സൗദി കിരീടാവകാശിയും പ്രധാനമന്ത്രി മോഡിയും ചര്‍ച്ച നടത്തി; ബന്ധം കൂടുതല്‍ ശക്തമാക്കും

റിയാദ് - സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മില്‍ ചര്‍ച്ച നടത്തി.

സൗദി കിരീടാവകാശി ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും, രണ്ടു രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും ഗുണകരമായ നിലയില്‍ പരസ്പര സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും ഇരുവരും വിശകലനം ചെയ്തതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പറഞ്ഞു.

റഷ്യന്‍ വിദേശ മന്ത്രി സെര്‍ജി ലാവ്‌റോവും ഇന്നലെ റിയാദില്‍ സൗദി കിരീടാവകാശിയുമായി ചര്‍ച്ച നടത്തി. മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും, സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്ന നിലയില്‍ പരസ്പരം ഏകോപനം നടത്തുന്നതിനെ കുറിച്ചും പൊതുതാല്‍പര്യമുള്ള വിഷയങ്ങളും ഇരുവരും വിശകലനം ചെയ്തു.

ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, നാഷണല്‍ ഗാര്‍ഡ് മന്ത്രി അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്‍, ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍, സഹമന്ത്രി ഡോ. മുസാഅദ് അല്‍ഈബാന്‍ തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

 

Latest News