Sorry, you need to enable JavaScript to visit this website.

ബ്രസീലിന്റെ വർത്തമാനം...

ലോക ഫുട്‌ബോളിന്റെ വർത്തമാനകാല അവസ്ഥയെക്കുറിച്ച്, കളിക്കാരെക്കുറിച്ച്, ടീമുകളെക്കുറിച്ച് ബ്രസീൽ കോച്ച് ടിറ്റി സംസാരിക്കുന്നു. ഫിഫക്ക് നൽകിയ അഭിമുഖത്തിൽനിന്ന്....

ലോക ഫുട്‌ബോളിലെ ഏറ്റവും പ്രയാസകരമായ ജോലിയാണ് ബ്രസീൽ പരിശീലകന്റേത്. 20 കോടി കോച്ചുമാരുള്ള ഒരു രാജ്യത്ത് ദീർഘകാലം ദേശീയ പരിശീലകനായി തുടരുക അസാധ്യമാണെന്ന് ലൂയിസ് ഫെലിപ്പെ സ്‌കൊളാരി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ബ്രസീലിലെ ഓരോ ആരാധകനും ദേശീയ കോച്ചിനെക്കുറിച്ച് അഭിപ്രായമുണ്ടാവും. ബ്രസീലുകാർക്ക് വിജയം മാത്രം പോരാ. തലയെടുപ്പോടെ ജയിക്കണം. 
1970 ലെ മെക്‌സിക്കൊ ലോകകപ്പിന് മുമ്പുള്ള അഞ്ചു വർഷം എട്ടു കോച്ചുമാരെ ബ്രസീൽ മാറ്റി. എട്ടാമത്തെ കോച്ചായിരുന്നു മാരിയൊ സഗാലൊ. 1991 ന് മുമ്പുള്ള ഏതാനും മാസങ്ങളിൽ നാലു പേരെ മാറ്റിയാണ് കാർലോസ് ആൽബർടൊ പെരേരയെ നിയമിച്ചത്. പത്തു വർഷത്തിനു ശേഷം ഒമ്പതു മാസത്തിനിടെ നാലാമത്തെ കോച്ചായി സ്‌കൊളാരി വന്നു. ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തിൽ അഞ്ചു വർഷം പൂർത്തിയാക്കാൻ കഴിഞ്ഞ ഒരു കോച്ചേയുള്ളൂ -1944 മുതൽ 1950 വരെ കോച്ചായി തുടർന്ന ഫഌവിയൊ കോസ്റ്റ. ആ റെക്കോർഡ് തിരുത്താനൊരുങ്ങുകയാണ് ടിറ്റി. ടിറ്റിയുടെ കീഴിൽ 52 മത്സരങ്ങൾ കളിച്ച ബ്രസീൽ മുപ്പത്തെട്ടെണ്ണം ജയിച്ചു, തോറ്റത് നാലിൽ മാത്രം. അവസാന 21 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അജയ്യനാണ് ടിറ്റി. അതിൽ പതിനാറും ജയിച്ചു. ഇത്തവണ ബ്രസീലിന് അമ്പത്തൊന്നുകാരൻ സമ്മാനിച്ചത് ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച തുടക്കമാണ്. 1981 ൽ ജൂനിയറും സോക്രട്ടീസും സീക്കോയും സംഘത്തിനും പോലും സാധിക്കാതിരുന്ന പ്രകടനം. ലോക ഫുട്‌ബോളിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ടിറ്റി സംസാരിക്കുന്നു.

ചോ: നാലു കളി, 12 പോയന്റ്, 12 ഗോൾ.. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിന്റെ തുടക്കത്തെക്കുറിച്ച്?
ഉ: ഓരോ കളിക്കും ഓരോ കളിയിലെയും ഓരോ ഘട്ടത്തിനും അതിന്റെതായ കഥയുണ്ട്. അതിനാൽ വിശാലമായി കാര്യങ്ങൾ കാണണം. മഹാമാരി ഫുട്‌ബോളിന്റെ ഗുണനിലവാരത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. എന്നാൽ നാലിൽ മൂന്നു കളികളിൽ ബ്രസീൽ കാഴ്ചവെച്ച നിലവാരം പ്രതീക്ഷക്കുമപ്പുറത്താണ്. അതേസമയം വെനിസ്വേലക്കെതിരെ വല്ലാതെ വിയർത്തു. കിട്ടിയ പോയന്റ് ബ്രസീലിന്റെ പ്രകടനത്തിന്റെ നേർചിത്രമാണ്.

