കൊച്ചി - പിറവത്ത് ജിൽസായിരിക്കും സ്ഥാനാർഥിയാകുമെന്ന് ജോസ് കെ. മാണിയുടെ ഭാര്യ വരെ ഉറപ്പു പറഞ്ഞിരുന്നതാണെന്ന് സീറ്റ് കച്ചവട ആരോപണമുന്നയിച്ച മാണി വിഭാഗം നേതാവ് ജിൽസ് പെരിയപ്പുറം. എന്നാൽ അവസാന നിമിഷം പണവും സമുദായവും കടന്നു വന്നതോടെ എല്ലാം തകിടം മറിയുകയായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേരള കോൺഗ്രസ് എം മത്സരിക്കുന്ന പിറവം സീറ്റിൽ അവസാന നിമിഷം സി.പി.എം പ്രവർത്തക സ്ഥാനാർഥിയായി വന്നതിന് പിന്നിൽ നടന്നത് വഴിവിട്ട നീക്കങ്ങളെന്ന ആരോപണം സി.പി.എമ്മിനെയും കേരള കോൺഗ്രസ് എമ്മിനെയും ഒരുപോലെ ഉലയ്ക്കുന്നു. കോടികൾ വാങ്ങി സീറ്റ് കച്ചവടം നടത്താനുള്ള ജോസ് കെ. മാണിയുടെയും കൂട്ടരുടെയും നീക്കം താൻ ഇടപെട്ട് പൊളിച്ചപ്പോഴാണ് കോട്ടയത്തു നിന്ന് സി.പി.എം പ്രവർത്തകയെ കൊണ്ടുവന്നതെന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്റും പിറവം നഗരസഭാ കൗൺസിലറുമായ ജിൽസ് പെരിയപ്പുറം പച്ചക്ക് പറഞ്ഞതോടെയാണ് പിറവത്തെ സ്ഥാനാർഥി നിർണയം വൻ വിവാദത്തിലായത്.
ജിൽസ് പെരിയപ്പുറമായിരിക്കും കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാർഥിയെന്ന് കരുതിയിരിക്കേുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി സിന്ധുമോൾ ജേക്കബിനെ ഉൾപ്പെടുത്തി കേരള കോൺഗ്രസ് എം സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്. ഉഴവൂരിലെ സി.പി.എം ഭാരവാഹിയായ സിന്ധുമോൾ കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാർഥിയായി വന്നതും തൊട്ടുപിന്നാലെ സിന്ധുമോളെ സി.പി.എം ഉഴവൂർ ലോക്കൽ കമ്മിറ്റി പുറത്താക്കിയതും ഇടതുപക്ഷത്ത് കടുത്ത ആശയക്കുഴപ്പം സൃഷ്ടിച്ചു.
ഈ ആശയക്കുഴപ്പത്തിനിടയിലാണ് ജിൽസ് പെരിയപ്പുറം സ്ഥാനാർഥി നിർണയത്തിന് പിന്നിൽ നടന്ന കളികളെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി രംഗത്തുവന്നത്. പിറവത്തെ ഒരു കോൺഗ്രസുകാരന് കോടികൾ വാങ്ങി സീറ്റ് കച്ചവടം ചെയ്യാനാണ് ജോസ് കെ. മാണിയും തോമസ് ചാഴിക്കാടനും ശ്രമിച്ചതെന്നും താൻ കുടുംബത്തോടെ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതോടെ അതിൽനിന്ന് പിൻമാറി കോട്ടയത്തുള്ള സിന്ധുമോളെ പിറവത്ത് സ്ഥാനാർഥിയാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ജിൽസ് ആരോപിക്കുന്നു. സി.പി.എംകാരിയെ കോട്ടയത്ത് നിന്ന് കൊണ്ടുവന്ന് മത്സരിപ്പിക്കുന്നതിലും നല്ലത് സീറ്റ് സി.പി.എമ്മിന് വിട്ടു കൊടുക്കുന്നതായിരുന്നില്ലേ എന്നാണ് ജിൽസിന്റെ ചോദ്യം. പിറവത്ത് സ്ഥാനാർഥികളാകാൻ യോഗ്യതയുള്ള മികച്ച നേതാക്കൾ സി.പി.എമ്മിനുണ്ട്. അതിന് പകരം കോട്ടയത്തു നിന്ന് സി.പി.എം പ്രവർത്തകയെ കൊണ്ടുവന്നത് സീറ്റ് കച്ചവടം പൊളിഞ്ഞപ്പോൾ അവസാന നിമിഷം നടത്തിയ നാടകമാണെന്ന് ജിൽസ് പറയുന്നു. തെരഞ്ഞെടുപ്പിന് ഇറക്കാൻ പണമുണ്ടോ എന്ന് എന്നോട് ചോദിച്ചു. യാക്കോബായ സഭാംഗമല്ലെന്നത് പ്രശ്‌നമായി പറഞ്ഞു. ഓർത്തഡോക്‌സ് മെത്രാനെ പോയി കാണാൻ പറഞ്ഞു.
ഞാൻ കത്തോലിക്കനാണെന്ന് അറിഞ്ഞു കൊണ്ടാണ് സ്ഥാനാർഥിയാക്കാമെന്ന് ഉറപ്പു നൽകിയത്. എന്നിട്ട് അവസാനം സമുദായം പറയുന്നത് എന്ത് തരം രാഷ്ട്രീയ പ്രവർത്തനമാണ്. സമുദായം നോക്കാതെയാണ് ഇതുവരെ രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടുള്ളത്. ജോസ് കെ. മാണിയെ ഇത്രയും കാലം നെഞ്ചോടു ചേർത്തുപിടിച്ചു. അവസാനം സമുദായത്തിന്റെ പേരു പറഞ്ഞ് തഴഞ്ഞു. ഇത് എന്റെ മാത്രം പ്രശ്‌നമല്ല. കേരള കോൺഗ്രസിന് വേണ്ടി പണിയെടുക്കുന്ന എല്ലാ യുവാക്കളും സത്യം മനസ്സിലാക്കണം. കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാർഥി പട്ടികയിൽ യൂത്ത് ഫ്രണ്ടിൽ പ്രവർത്തിക്കുന്ന ആർക്കും പരിഗണന ലഭിച്ചിട്ടില്ല. കേരള കോൺഗ്രസ് എം മത്സരിക്കുന്ന എല്ലാ സീറ്റിലും താൻ അവർക്കെതിരെ പ്രചാരണം നടത്തുമെന്ന് ജിൽസ് പറഞ്ഞു.
അതേസമയം സീറ്റ് കച്ചവടമെന്ന ജിൽസിന്റെ ആരോപണം കേരള കോൺഗ്രസ് എം നേതാക്കൾ നിഷേധിച്ചു. പിറവം മണ്ഡലത്തിന്റെ സാമുദായിക സവിശേഷത കണക്കിലെടുത്ത് യാക്കോബായ സഭക്ക് സ്വീകാര്യയായ സിന്ധുവിനെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയാണുണ്ടായതെന്ന് അവർ വിശദീകരിക്കുന്നു. സിന്ധുമോളുടെ കാര്യത്തിൽ സി.പി.എം, കേരള കോൺഗ്രസ് നേതൃത്വങ്ങൾ തമ്മിൽ ധാരണയുണ്ടന്നും സിന്ധുമോൾ യാക്കോബായ സഭക്കും ഇടതുപക്ഷത്തിനും ഒരുപോലെ സ്വീകാര്യതയുള്ള സ്ഥാനാർഥിയാണെന്നും അവർ അവകാശപ്പെട്ടു.






