലം വരെ അംഗീകൃത രീതിയിലുള്ള ഒരു ഗ്രൗണ്ട് പോലുമില്ലായിരുന്നു എന്നതാണ് വസ്തുത. 


2013 ലാണ് മിസോറമിൽ ഒരു ഗ്രൗണ്ട് നിർമിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമാവുന്നത്. സായരാംഗ് ദിന്തറിലെ ലോക്കൽ ഗ്രൗണ്ട് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ മിസോറം ഫുട്‌ബോൾ അസോസിയേഷന് കൈമാറി. അവിടെ ഫിഫ ഫണ്ട് ഉപയോഗിച്ച് കൃത്രിമ ടർഫ് ഗ്രൗണ്ട് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. 2013 ൽ ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ പരിസമാപ്തിയിലെത്താൻ നീണ്ട എട്ട് വർഷമെടുത്തു. പാറക്കെട്ടായ സ്ഥലത്താണ് ഈ കളിസ്ഥലമെന്നതിനാലാണ് പണികൾ ഇഴഞ്ഞുനീങ്ങിയത്. വർഷം ഏതാണ്ട് മുഴുവനും മഴ പെയ്യുന്നതും കോവിഡ് മഹാമാരിയും ഉദ്ഘാടനം വൈകിച്ചു. 
കഴിഞ്ഞയാഴ്ച മിസോറം സ്‌പോർട്‌സ് മന്ത്രി റോബർട് ആർ. റോയ്‌റ്റെയാണ് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തത്. ഫിഫയുടെ പ്രതിനിധിയായി പ്രിൻസ് റൂഫസും ചടങ്ങിൽ പങ്കെടുത്തു. ഗ്രൗണ്ടിൽ പെൺകുട്ടികൾക്കായി ട്രൈബൽ ഹോസ്റ്റൽ പണിയുകയെന്നതാണ് അടുത്ത ലക്ഷ്യം. 


 

Latest News