രക്തം കട്ട പിടിക്കുന്നുവെന്ന് ആശങ്ക; ഡെന്‍മാര്‍ക്ക് ആസ്ട്രസെനെക്ക കുത്തിവെപ്പ് തല്‍ക്കാലം നിര്‍ത്തി

കോപന്‍ഹേഗന്‍- ചില രോഗികളില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായി ഡെന്മാര്‍ക്കില്‍ കോവിഡ് പ്രതിരോധ വാക്‌സിനായ  ആസ്ട്രാസെനെക്കയുടെ കുത്തിവെപ്പ് താല്‍ക്കാലികമായി നിര്‍ത്തിയതായി  ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

ആസ്ട്രാസെനെക്ക കുത്തിവെപ്പ് എടുത്തവരില്‍ ഗുരുതരമായ നിലയില്‍ രക്തം കട്ടപിടിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് ഡാനിഷ് ഹെല്‍ത്ത് അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
വാക്‌സിനും രക്തം കട്ടപിടിക്കുന്നതും തമ്മില്‍ ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വാക്‌സിന്‍ നല്‍കുന്നത് നിര്‍ത്തിവെക്കാനാണ് പ്രാദേശിക അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ആസ്ട്രാസെനെക്ക വാക്‌സിന്‍ ഉപയോഗിക്കുന്നത് അവസാനിപ്പിച്ചിട്ടില്ലെന്നും അതിന്റെ ഉപയോഗം താല്‍ക്കാലികമായി നിര്‍ത്തുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും ഡാനിഷ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ സോറന്‍ ബ്രോസ്‌ട്രോം പ്രസ്താവനയില്‍ പറഞ്ഞു.
വാക്‌സിന്‍ സ്വീകരിച്ച ഒരാള്‍ മരിച്ചുവെന്നും ആരോഗ്യ അതോറിറ്റി അറിയിച്ചു. ഡെന്‍മാര്‍ക്കിലെ യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (ഇഎംഎ) ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

 

Latest News