- തന്ത്രപ്രധാന കേന്ദ്രങ്ങളുടെ നിയന്ത്രണം അലി സ്വാലിഹ് അനുകൂലികൾ പിടിച്ചടക്കി
സൻആ - സൻആയിൽ അലി സ്വാലിഹ് അനുകൂലികളും ഹൂത്തികളും തമ്മിൽ രൂക്ഷമായ പോരാട്ടം ആരംഭിച്ചതോടെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുമായി ചർച്ചക്ക് തയാറാണെന്ന് അലി സ്വാലിഹ് വ്യക്തമാക്കി. അയൽ രാജ്യങ്ങൾ ആക്രമണം നിർത്തുകയും ഉപരോധം റദ്ദാക്കുകയും ചെയ്യണം. അയൽ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ പുതിയ അധ്യായം രചിക്കുന്നതിന് തങ്ങൾ ഒരുക്കമാണ് - ടി.വിയിലൂടെ നടത്തിയ പ്രസംഗത്തിൽ അലി സ്വാലിഹ് പറഞ്ഞു.
തന്റെ പാർട്ടിയായ ജനറൽ പീപ്പിൾസ് കോൺഗ്രസ് അംഗങ്ങൾക്കെതിരെ ഹൂത്തികൾ നിർലജ്ജമായ ആക്രമണം നടത്തുകയാണെന്ന് അലി സ്വാലിഹ് കുറ്റപ്പെടുത്തി. ഉത്തര യെമന് എതിരായ ഉപരോധം എടുത്തുകളയുകയും ആക്രമണം അവസാനിപ്പിക്കുകയും ചെയ്താൽ സഖ്യസേനയുമായി ചർച്ചക്കും പരസ്പര ധാരണക്കും തയാറാണെന്ന് അലി സ്വാലിഹ് പറഞ്ഞു. യെമനിൽ മിലീഷ്യ ഭരണം അവസാനിപ്പിക്കണം. യെമനി ജനതക്കെതിരായ പ്രകോപനപരമായ പ്രവർത്തനങ്ങൾ ഹൂത്തികൾ തുടർന്നു. ഹൂത്തി മിലീഷ്യകളുടെ ഉത്തരവുകൾ പാലിക്കുന്നതിൽനിന്ന് യെമൻ സായുധ സേന വിട്ടുനിൽക്കണം - അലി സ്വാലിഹ് ആവശ്യപ്പെട്ടു. വെടിനിർത്തൽ ധാരണ മാനിക്കുന്നതിൽ ഹൂത്തികൾ പരാജയപ്പെട്ടതായി നേരത്തെ അലി സ്വാലിഹിന്റെ ജനറൽ പീപ്പിൾസ് കോൺഗ്രസ് പറഞ്ഞു. രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നതിന്റെ ഉത്തരവാദിത്തം ഹൂത്തികൾക്കാണ്. രാജ്യത്തിനു വേണ്ടി പ്രതിരോധം തീർക്കുന്നതിന് അനുയായികളോട് പാർട്ടി ആവശ്യപ്പെട്ടു.
അലി സ്വാലിഹിന്റെ നീക്കത്തെ സഖ്യസേന പ്രശംസിച്ചു. ഇറാൻ അനുകൂലികളായ മിലീഷ്യകളിൽനിന്ന് യെമനെ മോചിപ്പിക്കുന്നതിന് ജനങ്ങൾക്കൊപ്പം നിലയുറപ്പിക്കുന്നതിനുള്ള ജനറൽ പീപ്പിൾസ് കോൺഗ്രസിന്റെ തീരുമാനത്തെ സഖ്യസേന അനുമോദിച്ചു. ജനറൽ പീപ്പിൾസ് കോൺഗ്രസ് നേതാക്കൾ അറബ് രാജ്യങ്ങളുടെ നിരയിലേക്ക് തിരിച്ചെത്തുമെന്ന കാര്യത്തിൽ വിശ്വാസമുണ്ടെന്നും സഖ്യസേന പ്രസ്താവനയിൽ പറഞ്ഞു. ഇറാൻ പിന്തുണയുള്ള ഹൂത്തികൾക്കൊപ്പം ചേർന്നതിലൂടെ അറബ് രാജ്യങ്ങളെ അലി സ്വാലിഹ് വഞ്ചിക്കുകയായിരുന്നെന്ന് സഖ്യസേന ആരോപിക്കുന്നു. എന്നാൽ അലി സ്വാലിഹിന്റെ സഖ്യമായിരുന്ന ഹൂത്തികൾ അലി സ്വാലിഹ് അട്ടിമറി നടത്തിയതായി ആരോപിച്ചു. ഖത്തർ മധ്യസ്ഥത അലി സ്വാലിഹ് നിരാകരിച്ചതായി ഹൂത്തി നേതാവ് അലി അൽബഖീത്തി പറഞ്ഞു. തങ്ങളുടെ സഖ്യത്തിനെതിരായ അട്ടിമറിയാണ് അലി സ്വാലിഹിന്റെ പ്രസംഗമെന്ന് ഹൂത്തി വക്താവ് പറഞ്ഞു.
