അബുദാബി- കഴിഞ്ഞ വര്‍ഷം നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കിയ ഇസ്രായിലില്‍ ആയിരം കോടി ഡോളറിന്റെ നിക്ഷേപം നടത്താനൊരുങ്ങി യു.എ.ഇ. ഇസ്രായിലിലെ വിവിധ മേഖലകളിലാണ് ഇത്രയും തുക നിക്ഷേപിക്കുക.
അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് പ്രഖ്യാപനം. നെതന്യാഹു നടത്താനിരുന്ന യു.എ.ഇ സന്ദര്‍ശനം മുടങ്ങിയതിനെ തുടര്‍ന്നാണ് ഇരുവരും ടെലിഫോണ്‍ സംഭാഷണം നടത്തിയത്. ജോര്‍ദാനു മുകളിലൂടെ വിമാനം പറക്കാനുള്ള അനുമതി വൈകിയതിനെ തുടര്‍ന്നാണ് സന്ദര്‍ശനം നീട്ടിവെച്ചത്.
ഊര്‍ജം, നിര്‍മാണം, ജലം, ബഹിരാകാശം, ആരോഗ്യം, അഗ്രി-ടെക് തുടങ്ങിയ മേഖലകളിലാണ് ഇസ്രായിലിനോടൊപ്പം യു.എ.ഇ നിക്ഷേപം നടത്തുക. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തമാക്കുന്നതിന് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് പിന്തുണ നല്‍കും.
സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നാണ് ഫണ്ട് സ്വരൂപിക്കുകയെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാമില്‍ നല്‍കിയ പ്രസ്താവനയില്‍ യു.എ.ഇ വ്യക്തമാക്കി.