തൃക്കാക്കരയിൽ പി.ടി. തോമസിന് കത്തിവെക്കാൻ ഈ അസ്ഥിരോഗ വിദഗ്ധന് കഴിയുമോ?

സ്ഥാനാർഥി പരിചയം : ഡോ. ജെ. ജേക്കബ് -തൃക്കാക്കര

കൊച്ചി - തൃക്കാക്കരയിൽ ഇടതു മുന്നണി സ്ഥാനാർഥിയായി ഡോ. ജെ ജേക്കബിനെ സി.പി.എം അവതരിപ്പിച്ചപ്പോൾ ഇതുവരെ ഈ പേര് കേട്ടിട്ടില്ലാത്തവർ അത്ഭുതപ്പെട്ടു. പി.ടി. തോമസിനെ പോലെ കരുത്തനായ ഒരു കോൺഗ്രസ് നേതാവിനെ നേരിടാൻ അത്ര പ്രശസ്തനല്ലാത്ത പുതുമുഖമോ. എന്നാൽ സാമൂഹ്യപ്രതിബദ്ധതയും കർമശേഷിയുമുള്ള ഒരു മികച്ച പ്രൊഫഷണലിനെയാണ് തങ്ങൾ തൃക്കാക്കരയിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് സി.പി.എം പറയുന്നു. മെഡിക്കൽ ട്രസ്റ്റിലെ ഓപറേഷൻ തീയറ്ററിൽ നിന്ന് ജനമമധ്യത്തിലേക്ക് ഇറങ്ങുന്ന ഡോ. ജെ. ജെക്കബിനെ പരിചയപ്പെടാം. 


എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ആക്‌സിഡന്റ് ട്രോമ സർജൻ ആയും സ്‌പോർട്‌സ് മെഡിസിൻ വിഭാഗത്തിൽ വിദഗ്ധനായും പ്രവർത്തിക്കുന്ന ഡോക്ടർ ജേക്കബ് കടവന്ത്ര സ്വദേശിയാണ്. തിരക്കേറിയ പ്രൊഫഷനൊപ്പം പൊതുപ്രവർത്തനത്തിനും സമയം കണ്ടെത്തുന്നുണ്ട് ഈ ഓർത്തോപീഡിക് സർജൻ. ഇപ്പോൾ കൊച്ചിയിൽ ഏറ്റവും കൂടുതൽ ആക്‌സിഡന്റ് ട്രോമ സർജറികൾ കൈകാര്യം ചെയ്യുന്ന യുവ ഡോക്ടർമാരിൽ പ്രമുഖനാണ് ഡോ. ജെ. ജേക്കബ്. ഈ മേഖലയിൽ അദ്ദേഹത്തിന്റെ പ്രാഗത്ഭ്യത്തിന് തെളിവാണ് ഒ.പി ദിവസങ്ങളിൽ അനുഭവപ്പെടുന്ന രോഗികളുടെ തിരക്ക്. സാധാരണക്കാർ മുതൽ രാഷ്ട്രീയ, ചലച്ചിത്ര മേഖലകളിൽ നിന്നുൾപ്പെടെ നിരവധി പേർ ഡോക്ടറുടെ കൈപ്പുണ്യം അനുഭവിച്ചറിഞ്ഞവരാണ്.
ഒരു കായികതാരമെന്ന നിലയിലും ശ്രദ്ധേയനാണ് അദ്ദേഹം. 2019 ലെ കേരള മാസ്റ്റേഴ്‌സ് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയ അദ്ദേഹം ദേശീയതലത്തിൽ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. കഴിഞ്ഞ ഏഴു വർഷമായി പവർലിഫ്റ്റിംഗ് മത്സരങ്ങളിൽ പങ്കെടുക്കുന്ന അദ്ദേഹം ജില്ലാ തലത്തിൽ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. സ്‌കൂൾ പഠന കാലത്ത് എറണാകുളം ജില്ലാ ഹോക്കി ടീമിൽ അംഗമായിരുന്നു. എന്നാൽ പഠനത്തിൽ കൂടുതൽ ശ്രദ്ധ നൽകുന്നതിനായി കായികയിനങ്ങളിൽ നിന്ന് പിന്തിരിയേണ്ടി വന്നു. പിന്നീട് പഠനശേഷമാണ് സ്‌പോർട്‌സിൽ അദ്ദേഹം സജീവമായത്. നിലവിൽ എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റാണ്.


