നെയ്മാറിന്റെ പ്രതിഫലം ലോകത്തെ ഏഴ് മികച്ച വനിതാ ഫുട്‌ബോൾ ലീഗുകളിലെ 1693 കളിക്കാരികൾക്ക് കിട്ടുന്നതിനേക്കാൾ കൂടുതൽ
പുരുഷന്മാർക്കൊപ്പം വനിതകളും ഫുട്‌ബോൾ കളിക്കുന്നുണ്ടെങ്കിലും ലോകത്ത് ജനപ്രീതി പുരുഷ ഫുട്‌ബോളിനുതന്നെ. യൂറോപ്യൻ ലീഗുകളിലെ പ്രമുഖ ക്ലബ്ബുകളിലെ സാധാരണ കളിക്കാരെ പോലും ലോകമറിയും. മെസ്സിയെയും നെയ്മാറെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും പോലുള്ള സൂപ്പർ താരങ്ങളുടെ കാര്യം പറയുകയും വേണ്ട. എന്നാൽ ലോകത്തെ മികച്ച വനിതാ ഫുട്‌ബോളർ ഹോളണ്ടിന്റെ ലീകെ മാർട്ടൻസിനെ എത്രപേർക്കറിയും.അതുപോലെതന്നെയാണ് പ്രതിഫലത്തിന്റെ കാര്യവും.
ഈയിടെ റിക്കാർഡ് തുകക്ക് ബാഴ്‌സലോണയിൽനിന്ന് പാരീസ് സെന്റ് ജെർമനിലേക്ക് മാറിയ നെയ്മാറിന് കിട്ടുന്ന പ്രതിഫലം, വനിതാ ഫുട്‌ബോളിൽ ലോകത്തെ ഏറ്റവും പ്രമുഖമായ ഏഴ് ഫുട്‌ബോൾ ലീഗുകളിലും കൂടി കളിക്കുന്ന കളിക്കാർക്ക് മൊത്തത്തിൽ കിട്ടുന്നില്ല. സ്‌പോർട്ടിംഗ് ഇന്റലിജൻസ് പുറത്തുവിട്ട ഏറ്റവും പുതിയ വാർഷിക പഠന റിപ്പോർട്ടിലാണ് ഫുട്‌ബോൾ പ്രതിഫല കാര്യത്തിലെ സ്ത്രീ പുരുഷ അന്തരത്തിലെ ഈ ഭീമമായ വ്യത്യാസം തുറന്നുകാട്ടുന്നത്.
222 മില്യൺ യൂറോക്കായിരുന്നു (1700 കോടിയോളം രൂപ) നെയ്മാറിന്റെ ട്രാൻസ്ഫർ. 2017-18 സീസണിൽ ബ്രസീലിയൻ സ്‌ട്രൈക്കറുടെ പ്രതിഫലത്തുക മാത്രം 32.9 മില്യൺ യൂറോയാണ് (250 കോടിയിലേറെ രൂപ). ഇത് പി.എസ്.ജിക്കുവേണ്ടി കളിക്കുന്നതിന് കിട്ടുന്ന പ്രതിഫലം മാത്രമാണ്. പരസ്യങ്ങളിലൂടെ ലഭിക്കുന്ന കോടികൾ ഇതിലും കൂടുതലാണ്. പരസ്യ വരുമാനം പോകട്ടെ പി.എസ്.ജിയിൽനിന്ന് നെയ്മാറിന് ലഭിക്കുന്ന പ്രതിഫലത്തുക ഫ്രാൻസ്, ജർമനി, ഇംഗ്ലണ്ട്, യു.എസ്, സ്വീഡൻ, ഓസ്‌ട്രേലിയ, മെക്‌സിക്കോ എന്നിവിടങ്ങിലെ വനിതാ ഫുട്‌ബോൾ ലീഗുകളിൽ കളിക്കുന്ന 1693 കളിക്കാർക്ക് കിട്ടുന്ന മൊത്തം പ്രതിഫലത്തുകയേക്കാൾ കൂടുതലാണ്.
കളിക്കാർക്ക് പ്രതിഫലം നൽകുന്ന കാര്യത്തിൽ ലോകത്ത് അഞ്ചാം സ്ഥാനത്താണ് പി.എസ്.ജി. നെയ്മാറിന്റെ തന്നെ മുൻ ക്ലബ്ബായ ബാഴ്‌സലോണ മാത്രമേ ഫുട്‌ബോളിൽനിന്ന് ഇക്കാര്യത്തിൽ അവർക്കു മേലെയുള്ളു. ഒരു കളിക്കാരന് ശരാശരി 6.4 മില്യൺ യൂറോയാണ് പി.എസ്.ജി നൽകുന്ന വാർഷിക പ്രതിഫലം. എന്നാൽ വനിതാ ഫുട്‌ബോളിന്റെ ഏറ്റവും കൂടുതൽ പ്രതിഫലം നൽകുന്ന ഫ്രാൻസിലെ ലിയോൺ ക്ലബ് ഒരു താരത്തിന് കൊടുക്കുന്ന ശരാശരി പ്രതിഫലം 1.45 ലക്ഷം യൂറോ മാത്രം.
