കൊച്ചി - എറണാകുളം ജില്ലയിൽ നാലു മണ്ഡലങ്ങളിൽ യു.ഡി.എഫിന്റെ സ്ഥാനാർഥി നിർണയത്തിൽ അനിശ്ചിത്വം. തൃപ്പൂണിത്തുറ, വൈപ്പിൻ, കളമശേരി, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളിലാണ് സ്ഥാനാർഥി പട്ടിക മാറി മറിയുന്നത്. മറ്റ് പത്തു മണ്ഡലങ്ങളിൽ സ്ഥാനാർഥികളാരെന്ന് ഏതാണ്ട് ഉറപ്പാകുകയും ചെയ്തു.
തൃപ്പൂണിത്തുറയിൽ മുൻ മന്ത്രി കെ. ബാബുവിനു പുറമേ കൊച്ചി മേയർ സൗമിനി ജയിന്റെ പേരും ഉയർന്നിരുന്നു. ഒടുവിൽ ബാബു മാത്രമേ പട്ടികയിലുള്ളൂവെന്നാണ് അറിയുന്നത്. ഇതിലും അവസാന നിമിഷം മാറ്റമുണ്ടായിക്കൂടെന്നില്ല. വൈപ്പിനിൽ കോൺഗ്രസ് നേതാക്കളായ അജയ് തറയിൽ, കെ.പി. ധനപാലൻ, അഭിഭാഷകരായ ടി.കെ. ദേവരാജൻ, എം.വി. പോൾ, കെ.പി. ഹരിദാസ് എന്നിവരാണ് പട്ടികയിൽ.
ഗ്രൂപ്പുവടംവലിയാണ് സീറ്റ് നിർണയം വൈകിക്കുന്നത്. മൂവാറ്റുപുഴയിൽ ജോസഫ് വാഴയ്ക്കൻ, മാത്യൂ കുഴൽനാടൻ എന്നിവരായിരുന്നു സീറ്റിനായി ചരടുവലിച്ചത്. ഐ ഗ്രൂപ്പുകാരനായ വാഴയ്ക്കൻ പിടിമുറുക്കിയെന്ന ഘട്ടത്തിൽ നിന്ന് ചിത്രം മാറിമറിഞ്ഞിരിക്കുകയാണ്. ഒടുവിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യക്കോസിന്റെ പേരും ഇവിടേക്ക് കേൾക്കുന്നു. കുഴൽനാടനെ ചാലക്കുടി സീറ്റിലേക്കു പരിഗണിക്കുന്നുണ്ട്. ഏറെ വിവാദമായ കളമശ്ശേരിയിൽ മുസ്‌ലിം ലീഗിലെ പ്രാദേശിക എതിർപ്പുകൾ മറികടന്ന് സംസ്ഥാന നേതൃത്വം മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ പിന്തുണയ്ക്കാനുള്ള സാധ്യതയും കൂടി. വിവാദം ഉയർന്നിരുന്ന കൊച്ചി മണ്ഡലത്തിൽ മുൻ മേയർ ടോണി ചമ്മിണി സ്ഥാനാർഥിയായേക്കും.
സിറ്റിംഗ് എം.എൽ.എമാരായ വി.ഡി. സതീശൻ (പറവൂർ), അൻവർ സാദത്ത് (ആലുവ), റോജി എം. ജോൺ (അങ്കമാലി), എൽദോസ് കുന്നപ്പിള്ളി (പെരുമ്പാവൂർ), വി.പി. സജീന്ദ്രൻ (കുന്നത്തുനാട്), ടി.ജെ. വിനോദ് (എറണാകുളം), പി.ടി. തോമസ് (തൃക്കാക്കര) എന്നിവർ അതത് സീറ്റുകളിൽ മത്സരിക്കും. അനൂപ് ജേക്കബ് (പിറവം) സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് പ്രവർത്തനം ആരംഭിച്ചു.






