വാഷിംഗ്ടണ്‍- അമേരിക്കയില്‍ പ്രസിഡന്റിന്റെ വിമാനം നിര്‍ത്തിയിട്ട സൈനിക താവളത്തില്‍ കയറിയ അജ്ഞാതന്‍ അഞ്ച് മണിക്കൂറോളം ചെലവഴിച്ചു. സ്വന്തമായി വീടില്ലാത്തയാളെന്നല്ലാതെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
നിരവധി സുരക്ഷാ സംവിധാനങ്ങള്‍ മറികടന്നാണ് ഇയാള്‍ സൈനിക താവളത്തില്‍ പ്രവേശിച്ചതെന്ന് എയര്‍ഫോഴ്സ് സമ്മതിച്ചു.
കഴിഞ്ഞ മാസമായിരുന്നു സംഭവം. ആന്‍ഡ്ര്യൂസ് ജോയിന്റ് ബേസില്‍ പ്രവേശിച്ച അജ്ഞാതന്‍ ടാര്മാക്കിലുണ്ടായിരുന്ന സി-40 ചരക്കുവിമാനത്തിന്റെ അടുത്തെത്തിയിരുന്നുവെങ്കിലും പ്രസിഡന്റിനായുള്ള ഏയര്ഫോഴ്സ് വണ്‍ വിമാനത്തിനോ പ്രതിരോധ മന്ത്രിക്കായുള്ള ബോയിംഗ്747 നോ സമീപത്ത് എത്തിയിരുന്നില്ലെന്ന് എയര്‍ഫോഴ്സ് ഇന്‍സ്പെക്ടര്‍ ജനറല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു.
വാഷിംഗ്ടണിന് തെക്കാണ് പ്രസിഡന്റ്, പ്രതിരോധ സെക്രട്ടറി, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ സഞ്ചരിക്കാറുള്ള വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സൈനിക ബേസ്. ഇവിടെ തന്നെയാണ് രാഷ്ട്രത്തലവന്മാരടക്കമുള്ള വി.ഐ.പികള്‍ വന്നിറങ്ങാറുള്ളതും. ഇക്കാരണങ്ങളാല്‍ അതീവ സുരക്ഷയുള്ള കേന്ദ്രത്തിലേക്കാണ് ഒരാള്‍ നിഷ്പ്രയാസം കടന്നു ചെന്നത്.
അജ്ഞാതന്‍ കാറോടിച്ചെത്തി അഞ്ച് മണിക്കൂറോളം സൈനിക താവളത്തില്‍ ചെലവഴിച്ച സംഭവം അക്ഷരാര്‍ഥത്തില്‍ യു.എസ് അധികൃതരെ ഞെട്ടിച്ചിരിക്കയാണ്. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.