കുറ്റ്യാടിയില്‍ മാറ്റമില്ല;പ്രകടനം കണ്ട് സ്ഥാനാർത്ഥിയെ മാറ്റുന്ന പാർട്ടിയല്ല സി.പി.എം- എം.വി.ഗോവിന്ദന്‍

കണ്ണൂർ- കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനു നല്‍കിയ തീരുമാനം പുനഃപരിശോധിക്കില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദൻ മാസ്റ്റർ. പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് പാർട്ടിയിൽ പുന പരിശോധന ഉണ്ടാകില്ലെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.

 പ്രകടനം നടത്തുന്നത് കണ്ട് സ്ഥാനാർത്ഥിയെ മാറ്റുന്ന പാർട്ടിയല്ല സിപിഎം. പാർട്ടി ഒരു തീരുമാനമെടുത്താൽ നടപ്പിലാക്കാനുള്ള ബാധ്യതയാണ് പ്രവർത്തകർക്കുള്ളത്. സിറ്റിംഗ് സീറ്റ് അല്ലാഞ്ഞിട്ടും ഇത്ര വലിയ പ്രശ്നമുണ്ടാക്കുന്നത് എന്തിനാണ്? പ്രശ്നം പാർട്ടി സംഘടനാപരമായി കൈകാര്യം ചെയ്ത് പരിഹരിക്കും.

പി ജയരാജനെ പാർട്ടിയിൽ ഒറ്റപ്പെടുത്തുന്നുവെന്നത് അടിസ്ഥാന രഹിതമാണ്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനാലല്ല ഇപി ജയരാജൻ മത്സരിക്കാത്തത്. പിണറായി വിജയൻ പാർട്ടിയെ കൈപ്പിടിയിലാക്കിയെന്ന ആരോപണം അസംബന്ധമാണ്. പിണറായി വിജയനെ കടന്നാക്രമിക്കാനുള്ള അടവാണിതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്ന് പരസ്യ പ്രതിഷേധമുണ്ടായ കുറ്റ്യാടിയിൽ അനുനയ ശ്രമങ്ങളുമായി പാർട്ടി നേതൃത്വം രംഗത്തുണ്ട്.. പ്രാദേശിക നേതൃത്വത്തെ വിശ്വാസത്തിലെടുത്ത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനാണ് തീരുമാനം.

Latest News