റിയാദ് - സൗദി അറേബ്യയില്‍നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ മെയ് 17 മുതല്‍ പുനരാരംഭിക്കുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കിയതോടെ ഏതു നിമിഷവും ഇന്ത്യയില്‍നിന്ന് സൗദിയിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുമെന്ന പ്രതീക്ഷ മങ്ങി.
ഇന്ത്യക്ക് ജി.സി.സിയിലെ മറ്റു രാജ്യങ്ങളുമായി ഉള്ളതുപോലെ സൗദിയുമായി ഇനിയൊരു എയര്‍ ബബിള്‍ കരാറിനുള്ള സാധ്യതയും കാണുന്നില്ലെന്നാണ് ട്രാവല്‍ രംഗത്തുള്ളവര്‍ പറയുന്നത്. അന്താരാഷ്ട്ര സര്‍വീസ് നേരത്തെ പുനരാരംഭിക്കാന്‍ ഇനിയെന്തെങ്കിലും അത്ഭുതം സംഭവിക്കണം. ഇരു രാജ്യങ്ങള്‍ തമ്മില്‍ പരിമിത വിമാന സര്‍വീസ് ആരംഭിക്കുന്നതിന് നേരത്തെ കേന്ദ്ര വിദേശ മന്ത്രാലയവും സൗദിയിലെ ഇന്ത്യന്‍ എംബസിയും ശ്രമം നടത്തിയിരുന്നെങ്കിലും ഇന്ത്യയും യു.എ.ഇയുമടക്കം ഇരുപത് രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് പുതിയ വിലക്ക് പ്രാബല്യത്തിലായതോടെ അത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. അന്താരാഷ്ട്ര സര്‍വീസ് സാധാരണ നിലയിലാകാന്‍ രണ്ടു മാസം ബാക്കിനില്‍ക്കെ എയര്‍ബബിള്‍ കരാറിനുള്ള സമ്മര്‍ദം തുടരുമോ എന്നു കണ്ടറിയണം. സൗദി പ്രവാസികളുടെ യാത്ര ദുരിതത്തിന് കേന്ദ്ര സര്‍ക്കാരും വ്യോമയാന മന്ത്രാലയവും എത്രമാത്രം പ്രാധാന്യം നല്‍കുന്നുണ്ടെന്നും വ്യക്തമല്ല. കേരളത്തില്‍നിന്നുള്ള നേതാക്കളും എം.പിമാരും ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.
സാധാരണ വിമാന സര്‍വീസുകള്‍ക്ക് തടസ്സം നേരിടുമ്പോള്‍ ഇരു രാജ്യങ്ങള്‍ തമ്മില്‍ പരിമിത വിമാന സര്‍വീസ് ഏര്‍പ്പെടുത്തതിനാണ് എയര്‍ ബബിള്‍ കരാറുകളിലെത്താറുള്ളത്. സൗദി ഒഴികെ ജി.സി.സിയിലെ അഞ്ച് രാജ്യങ്ങളുമായും നിലവില്‍ ഇന്ത്യക്ക് എയര്‍ ബബിള്‍ കരാറുണ്ട്.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
മെയ് 17ന് രാജ്യത്തെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളും തുറക്കുമെന്നും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കം ചെയ്യുമെന്നുമാണ് എയര്‍ലൈന്‍ കമ്പനികള്‍ക്കായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍- ജി.എ.സി.എ കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്. മെയ് 17 പുലര്‍ച്ചെ ഒരു മണി മുതലാണ് തീരുമാനം നടപ്പില്‍ വരിക.
അതേസമയം കോവിഡ് വ്യാപനം ഉയര്‍ന്ന തോതില്‍ നിലനില്‍ക്കുന്നതിനാല്‍ ഉന്നതതല സമിതി യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് ഈ തീരുമാനം ബാധകമല്ലെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. കോവിഡ് വ്യാപനം വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യയടക്കമുള്ള 20 രാജ്യങ്ങള്‍ക്ക് ഏറ്റവും ഒടുവില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
വിലക്ക് നീക്കുമ്പോഴും രാജ്യത്ത് നിലനില്‍ക്കുന്ന കര്‍ശന കോവിഡ് പ്രതിരോധ പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാവും സര്‍വീസുകള്‍ പുനരാരംഭിക്കേണ്ടെതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.
നേരത്തെ മാര്‍ച്ച് 31 ന് വിമാന യാത്രാ നിയന്ത്രണം നീക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് ജി.എ.സി.എ ആ തീരുമാനം നീട്ടുകയായിരുന്നു. വിമാനങ്ങള്‍ക്കു പുറമെ കര, കടല്‍ മാര്‍ഗങ്ങളിലേക്ക് സൗദി അറേബ്യയിലേക്ക് വരാനും പോകാനുമുള്ള വിലക്കും മാര്‍ച്ച് 31 ല്‍നിന്ന് മെയ് 17 ലേക്ക് നീട്ടിയിരുന്നു.
സൗദിയില്‍നിന്ന് കേരളത്തിലേക്ക് പോകുന്നതിന് നിലവില്‍ വന്ദേഭാരതും ചാര്‍ട്ടേഡ് സര്‍വീസുകളും ലഭ്യമാണെങ്കിലും യാത്ര പുറപ്പെടുന്നതിനു മുമ്പ് 14 ദിവസംവരെ ഇന്ത്യയില്‍ തങ്ങിയവരാകരുതെന്ന നിബന്ധനയുള്ളതിനാല്‍ നാലു രാജ്യങ്ങളില്‍ 14 ദിവസം താമസിച്ചാണ് ഇപ്പോള്‍ പ്രവാസികള്‍ മടങ്ങുന്നത്. ബഹ്‌റൈന്‍, ഒമാന്‍, നേപ്പാള്‍, മാലിദ്വീപ് എന്നീ രാജ്യങ്ങള്‍ വഴിയാണ് കേരളത്തിലെ ട്രാവല്‍ ഏജന്‍സികള്‍ യാത്ര സൗകര്യം ഒരുക്കുന്നത്. നാലു രാജ്യങ്ങളിലും താമസവും വിസയുമടക്കമുള്ള കാര്യങ്ങള്‍ക്ക് ഏതാണ്ട് ഒരേ തുകയാണ് ഈടാക്കുന്നത്. നേപ്പാളില്‍ തുടക്കത്തില്‍ ചെലവ് കുറവായിരുന്നു. നേപ്പാളിന്റെ ദേശീയ വിമാന കമ്പനിയായ ഹിമാലയന്‍ എയര്‍ലൈന്‍സ് ഇന്ത്യക്കാരെ കൊണ്ടുപോകില്ലെന്ന നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിലും ഖത്തര്‍ എയര്‍വേസ് സര്‍വീസുകളുണ്ട്.
നിലവില്‍ ദുരിതങ്ങള്‍ സഹിച്ചാണ് സൗദിയിലെത്തുന്നതെന്നും യു.എ.ഇ വിലക്ക് നീക്കിയെങ്കില്‍ അതെങ്കലും അല്‍പം സഹായകമാകുമെന്ന് പ്രവാസികള്‍ പറയുന്നു.
തിരിച്ചുവരുമ്പോള്‍ ഏതെങ്കിലും രാജ്യത്ത് ക്വാറന്‍റൈനില്‍ കഴിയേണ്ടതിനാല്‍ ഒന്നോ രണ്ടോ മാസം വേതനമില്ലാത്ത അവധിയെടുത്താണ് പലരും നാട്ടിലേക്ക് പോകുന്നത്.