 

ചോ: ഇനി നേരിടേണ്ടത് കൊളംബിയയെയും അർജന്റീനയെയുമാണ്. കോപ അമേരിക്കയിൽ ബ്രസീലിനോട് തോറ്റ ശേഷം അജയ്യരായി കുതിക്കുന്ന ടീമുകളാണ് രണ്ടും. ദിബാല, കൊറിയ, മെസ്സി, മാർടിനേസ്, അഗ്വിരൊ തുടങ്ങി പ്രതിഭകളുടെ നീണ്ട നിരയുണ്ട് അവർക്ക്...
ഉ: രണ്ട് പ്രധാന മത്സരങ്ങളാണ് വരാനിരിക്കുന്നത്. കഴിഞ്ഞ യോഗ്യതാ റൗണ്ടിൽ കൊളംബിയക്കെതിരായ രണ്ടു കളികളാണ് ബ്രസീലിന്റെ ഏറ്റവും മികച്ച മത്സരങ്ങൾ. രണ്ടു ടീമും ആക്രമിച്ചു, അവസരങ്ങൾ സൃഷ്ടിച്ചു, എതിരാളികൾക്ക് പ്രശ്‌നങ്ങളുണ്ടാക്കി. പ്രയാസകരമായിരുന്നു രണ്ടു കളികളും. അതേസമയം ബ്രസീൽ-ഉറുഗ്വായ്, ബ്രസീൽ-അർജന്റീന മത്സരങ്ങൾക്ക് ചരിത്രപരമായ പ്രാധാന്യമുണ്ട്. ബ്രസീലും അർജന്റീനയും, അതുതന്നെ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ.. എന്നെ സംബന്ധിച്ചിടത്തോളം അതിന് മറ്റൊരു തലമാണ്.

ചോ: അർജന്റീനയെക്കുറിച്ച് പറയുമ്പോൾ ഡിയേഗൊ മറഡോണയെക്കുറിച്ച് പറയാതിരിക്കാനാവില്ല...
ഉ: എന്റെ പ്രിയ സുഹൃത്ത് കരേക്ക പറഞ്ഞതാണ് എനിക്ക് ആവർത്തിക്കാനുള്ളത്. ടെക്‌നിക്കലായ കഴിവ്, പ്രതിസന്ധിയിലും പരിഹാരം കണ്ടെത്താനുള്ള കഴിവ്, ക്രിയേറ്റിവിറ്റി... അത്തരമൊരു കളിക്കാരനൊപ്പം കളിക്കുകയെന്നത് വലിയ പ്രയാസമാണ്. ഓരോ സൂക്ഷ്മവശങ്ങളിലും ജാഗ്രത വേണം. കളിക്കളത്തിൽ മറഡോണ അത്യസാധാരണ പ്രതിഭാസമാണ്.

ചോ: വലിയ കളിക്കാരെക്കുറിച്ച് പറയുമ്പോൾ നെയ്മാറിന്റെ സ്ഥാനമെന്താണ്?
ഉ: നെയ്മാർ ഏറെ പക്വതയാർജിച്ചു കഴിഞ്ഞു. ബാഴ്‌സലോണയിലായിരുന്ന കാലത്തും ഞാൻ ബ്രസീൽ കോച്ചായ ആദ്യ ഘട്ടത്തിലും നെയ്മാർ വിംഗിലാണ് കളിച്ചിരുന്നത്. ഗോളടിക്കും, അതിവേഗം കുതിക്കും, ഡ്രിബ്ൾ ചെയ്യും, ഒറ്റക്ക് കഴിവുകൾ പ്രദർശിപ്പിക്കും. ഇപ്പോൾ തന്റെ കഴിവ് നെയ്മാർ വിശാലമാക്കിയിട്ടുണ്ട്. സ്വയം ഗോളടിക്കുക മാത്രമല്ല, മറ്റുള്ളവർക്ക് കളിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇപ്പോൾ നെയ്മാർ ഒരേസമയം അമ്പും വില്ലുമാണ്. ഗോളവസരങ്ങളൊരുക്കും ഗോളടിക്കും. ആവനാഴി വല്ലാതെ വികസിപ്പിച്ചിട്ടുണ്ട്. 

 

