വാട്‌മോർ  നൽകിയ പോസിറ്റീവ് എനർജി

രഞ്ജി ക്രിക്കറ്റ് ക്വാർട്ടറിൽ കടന്ന കേരള ടീമിന്റെ സെൽഫി ചിത്രം.  

ഹരിയാനക്കെതിരെ ഇന്നിംഗ്‌സ് ജയവുമായി ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാർട്ടറിലേക്ക് കാലെടുത്തുവെക്കുമ്പോൾ ഒരിക്കലും മറക്കാനാവാത്ത ഒരു വ്യക്തിയുണ്ട്. കോച്ച് ഡേവ് വാട്ട്‌മോർ, അതെ, ശ്രീലങ്കയെ ലോകകപ്പ് വിജയത്തിലേക്കുവരെ നയിച്ച ഓസ്‌ട്രേലിയക്കാരൻ.
വാട്‌മോർ പകർന്നുനൽകിയ പോസിറ്റീവ് എനർജിയാണ് സാധാരണ ടീമായ കേരളത്തെ ഇന്ത്യയിലെ ക്രിക്കറ്റ് ശക്തികളുടെ ഗണത്തിലേക്കുയർത്തിയത്. കളിക്കാരെ എപ്പോഴും പ്രോൽസാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക, അവരുടെ വീഴ്ചകളിൽ പോലും കുറ്റം പറയാതെ ആശ്വസിപ്പിക്കുകയും അടുത്ത മത്സരത്തിൽ മെച്ചപ്പെടുന്നതിന് വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യുക ഇതൊക്കെയാണ് വാട്‌മോറിന്റെ ശൈലി. 
ഓരോ കളിക്കാർക്കും ടാർഗറ്റ് വെച്ച് അതിലേക്കെത്താൻ വേണ്ടി സമ്മർദം ചെലുത്തുന്നത് അദ്ദേഹത്തിനിഷ്ടമല്ല. മറിച്ച് ടീമിൽ മൊത്തത്തിൽ പോസിറ്റീവ് എനർജി നിറച്ച് ഓരോ കളിക്കാരനും സമ്മർദമില്ലാതെ കളിക്കാനുള്ള അവസരം സൃഷ്ടിക്കും. അങ്ങനെ കളിക്കുമ്പോൾ കളിക്കാരിൽനിന്ന് പരമാവധി പ്രകടനം സ്വാഭാവികമായി തന്നെ പുറത്തുവരുമെന്ന് അദ്ദേഹത്തിനറിയാം. ഓരോ കളിക്കാരനും തന്റെ കഴിവിന്റെ പരമാവധി നൽകുമ്പോൾ ടീമിന്റെ പ്രകടനം മൊത്തത്തിൽ മെച്ചപ്പെടും. അതാണ് ഈ രഞ്ജി സീസണിൽ കേരളത്തിന്റെ പ്രകടനത്തിൽ കണ്ടതും.

ഫോം മോശമായും, വിവാദങ്ങളിൽപെട്ടും ഇടക്ക് മങ്ങിപ്പോയ സഞ്ജു സാംസണെ വീണ്ടും ഊർജസ്വലനാക്കിയത് വാട്‌മോറിന്റെ തന്ത്രമാണ്. സൽമാൻ നിസാർ, സിജോമോൻ ജോസഫ്, കെ.സി അക്ഷയ് എന്നിവരുടെ കഴിവുകൾ കണ്ടെത്തി വേണ്ട പ്രോൽസാഹനം നൽകി. 
മത്സരത്തിനിടെ പിഴവുകൾ വരുത്തുന്ന കളിക്കാരോടുപോലും സൗമ്യമായേ അദ്ദേഹം പ്രതികരിക്കാറുള്ളു. ഇത് കളിക്കാരുടെ മാനസികസമ്മർദം ലഘൂകരിക്കുകയും, അടുത്ത കളിയിൽ പ്രകടനം മെച്ചപ്പെടുത്താനുള്ള വാശി കൂട്ടുകയും ചെയ്യുന്നു. മുമ്പ് ശ്രീലങ്കയുടെയും ബംഗ്ലാദേശിന്റെയും പരിശീലകനായിരുന്നപ്പോഴും അദ്ദേഹത്തിന്റെ സമീപനം ഇതായിരുന്നു. വാട്‌മോർ കോച്ചായിരുന്നപ്പോൾ ഈ രണ്ടു ടീമുകളുടെയും സമീപനത്തിൽ വന്ന മാറ്റം ലോകം കണ്ടതാണ്. 
ഓരോ ദൗത്യവും ഒരു വെല്ലുവിളിയായാണ് വാട്‌മോർ ഏറ്റെടുക്കുന്നതും. മികച്ച കളിക്കാരുണ്ടായിട്ടും രഞ്ജി ട്രോഫിയിൽ ഒരു പരിധിയിലപ്പുറത്തേക്ക് ഉയരാൻ കഴിയാതിരുന്ന കേരളത്തെ അതിന് പ്രാപ്തമാക്കുക എന്നതായിരുന്നു അദ്ദേഹം ഏറ്റെടുത്തിരിക്കുന്ന അവസാനത്തെ ചാലഞ്ച്. ക്വാർട്ടറിലെത്തിയതോടെ ടീമിന് കൈവന്ന ആത്മവിശ്വാസം തന്നെ വാട്‌മോർ നൽകിയ സംഭാവനയാണ്.
കളിയിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളാണ് അദ്ദേഹത്തിന്റെ മറ്റൊരു ആയുധം. ഹരിയാനക്കെതിരെ റോത്തക്കിലെ പേസ് അനുകൂല പിച്ചിൽ കളിക്കാൻ യുവ പെയ്‌സ് ബൗളർ വിനോദ് കുമാറിനെ ടീമിൽ ഉൾപ്പെടുത്തിയത് അദ്ദേഹത്തിന്റെ തന്ത്രമാണ്. അത് വിജയിക്കുകയും ചെയ്തു. കേരളം ബാറ്റ് ചെയ്യവേ നൈറ്റ് വാച്ച്മാനായി ബേസിൽ തമ്പിയെ ഇറക്കിയതും മറ്റൊരു തന്ത്രം. ബേസിൽ തമ്പി അതിവേഗം സ്‌കോർ ചെയ്ത് കേരളത്തെ സുരക്ഷിത ലീഡിലേക്ക് നയിച്ചു. വാട്‌മോറിന്റെ ആ തന്ത്രമാണ് കേരളത്തിന്റെ ഇന്നിംഗ്‌സ് ജയത്തിന് അടിത്തറയായത്. 
തമിഴ്‌നാട്ടിലെ രാമചന്ദ്ര യൂനിവേഴ്‌സിറ്റിയിൽ കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുമ്പോഴാണ് വാട്‌മോറിനെ തേടി കേരള കോച്ച് എന്ന വെല്ലുവിളി എത്തുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ എത്തി അഭ്യർഥന നടത്തിയപ്പോഴേ ഇതൊരു വെല്ലുവിളി ആയിരിക്കുമെന്ന് വാട്‌മോറിന് ബോധ്യമായി. അതുകൊണ്ടുതന്നെ അദ്ദേഹം അത് ഏറ്റെടുക്കാനും തയാറായി. ആദ്യമായി ക്വാർട്ടറിലേക്ക് കടക്കുന്ന കേരളത്തിന് ഇനി എന്താണ് അദ്ദേഹത്തിൽനിന്ന് പ്രതീക്ഷിക്കാനുള്ളത്, 'വാട് മോർ'.

Latest News