തൃക്കാക്കര മണ്ഡലത്തിൽ ഡോക്ടർക്കുള്ള സാമൂഹ്യ ബന്ധങ്ങളും സുഹൃത്തുക്കളും ബന്ധുബലവും രോഗികളും ഒക്കെയാണ് സ്ഥാനാർഥിയായി അദ്ദേഹത്തെ തെരഞ്ഞെടുക്കാൻ ഇടതുപക്ഷത്തെ പ്രേരിപ്പിച്ചത്. 
പെരുമ്പടപ്പിൽ കൊച്ചി രൂപതയുടെ ഉടമസ്ഥതയിലുള്ള ഫാത്തിമാസ് ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്നതിനിടെയാണ് അദ്ദേഹം സി.പി.എമ്മുമായി അടുക്കുന്നത്. കൊച്ചിയിലെ ഏറ്റവും ദരിദ്രരായ ജനങ്ങൾക്കിടയിലായിരുന്നു ഈ ആശുപത്രിയിലെ 12 വർഷത്തോളം നീണ്ട കാലയളവിൽ അദ്ദേഹത്തിന്റെ പ്രവർത്തനം. നിരവധി രോഗികൾക്ക് സൗജന്യ ചികിത്സയുൾപ്പെടെ ലഭ്യമാക്കാൻ അദ്ദേഹത്തിന്റെ ഇടപെടലുകളിലൂടെ സാധിച്ചിട്ടുണ്ട്. ഇടതുപക്ഷ പ്രവർത്തകരും നേതാക്കളും ജനപ്രതിനിധികളുമായി നല്ലൊരു ബന്ധം സൃഷ്ടിക്കാനും ഇക്കാലയളവിൽ അദ്ദേഹത്തിനായി. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ കൊച്ചി മണ്ഡലത്തിൽ സ്ഥാനാർഥിയായി എൽ.ഡി.എഫ് സജീവമായി പരിഗണിച്ച പേരുകളിൽ ഒന്നായിരുന്നു ഇദ്ദേഹത്തിന്റേത്.


തൃക്കാക്കര മണ്ഡലത്തിന്റെ ഭാഗമായ കടവന്ത്രയിൽ സി. ജേക്കബിന്റെയും ഉഷ ജേക്കബിന്റെയും മകനായി 1974 സെപ്റ്റംബർ 14 നാണ് ഡോ. ജെ. ജേക്കബ് ജനിച്ചത്. ഡോ. ജേക്കബും സഹോദരൻ ഡോ. ജെ. ജോർജും വൈദ്യശാസ്ത്ര മേഖലയാണ് തെരഞ്ഞെടുത്തത്. ഡോ. ജോർജ് അറിയപ്പെടുന്ന കാർഡിയോളജിസ്റ്റാണ്. പിതാവ് 22 വർഷം മുമ്പ് മരിച്ചു.
രാജഗിരി സ്‌കൂളിലായിരുന്നു ഡോ. ജേക്കബിന്റെ സ്‌കൂൾ വിദ്യാഭ്യാസം. മഹാരാജാസ് കോളേജിൽ ഡിഗ്രി പഠനത്തിന് ശേഷം മണിപ്പാൽ കസ്തൂർബാ മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കി. ബിജാപൂർ ബി.എൽ.ഡിയിൽനിന്ന് എം.എസ് ബിരുദവും നേടിയ ശേഷം കൊച്ചി അമൃത ആശുപത്രിയിലാണ് ആദ്യം ജോലി ചെയ്തത്. പിന്നീട് സിറ്റി ഹോസ്പിറ്റലിലും അതിന് ശേഷം ഫാത്തിമാ ഹോസ്പിറ്റലിലും പ്രവർത്തിച്ചു. കഴിഞ്ഞ 5 വർഷമായി മെഡിക്കൽ ട്രസ്റ്റ് ആണ് ഡോക്ടറുടെ തട്ടകം. ഭാര്യ രമ്യ ജേക്കബ് കൊച്ചിൻ യൂനിവേഴ്സിറ്റിയിൽ ഗവേഷകയാണ്. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഗവേഷണം. സ്‌കൂൾ വിദ്യാർഥികളായ എസ്തർ എലിസബത്ത് ജേക്കബ്, ഇസ്ഹാക്ക് ജേക്കബ് എന്നിവർ മക്കളാണ്. 


 

Latest News