തലസ്ഥാനമായ സൻആയിലെ തെരുവുകളിൽ ഇന്നലെ ഇരു വിഭാഗവും രൂക്ഷമായ ഏറ്റുമുട്ടൽ നടത്തി. മൂന്നു വർഷമായി അലി സ്വാലിഹ് വിഭാഗവും ഹൂത്തികളും പ്രസിഡന്റ് അബ്ദുറബ്ബ് മൻസൂർ ഹാദിയുടെ നേതൃത്വത്തിലുള്ള നിയമാനുസൃത ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്തുവരികയാണ്.
ശക്തമായ തിരിച്ചടി നേരിട്ടതോടെ നൂറുകണക്കിന് ഹൂത്തികൾ സൻആയിൽനിന്ന് രക്ഷപ്പെട്ടോടാൻ തുടങ്ങി. ജീവനു പകരം ആയുധങ്ങൾ കൈമാറി ഇവർ സൻആ വിടുകയായിരുന്നു. സൻആയിലെ തെരുവുകളിൽ ഇറങ്ങിയ ആയിരങ്ങൾ ഹൂത്തികളുടെ മുദ്രാവാക്യങ്ങൾ അടങ്ങിയ ബാനറുകളും ഹൂത്തി നേതാവിന്റെ ഫോട്ടോകളും നീക്കം ചെയ്തു. അബ്ദുൽമലിക് അൽഹൂത്തിയുടെ ഫോട്ടോകൾ അലി സ്വാലിഹ് അനുയായികൾ ചവിട്ടിയരച്ചു. ദക്ഷിണ സൻആയിലെ ഹൂത്തി ആസ്ഥാനം യെമനികൾ അഗ്നിക്കിരയാക്കി. മധ്യസ്ഥശ്രമത്തിനുള്ള ഖത്തർ നീക്കങ്ങൾക്ക് കനത്ത തിരിച്ചടി നേരിട്ടു.
നിയമാനുസൃത ഭരണകൂടത്തിന് പിന്തുണ നൽകുന്നതിന് 2015 മാർച്ച് അവസാനത്തിൽ സഖ്യസേന ഇടപെട്ടതു മുതൽ ഇതുവരെ യെമനിൽ 8,670 പേർ കൊല്ലപ്പെടുകയും 49,960 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് കണക്ക്. മുപ്പത്തിമൂന്നു വർഷം നീണ്ട ഭരണത്തിനൊടുവിൽ 2012 ലാണ് ജനകീയ വിപ്ലവത്തിന്റെ മൂർധന്യാവസ്ഥയിൽ അലി സ്വാലിഹ് രാജിവെച്ചത്. പ്രസിഡന്റ് പദവിയിൽ നിന്ന് രാജിവെച്ച ശേഷവും യെമനിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ ജനറൽ പീപ്പിൾസ് കോൺഗ്രസ് നേതാവായി അലി സ്വാലിഹ് തുടർന്നു. അലി സ്വാലിഹ് അധികാരമൊഴിഞ്ഞതോടെ നിലവിൽ വന്ന ഇടക്കാല ഗവൺമെന്റിനെ ഹൂത്തികളും അലി സ്വാലിഹ് അനുകൂലികളും ചേർന്ന് ആയുധബലത്തിലൂടെ അട്ടിമറിക്കുകയായിരുന്നു.