ചോ: ബ്രസീൽ നിരയിൽ ഫിലിപ് കൗടിഞ്ഞോയുടെ ദൗത്യം?
ഉ: ഞാൻ ചുമതലയേറ്റെടുത്ത ശേഷം സെലസാവൊ പല ഘട്ടങ്ങൾ തരണം ചെയ്തിട്ടുണ്ട്. 2018 ലെ ലോകകപ്പ് യോഗ്യതാ റൗണ്ടായിരുന്നു ഏറ്റവും മികച്ച ഘട്ടം. നിരവധി അവസരങ്ങൾ ഞങ്ങൾ സൃഷ്ടിച്ചു. ഒരുപാട് ഗോളടിച്ചു. വളരെക്കുറിച്ച് ഗോളുകൾ വഴങ്ങി. സ്ഥിരതയുള്ള പ്രകടനം. അതും മനോഹരമായി കളിച്ചു കൊണ്ട്. ആ കളികളിൽ കൗടിഞ്ഞൊ പാറിനടക്കുന്ന കളിക്കാരനായിരുന്നു. തുടക്കത്തിൽ വലതു വിംഗിലായിരിക്കും, അവസരം ഒരുക്കാനുള്ള സ്വാതന്ത്ര്യമുണ്ടാവും. റെനാറ്റൊ അഗസ്റ്റോക്ക് പരിക്കേറ്റതോടെ മധ്യത്തിൽ കളിക്കാൻ തുടങ്ങി. ലിവർപൂളിൽ കളിച്ചതു പോലെ. അവിടെയും തിളങ്ങി. പിന്നീട് ഉയർച്ച താഴ്ചകളുണ്ടായി കൗടിഞ്ഞോക്ക്. പക്ഷെ മികച്ച കളിക്കാരനാണ് കൗടിഞ്ഞൊ.

ചോ: അലിസൻ ബെക്കർ ലോകത്തിലെ മികച്ച ഗോൾകീപ്പറാണോ?
ഉ: മികച്ച ഗോൾകീപ്പറാവുന്നതും നിർണായക ഘട്ടങ്ങളിൽ മികവു കാണിക്കുന്നതും രണ്ട് കാര്യമാണ്. ലോകത്തിലെ മികച്ച ഗോളിമാരിലൊരാളാണ് ആലിസൻ എന്നതിൽ സംശയമേയില്ല. നൂറ് ശതമാനം ഉറപ്പാണ്. ഏറ്റവും മികച്ചതാണെന്ന് പറയണമെങ്കിൽ മറ്റു ഗോളിമാരെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷം നല്ല പ്രകടനമായിരുന്നു. മാന്വേൽ നോയറെക്കാൾ മികച്ച ഗോളിയാണോ ആലിസൻ, അതെ എന്നു ഞാൻ പറയും. മാർക്ക് ആന്ദ്രെ ടെര്‍‌സ്റ്റേഗനെക്കാൾ? അതെ. ഒബ്‌ലാക്കിനെക്കാൾ? അതെ. 
ചോ: ഇപ്പോൾ ഫോമിലുള്ള ടീമുകൾ ഏതൊക്കെയാണ്?
ഉ: മഹാമാരിക്കാലത്ത് ടീമുകൾക്കൊന്നിനും യഥാർഥ കഴിവ് പ്രകടിപ്പിക്കാനായിട്ടില്ല. ബ്രസീലിനും അർജന്റീനക്കും കൊളംബിയക്കുമൊക്കെ കുറച്ചു മത്സരങ്ങളേ ഉണ്ടായുള്ളൂ. യൂറോപ്യൻ ടീമുകൾ എട്ട് മത്സരങ്ങൾ വീതം കളിച്ചു. ഇറ്റലി ഇപ്പോൾ കാണാനഴകുള്ള രീതിയിൽ കളിക്കുന്നുണ്ട്. റോബർടൊ മാഞ്ചീനിക്കാണ് അതിന്റെ ക്രെഡിറ്റ്. അരിഗൊ സാക്കിയെ പോലെ ഒരു ശൈലി അദ്ദേഹം വികസിപ്പിച്ചെടുത്തിട്ടുണ്ട്. പരമ്പരാഗതമായി പ്രതിരോധമാണ് ഇറ്റലിയുടെ ശക്തി. ഇപ്പോഴത്തെ ടീമിന് പ്രതിരോധത്തിലും ആക്രമണത്തിലും സന്തുലനമുണ്ട്. ബെൽജിയത്തിന്റെ മികച്ച തലമുറയാണ് ഇത്. ഏറ്റവും മികച്ച പ്രതിഭയാണ് കെവിൻ ഡിബ്രൂയ്‌നെ. ഫ്രാൻസും ശക്തമാണ്.

 

ചോ: വർത്തമാനകാലത്തെ മികച്ച മൂന്നു കളിക്കാരെ തെരഞ്ഞെടുക്കാൻ പറഞ്ഞാൽ?
ഉ: ഫിഫ അവാർഡിനായി ഞാൻ വോട്ട് ചെയ്ത മൂന്നു പേരെക്കുറിച്ച് പറയാം. നെയ്മാറാണ് ഒന്നാമത്. പിന്നെ റോബർട് ലെവൻഡോവ്‌സ്‌കി. മൂന്നാം സ്ഥാനത്ത് ഡിബ്രൂയ്‌നെ. പരിക്കേൽക്കുന്നതിന് മുമ്പ് നെയ്മാർ ഉജ്വല ഫോമിലായിരുന്നു. ലെവൻഡോവ്‌സ്‌കി അവിശ്വസനീയ ഫോമിലാണ്. മറ്റാർക്കും കഴിയാത്ത രീതിയിൽ ഡിബ്രൂയ്‌നെ കളിക്കും. പുതുമയും നിശ്ചയദാർഢ്യവും എടുത്തു പറയണം. ഡിബ്രൂയ്‌നെയുടെ കളി ഞാൻ ആസ്വദിക്കുന്നു.

