Sorry, you need to enable JavaScript to visit this website.

വൃക്കരോഗികളിലെ ഭക്ഷണക്രമീകരണം

വലുപ്പത്തിൽ ചെറുതാണെങ്കിലും വളരെ സങ്കീർണ്ണമായ ജോലികൾ ചെയ്യുന്ന പയറു മണിയുടെ ആകൃതിയിൽ വയറിൽ നട്ടെല്ലിന്റെ ഇരുവശങ്ങളിലായി കാണുന്ന അവയവമാണ് വൃക്കകൾ. വൃക്കകൾ ശരീരത്തിലെ രക്തം ശുദ്ധീകരിച്ച് അതിലെ മാലിന്യങ്ങളെ പുറം തള്ളുക, ധാതുലവണങ്ങളെയും ജലത്തെയും നിയന്ത്രിക്കുക, രക്തസമ്മർദ്ദം നിയന്ത്രിക്കുക , രക്താണുക്കളുടെ ഉൽപാദനം ത്വരിതപ്പെടുത്തുക മുതലായ പല പ്രധാന ധർമ്മങ്ങളും നിർവഹിക്കുന്നു. വൃക്കകൾ തകരാറിലാകുമ്പോൾ ഈ പ്രവർത്തനങ്ങളെല്ലാം തടസ്സപ്പെടുന്നു. വൃക്കരോഗം മൂർഛിച്ച് ഡയാലിസിസ്, വൃക്ക മാറ്റിവെക്കൽ മുതലായ സങ്കീർണ ചികിത്സാരീതികൾ അവലംബിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. വൃക്കരോഗത്തിന്റെ പരിചരണത്തിന് മരുന്നിനൊപ്പം ഭക്ഷണക്രമീകരണത്തിനും സുപ്രധാനമായ പങ്കാണുള്ളത്.
സാധാരണയായി കണ്ടുവരുന്ന വൃക്കരോഗങ്ങൾ - താൽക്കാലിക വൃക്ക പരിക്കുകൾ(എ.കെ.ഐ), സ്ഥായിയായ വൃക്ക രോഗങ്ങൾ (സി.കെ.ഡി), മൂത്രാശയത്തിലെ അണുബാധ, വൃക്കയിലെ കല്ലുകൾ എന്നിവയാണ്. ഇവയിൽ ഓരോന്നിനും പ്രത്യേക ഭക്ഷണക്രമീകരണം പാലിക്കേണ്ടതുണ്ട്. ഓരോ രോഗിയുടെയും ഭക്ഷണക്രമം നിശ്ചയിക്കുന്നത് പ്രായം, അസുഖത്തിന്റെ ഘട്ടം, രോഗ ലക്ഷണങ്ങൾ, പരിശോധനാ ഫലങ്ങൾ, മറ്റനുബന്ധ രോഗങ്ങൾ ഇവയെല്ലാം പരിഗണിച്ച ശേഷം മാത്രമാണ്. വൃക്ക പരാജയം സംഭവിക്കുമ്പോൾ രക്തത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നതിനാൽ ഓക്കാനം, മനം പിരട്ടൽ, വിശപ്പില്ലായ്മ, ആഹാരത്തോടുള്ള വിരക്തി എന്നീ ലക്ഷണങ്ങൾ കണ്ടു വരുന്നു. ഇവയെല്ലാം പോഷകാഹാര കുറവും ഭാരമില്ലായ്മ, പേശീബലം കുറയുക എന്നിവക്ക് കാരണമാകുന്നു.


