പാലക്കാട്- ബിജെപി ഒദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ഇ. ശ്രീധരൻ പാലക്കാട്ട് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. ജയിച്ചാല്‍ രണ്ടുവർഷത്തിനകം പാലക്കാടിനെ മികച്ച നഗരമാക്കുമെന്ന് വെള്ളിയാഴ്ച രാവിലെ പാലക്കാട്ടെത്തിയ ശ്രീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
താൻ പഠിച്ചതും താമസിച്ചതും പാലക്കാട് നഗരത്തിലാണ്. വിവാദങ്ങളല്ല വികസനമാണ് തന്റെ പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ യുവാക്കളിലാണ് തന്റെ പ്രതീക്ഷ. പ്രായകൂടുതൽ അനുഭവ സമ്പത്താകുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ രാഷ്ട്രീയത്തിൽ ഇറങ്ങാൻ സാഹചര്യം ഉണ്ടായിരുന്നില്ല. 67 കൊല്ലം സർക്കാരിനെ സേവിച്ചു. ജനസേവനത്തിന്റെ മറ്റൊരു മേഖലയായിരുന്നു അത്. ഇപ്പോൾ ആ മേഖല അവസാനിപ്പിച്ച് പുതിയ രംഗത്തേക്ക് വരുന്നു. ദൽഹി, കൊച്ചി തുടങ്ങി രാജ്യത്തെ എല്ലാ മെട്രോ റെയിൽവേയും പ്രാവർത്തികമാക്കുന്നതിന് സാധിച്ചെന്നും ശ്രീധരൻ കൂട്ടിച്ചേർത്തു.
പൊന്നാനിയിലെ വീട്ടിൽ നിന്ന് ബിജെപി പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയ ശ്രീധരന് ജില്ലാ പ്രസിഡന്റ് കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിൽ സ്വീകരണം നല്കി.






