ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി മധ്യവയസ്കന്‍ തൂങ്ങിമരിച്ചു

കോഴിക്കോട്-  ഉറങ്ങിക്കിടന്ന ഭാര്യയെ തലയ്ക്ക് അടിച്ച് കൊന്നശേഷം മധ്യവയസ്കന്‍ തൂങ്ങിമരിച്ചു. അത്തോളിയിലാണ് സംഭവം. എരഞ്ഞിക്കൽ സ്വദേശിനി കൊടക്കല്ലിലെ ശോഭന(50)യാണ് കൊല്ലപ്പെട്ടത്​. തുടർന്ന് ഒളിവിൽ പോയ ഭർത്താവ്​ കൃഷ്ണനെ (59) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ബുധനാഴ്ച രാത്രി 12 മണിയോടെയാണ്  സംഭവം. മരത്തടി കൊണ്ട് തലയ്ക്കടിയേറ്റ ശോഭന കിടപ്പുമുറിയിൽ രക്തം വാർന്ന് മരിച്ചു. സംഭവസമയത്ത്​ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.

നിലവിളി ശബ്ദം കേട്ട് അയൽവാസികൾ എത്തുമ്പോഴേക്കും കൃഷ്ണൻ രക്ഷപ്പെട്ടിരുന്നു. നാട്ടുകാരും പോലീസും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ഇന്ന് രാവിലെ തറവാട് വീടിന് സമീപത്തെ മരത്തിൽ കൃഷ്ണനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

 വടകര റൂറൽ എസ് പിയുടെ നിർദേശപ്രകാരം ഫോറൻസിക്​, വിരലടയാള വിദഗ്​ധർ പരിശോധന നടത്തി. അത്തോളി എസ്.ഐ ബാലചന്ദ്രന്‍റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് മാറ്റി. മക്കൾ: രമ്യ (കൂത്താളി), ധന്യ (ചേളന്നൂർ).

Latest News