താൽക്കാലികമായുണ്ടാകുന്ന വൃക്കയിലെ പരിക്കുകൾ (എ.കെ.ഐ) , വൃക്കയുടെ പ്രവർത്തനം കുറച്ച് മണിക്കൂറുകളോ ദിവസങ്ങളോ കൊണ്ട് സംഭവിക്കുന്നതാണ്. ശരിയായ ചികിത്സ ലഭിക്കാത്ത പക്ഷം ജീവനു തന്നെ ഭീഷണിയാകുന്നു. എന്നാൽ കൃത്യമായ ചികിൽസ ചെയ്യുന്നത് മൂലം വൃക്കയുടെ പ്രവർത്തനം ദിവസങ്ങളോ ആഴ്ചകളോ കൊണ്ട് സാധാരണ നിലയിലേക്ക് വീണ്ടെടുക്കാം. ഇത്തരം രോഗികൾക്ക് ഉയർന്ന അളവിൽ ഊർജ്ജം ലഭിക്കേണ്ടതാണ്. ശാരീരിക പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജം, അന്നജം, കൊഴുപ്പ് ഇവയിൽനിന്ന് ലഭ്യമാക്കേണ്ടതാണ്. മാംസ്യം അഥവാ പ്രോട്ടീൻ രക്തത്തിലെ മാലിന്യങ്ങളായ യൂറിയ, ക്രിയാറ്റിൻ എന്നിവയുടെ അളവ് കൂടുന്നത് വൃക്കക്ക് അധിക ജോലി നൽകുന്ന ഇറച്ചി വർഗങ്ങളും ഓർഗൻ മീറ്റുകളും ഒഴിവാക്കുകയും ചെറു മത്സ്യങ്ങൾ, മുട്ട, പയറു വർഗങ്ങൾ തുടങ്ങിയവ മിതമായ അളവിൽ ഉൾപ്പെടുത്തുകയും ചെയ്യേണ്ടതാണ്. ശരീരത്തിലേക്ക് എത്തുന്ന അധികജലം വൃക്കകൾക്ക് പുറം തള്ളാൻ ബുദ്ധിമുട്ടായതിനാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം കുടിക്കുന്ന വെള്ളത്തിന്റെ അളവ് നിയന്ത്രിക്കണം. അമിതമായ ഉപ്പിന്റെ ഉപയോഗം ശരീരത്തിൽ വെള്ളം പിടിച്ചു നിർത്താനും തൻമൂലം ശ്വാസതടസ്സം, നീർക്കെട്ട് എന്നിവ ഉണ്ടാകാനും സാധ്യതയുണ്ട്. രോഗത്തിന്റെ ആദ്യഘട്ടത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കൂടിയിരിക്കുന്നതിനാൽ പൊട്ടാസ്യം ധാരാളം അടങ്ങിയ പഴവർഗങ്ങൾ, പഴച്ചാറുകൾ. കരിക്കിൻ വെള്ളം എന്നിവ ഒഴിവാക്കുക. വൃക്കയുടെ പ്രവർത്തനം പൂർവ സ്ഥിതിയിലായാൽ സാധാരണ ഭക്ഷണക്രമം തുടരാവുന്നതാണ്.


വളരെ നാളുകൾ നീണ്ടു നിൽക്കുന്ന വൃക്ക രോഗങ്ങളാൽ (സി.കെ.ഡി) കാലക്രമേണ വൃക്കയുടെ പ്രവർത്തനം പൂർണമായും സ്തംഭിക്കും. ഇതിനെ സ്ഥായിയായ വൃക്ക സ്തംഭനം എന്നു പറയുന്നു. പ്രമേഹം, ഉയർന്ന രക്ത സമ്മർദ്ദം, പോളിസിസ്റ്റിക് കിഡ്‌നി ഡിസീസ്, പാരമ്പര്യ രോഗങ്ങൾ, ഗ്ലോമറുലോനെഫ്രൈറ്റിസ് മുതലായവ സ്ഥായിയായ വൃക്ക സ്തംഭനത്തിലേക്ക് വഴിയൊരുക്കുന്നു. പ്രമേഹം, രക്തസമ്മർദ്ദം, കൊഴുപ്പുകളുടെ അളവ്, യൂറിക്കാസിഡ് എന്നിവ നിയന്ത്രണ വിധേയമാക്കിയാൽ ഒരു പരിധിവരെ രോഗം വരാതെ പ്രതിരോധിക്കുവാനും, രോഗം വന്നശേഷം അസുഖത്തിന്റെ തീവ്രത മന്ദീഭവിപ്പിക്കുവാനും സാധിക്കും. 
സ്ഥായിയായ വൃക്ക സ്തംഭനത്തെ അഞ്ച് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ ഘട്ടം കഴിയുമ്പോഴും വൃക്കയുടെ പ്രവർത്തനം കൂടുതൽ കൂടുതൽ മന്ദഗതിയിലാവുകയും, അവസാന ഘട്ടമാകുമ്പോൾ പൂർണമായ വൃക്ക സ്തംഭനം (ഇ.എസ്.ആർ.ഡി) സംഭവിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയിൽ ഡയാലിസിസ് അല്ലെങ്കിൽ വൃക്ക മാറ്റിവെക്കൽ (കിഡ്‌നി ട്രാൻസ്പ്ലാന്റേഷൻ) മുതലായ ചികിത്സാ രീതികൾ വേണ്ടിവരുന്നതാണ്. ശരിയായ ഭക്ഷണക്രമത്തിലൂടെയും ചികിത്സയിലൂടെയും വൃക്കരോഗത്തിന്റെ തീവ്രത കുറക്കാനും ഡയാലിസിസിലേക്ക് എത്തുന്നത് വൈകിപ്പിക്കാനും സാധിക്കും. 