ലോകത്തെ ഏറ്റവും പണക്കൊഴുപ്പുള്ള ഫുട്‌ബോൾ ലീഗാണ് ഇംഗ്ലീഷ് പ്രിമിയർ ലീഗ്. ഇ.പി.എല്ലിലെ 20 ക്ലബ്ബുകളിലെ കളിക്കാർക്ക് ലഭിക്കുന്ന ശരാശരി വാർഷിക പ്രതിഫലം 2.64 മില്യൺ യൂറോ. എന്നാൽ അവിടത്തെ വനിതാ സൂപ്പർ ലീഗിൽ ഇത് വെറും 26,752 യൂറോയും.
കായിക മേഖലയിലെ പ്രതിഫലത്തിന്റെ കാര്യത്തിലുള്ള സ്ത്രീ പുരുഷ അന്തരം എക്കാലത്തും വലിയ ചർച്ചാ വിഷയമാണ്. ഫുട്‌ബോളിൽ ഈ അന്തരം വളരെ കൂടുതലാണുതാനും. ടെന്നിസിലും മറ്റുമാണ് പുരുഷന്മാർക്കു കിട്ടുന്നതിനൊപ്പം പ്രതിഫലം സ്ത്രീകൾക്ക് ലഭിക്കുന്നത്.
വനിതകളോടുള്ള ഈ വിവേചനം ബന്ധപ്പെട്ട സ്‌പോർട്‌സ് ഭരണ സമിതികൾ ഗൗരവത്തിലെടുക്കേണ്ട വിഷയമാണെന്ന് വിമൻ ഇൻ സ്‌പോർട്‌സ് ചാരിറ്റി ചീഫ് എക്‌സിക്യുട്ടീവ് റൂത്ത് ഹോൾഡവേ പറയുന്നു. പുരുഷ കായികതാരങ്ങൾക്ക് തുല്യമായി വനിതകളെയും വിലമതിക്കാൻ സ്‌പോർട്‌സ് ഗവേണിംഗ് ബോഡികൾ തയാറാവണമെന്ന് അവർ ആവശ്യപ്പെട്ടു. ഇത് തുല്യ പ്രതിഫലത്തിന്റെ കാര്യം മാത്രമല്ല, സമൂഹത്തിൽ സ്ത്രീകൾ എത്രത്തോളം വിലമതിക്കപ്പെടുന്നു എന്നതിന്റെ സന്ദേശം കൂടിയാണ്.
ഇക്കാര്യത്തിൽ മാതൃക കാട്ടിയത് ടെന്നിസിലെ ലോകകപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന വിംബിൾഡണാണ്. അവിടെ പുരുഷ വനിതാ ചാമ്പ്യന്മാരുടെ പ്രതിഫലത്തുക ഏതാനും വർഷങ്ങൾക്കുമുമ്പ് തുല്യമാക്കി. പുരുഷന്മാർക്ക് കൂടുതൽ കായികാധ്വാനം വേണ്ട വിധത്തിലാണ് മത്സര ക്രമമെങ്കിൽപോലും. പുരുഷന്മാരുടെ മത്സരങ്ങൾ ബെസ്റ്റ് ഓഫ് ഫൈവ് സെറ്റ് ക്രമത്തിലാണെങ്കിൽ വനിതകളുടേത് ബെസ്റ്റ് ഓഫ് ത്രീ ക്രമത്തിലാണ്. എന്നാൽ ഇരുവിഭാഗത്തിലെയും കളിക്കാർ തങ്ങളുടെ കഴിവിന്റെ പരമാവധി പ്രയത്‌നിക്കുന്നു എന്നത് കണക്കിലെടുത്താണ് തുല്യ പ്രതിഫലം നൽകുന്നത്. 2.2 മില്യൺ പൗണ്ട് വീതമായിരുന്നു ഈ വർഷം ചാമ്പ്യന്മാരായ റോജർ ഫെദരർക്കും, ഗർബീൻ മുഗുരുസക്കും ലഭിച്ച സമ്മാനത്തുക. വനിതാ ടെന്നിസ് താരങ്ങൾക്ക് വനിതാ ഫുട്‌ബോൾ താരങ്ങളേക്കാൾ വളരെയേറെ ജനപ്രീതിയുമുണ്ട്.
(കടപ്പാട് ഗാർഡിയൻ)