ചോ: 2013 ഒടുവിൽ താങ്കൾ കളിയിൽനിന്ന് ഒരു വർഷം വിട്ടുനിൽക്കുകയും ലോകം ചുറ്റി ഫുട്‌ബോളിനെക്കുറിച്ച് പഠിക്കുകയും ചെയ്തിരുന്നുവല്ലോ?
ഉ: എപ്പോഴും ഫുട്‌ബോളിനെക്കുറിച്ച് പഠിക്കുകയും അറിവ് വിശാലമാക്കുകയും ചെയ്യാറുണ്ട്. കൊറിന്തിയൻസ് വിട്ടപ്പോൾ മറ്റു ടീമുകളെയും കോച്ചുമാരെയും സൂക്ഷ്മമായി പഠിക്കാനുള്ള അവസരം കിട്ടി. ക്ലബ് തലത്തിൽ സാധ്യമായതെല്ലാം ഞാൻ നേടിയിട്ടുണ്ട്. ക്ലബ് ലോകകപ്പിൽ ഞങ്ങൾ ചെൽസിയെ തോൽപിച്ചു. അടുത്ത പടി ബ്രസീലിന്റെ മഞ്ഞക്കുപ്പായമാണെന്ന് ഞാൻ വിശ്വസിച്ചു. അതിന് ഏറ്റവും മികച്ച കോച്ചാവാൻ കഴിയണം. അതിനായി സെമിയോണിയെയും ഗാഡിയോളയെയും കുറിച്ചുള്ള പുസ്തകങ്ങൾ വരെ പഠിച്ചു. ബൊക്ക ജൂനിയേഴ്‌സിൽ ബിയാഞ്ചി സാധിച്ചതെന്തെന്ന് മനസ്സിലാക്കി. ബാഴ്‌സലോണയിൽ യോഹാൻ ക്രയ്ഫും. ഓരോ പ്രദേശത്തെ ഫുട്‌ബോളിനും അതിന്റേതായ വകഭേദങ്ങളുണ്ട്. ബിയാഞ്ചിയെ നേരിട്ട് കണ്ട് കാര്യങ്ങൾ മനസ്സിലാക്കി. ആഴ്‌സനലിൽ ഒരുപാട് കാലം ചെലവിട്ടു. റയൽ മഡ്രീഡിൽ കാർലൊ ആഞ്ചലോട്ടിയുടെ രീതികൾ മനസ്സിലാക്കി. മാഞ്ചസ്റ്റർ സിറ്റിയെയും ബയേൺ മ്യൂണിക്കിനെയും കുറിച്ച് പഠിച്ചു. കാഴ്ചക്കപ്പുറത്തെ കാര്യങ്ങൾ മനസ്സിലാക്കി. തന്ത്രങ്ങളും പദ്ധതികളും രൂപം കൊള്ളുന്നതെങ്ങനെയെന്ന് തിരിച്ചറിഞ്ഞു. 2014 ലോകകപ്പിലെ എല്ലാ മത്സരങ്ങളും വീക്ഷിച്ചു. കുറിപ്പുകളെഴുതി. വിശകലനം ചെയ്തു. എന്റെ കരിയറിലെ സുപ്രധാന ഘട്ടമായിരുന്നു അത്. 

ചോ: ഏത് കോച്ചിൽ നിന്നാണ് കൂടുതൽ പഠിച്ചത്?
ഉ: ആഞ്ചലോട്ടിയിൽ നിന്ന്. സെമിയോണി തന്റെ ടീമിനെ ഒരുക്കുന്നത് കാണേണ്ടതു തന്നെയാണ്. തന്റെ കളിക്കാരിൽ നിന്ന് ഏറ്റവും മികച്ചത് പുറത്തെടുക്കാൻ മിടുക്കനാണ് ബിയാഞ്ചി. പ്രത്യേകിച്ചും വൻ മത്സരങ്ങളിൽ. 
ക്രയ്ഫിന്റെ ചില തന്ത്രങ്ങൾ അത്യുജ്വലമാണ്. പക്ഷെ സംശയമില്ലാതെ പറയാം, കൂടുതൽ പഠിച്ചത് ആഞ്ചലോട്ടിയിൽ നിന്നാണ്. തീർത്തും വ്യത്യസ്തമായി തന്റേതായ രീതിയിലാണ് ഓരോ കളിയെയും അദ്ദേഹം കാണുന്നത്. 


 

Latest News