 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 
സാധാരണ ഗതിയിൽ ആരോഗ്യവാനായ വ്യക്തിക്ക് 0.8 - 1 ഗ്രാം മാംസ്യം ഓരോ കിലോഗ്രാം ശരീരഭാരത്തിന് ദിവസവും അത്യാവശ്യമാണ്. എന്നാൽ വൃക്കരോഗിക്ക് 0.5 ഗ്രാം - 0.6 ഗ്രാം / കിലോഗ്രാം മതിയാകും. പ്രമേഹ രോഗമുള്ളവർക്ക് 0.6- 0.8 ഗ്രാം / കിലോഗ്രാം ആവശ്യമാണ്. ശരീരകോശങ്ങളുടെ നിർമ്മിതിക്കും വളർച്ചക്കും മുറിവുകൾ ഉണങ്ങുന്നതിനും അവശ്യ പോഷകമായതിനാൽ ഭക്ഷണത്തിൽ നിന്നും മാംസ്യത്തെ പൂർണമായും ഒഴിവാക്കാൻ പാടില്ല. പൊട്ടാസ്യത്തിന്റെ അളവ് ഓരോ രോഗിയിലും ഓരോ ഘട്ടത്തിലും വ്യത്യാസമായിരിക്കും. പച്ചക്കറികളിലെ പൊട്ടാസ്യത്തിന്റെ അളവ് കുറയ്ക്കുന്നതിനായി ധാരാളം വെളളത്തിൽ തിളപ്പിച്ചൂറ്റി (ലീച്ചിംഗ് ) ഉപയോഗിക്കാം. പൊട്ടാസ്യം ധാരാള മടങ്ങിയ മാങ്ങ, ചക്ക, നേന്ത്രപ്പഴം, തേങ്ങ,ഉണക്ക പഴങ്ങൾ ( ഡ്രൈ ഫൂട്‌സ് ), ചോക്ലേറ്റ്, കൊക്കോ പൗഡർ, ഇളനീർ എന്നിവ ഒഴിവാക്കുക. പൊട്ടാസ്യം സാധാരണ നിലയിലാണെങ്കിൽ പൊട്ടാസ്യം താരതമ്യേന കുറവുള്ള ആപ്പിൾ, കൈതച്ചക്ക, പപ്പായ ഇതിലേതെങ്കിലുമൊന്ന് 100 ഗ്രാം ദിവസേന ഉപയോഗിക്കാവുന്നതാണ്. രക്തത്തിലെ ഫോസ്ഫറസിന്റെ അളവ് വർധിക്കുന്നത് കാത്സ്യത്തിന്റെ അഭാവത്തിന് കാരണമാകുന്നു. ഫോസ്ഫറസ് അധികമായാൽ ചൊറിച്ചിൽ, രക്തയോട്ട കുറവ്, പേശീതളർച്ച, സന്ധിവേദന എന്നിവക്ക് കാരണമാകും. ഫോസ്ഫറസ് ധാരാളമടങ്ങിയ പാലും പാലുൽപന്നങ്ങളും മിതമായി കഴിക്കുകയും, ബേക്കറി സാധനങ്ങൾ, കാർബണേറ്റഡ് പാനീയങ്ങൾ മുതലായവ പൂർണമായും ഒഴിവാക്കുകയും ചെയ്യുക. ഉപ്പ് ധാരാളമടങ്ങിയ പപ്പടം, അച്ചാറുകൾ, ഉണക്കമീനുകൾ, സാൾട്ടഡ് ചിപ്‌സ്, നട്‌സ്, പ്രിസർവേറ്റീസ് അടങ്ങിയ സ്‌ക്വാഷ്, ടിൻ ഫുഡ്‌സ് എന്നിവയും ഒഴിവാക്കേണ്ടതാണ്. രോഗിയുടെ മൂത്രത്തിന്റെ അളവനുസരിച്ചാണ് കുടിക്കേണ്ട വെള്ളത്തിന്റെ അളവ് നിശ്ചയിക്കുന്നത്. അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകരൂപത്തിലുള്ള എല്ലാ പദാർത്ഥങ്ങളും വെള്ളമായി പരിഗണിക്കേണ്ടതാണ്. ഇപ്രകാരം ചായ, പാൽ, കറി, കഞ്ഞി , ഓട്‌സ് ഇവയെല്ലാം വെള്ളത്തിന്റെ കൂട്ടത്തിൽ ഉൾപ്പെടുത്തേണ്ടതാണ്.


