ഒരു റിയാൽ നോട്ട്  ഓർമയാകുന്നു 

റിയാദ്- ഒരു റിയാൽ നോട്ട് വൈകാതെ ഓർമയായി മാറും. ഒരു റിയാൽ നോട്ട് പടിപടിയായി പിൻവലിക്കുന്നതിന് രാജ്യത്തെ ബാങ്കുകൾക്ക് കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി (സാമ) നിർദേശം നൽകി. ഒരു റിയാൽ നോട്ടിന് പകരം ഒരു റിയാലിന്റെയും രണ്ടു റിയാലിന്റെയും നാണയങ്ങൾ പ്രചാരത്തിലാക്കാനാണ് തീരുമാനം. അധിക ബാങ്കുകൾക്കും സൗദി അറേബ്യൻ മോണിട്ടറി ഏജൻസിയിൽനിന്ന് നാണയ ശേഖരം ലഭിച്ചിട്ടുണ്ട്. ഒരു റിയാൽ നോട്ടുകളുടെ ശേഖരം എണ്ണി തിട്ടപ്പെടുത്തുന്നതിനുള്ള നടപടികൾ ബാങ്കുകൾ ആരംഭിച്ചിട്ടുണ്ട്. ഒരു റിയാൽ നോട്ട് വിപണിയിൽനിന്ന് പിൻവലിക്കുമെന്ന് ഒക്‌ടോബറിൽ സാമ അറിയിച്ചിരുന്നു. എ.ടി.എമ്മുകൾ വഴി ഒരു റിയാൽ, രണ്ടു റിയാൽ നാണയങ്ങൾ വിതരണം ചെയ്യുന്നതിനും ഡെപ്പോസിറ്റ് മെഷീനുകൾ വഴി നാണയങ്ങൾ സ്വീകരിക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ ബാങ്കുകൾ ഏർപ്പെടുത്തും. ഇതിന് ആവശ്യമായ മാറ്റങ്ങൾ എ.ടി.എമ്മുകളിൽ വരുത്തുന്നതിന് ആറു മാസമെങ്കിലും സമയമെടുക്കുമെന്നാണ് കരുതുന്നത്. 


 

Latest News