രക്തത്തിലെ പ്രോട്ടീൻ ശരിയായവണ്ണം വൃക്കക്ക് അരിക്കാൻ പറ്റാതാവുകയും മൂത്രത്തിലൂടെ നഷ്ടമാവുകയും ചെയ്യുന്ന അവസ്ഥയാണ് നെഫ്രോട്ടിക് സിൻഡ്രോം. മുതിർന്നവരിൽ അപൂർവ്വമായി കാണപ്പെടുമെങ്കിലും കുട്ടികളിലാണ് ഈ അസുഖം സാധാരണ കണ്ടുവരുന്നത്. രക്തത്തിൽ ഉയർന്ന കൊളസ്‌ട്രോൾ ഈ അസുഖത്തിൽ കണ്ടു വരുന്നു. വളർച്ചയുടെ പ്രധാന ഘട്ടമായ കുട്ടിക്കാലത്ത് മാംസ്യത്തിന്റെ അഭാവം പ്രതികൂലമായി ബാധിക്കുന്നതിനാൽ മിതമായ രീതിയിൽ പ്രോട്ടീൻ ഉൾപ്പെടുത്തേണ്ടതാണ്. ശരീരത്തിൽ നീരുള്ള അവസ്ഥയിൽ വെള്ളം, ഉപ്പ് ഇവ നിയന്ത്രിക്കേണ്ടതാണ്. ദിവസം ഉപ്പിന്റെ അളവ് 2-3 ഗ്രാമിൽ കൂടുതലാകരുത്. ഈ അവസ്ഥകൾ എല്ലാം ഡയലിസിസിലേക്ക് എത്തിയാൽ പ്രോട്ടീന്റെ അളവ് കൂട്ടേണ്ടതാണ്. ഓരോ ഡയാലിസിസിലും 10-12 ഗ്രാം അമിനോആസിഡ് നഷ്ടമാകുന്നു. ഇപ്രകാരം നഷ്ടമാകുന്ന പ്രോട്ടീൻ തിരികെ ശരീരത്തിൽ എത്താത്തപക്ഷം രോഗിയുടെ ജീവൻ തന്നെ അപകടത്തിലാകാം. ഹീമോ ഡയാലിസിസ് ചെയ്യുന്ന വ്യക്തിക്ക് 1 - 1.2ഗ്രാമും, പെരിട്ടോണിയൽ ഡയാലിസിസ് ചെയ്യുന്ന വ്യക്തിക്ക് 1.5 ഗ്രാം എന്ന തോതിൽ അനുയോജ്യമായ ശരീരഭാരത്തിന് (എൽ.ബി.ഡബ്യൂ) അനുസരിച്ച് ദിവസേന നൽകേണ്ടതാണ്. വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയ കഴിഞ്ഞ വ്യക്തിക്ക് ഉപ്പും കൊഴുപ്പും കുറഞ്ഞ സമീകൃത ആഹാരം കഴിക്കാവുന്നതാണ്. ആഹാര ശുചിത്വവും വ്യക്തി ശുചിത്വവും ശീലമാക്കുക. വേവിച്ച ഭക്ഷണങ്ങൾക്ക് പ്രാധാന്യം നൽകുക. പാസ്റ്ററൈസ് ചെയ്ത പാൽ, പാൽ ഉൽപന്നങ്ങൾ ഉപയോഗിക്കാവുന്നതാണ്. 1- 1.2 ഗ്രാം മാംസ്യവും 30- 35 കാലറി ഊർജ്ജവും ഓരോ കിലോഗ്രാമിനനുസരിച്ച് ദിവസവും ആവശ്യമാണ്. ഇത്തരം വ്യക്തികൾ ശരീര ഭാരം ശരിയായി നിലനിർത്തുക, രക്തത്തിലെ പഞ്ചസാര, രക്തസമ്മർദം, കൊളസ്‌ട്രോൾ ഇവ നിയന്ത്രിക്കേണ്ടതാണ്. അരി ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും നാരടങ്ങിയ ഭക്ഷണങ്ങളുടെ അളവ് കൂട്ടുകയും ചെയ്യുക. എണ്ണയിൽ ഭക്ഷണങ്ങൾ പാകം ചെയ്യുന്നതിന് പകരം ആവിയിൽ വേവിച്ചതോ പുഴുങ്ങിയതോ ബെയ്ക്ക് ചെയ്തതോ ആയ പാചക രീതികൾ തിരഞ്ഞെടുക്കുക.
ഓരോ രോഗിയും വ്യത്യസ്തനാണ്. അവരവരുടെ രോഗാവസ്ഥക്ക് ഇണങ്ങുന്ന ഭക്ഷണക്രമീകരണം പിന്തുടരേണ്ടതാണ്. നല്ലൊരു ജീവിതത്തിലേക്കായ് നല്ലൊരു ഭക്ഷണ രീതി തിരഞ്ഞെടുക്കുക.

 (കോഴിക്കോട്. ഇഖ്‌റ ഇന്റർനാഷണൽ ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്ററിലെ സീനിയർ ഡയറ്റീഷനാണ് ലേഖിക)
 

Latest News