കണ്ണൂർ- സംസ്ഥാനത്തെ ഇടതുമുന്നണിയെ നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടം ഉൾപ്പെടെ കണ്ണൂർ ജില്ലയിലെ എട്ട് മണ്ഡലങ്ങളിലെ സി.പി.എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കഴിഞ്ഞ നിയമസഭയിലുണ്ടായിരുന്ന കെ.കെ.ശൈലജ ടീച്ചർ, എ.എൻ. ഷംസീർ എന്നിവർ വീണ്ടും ജനവിധി തേടുമ്പോൾ, മന്ത്രി ഇ.പി.ജയരാജൻ, ടി.വി.രാജേഷ്, ജെയിംസ് മാത്യു, സി. കൃഷ്ണൻ എന്നിവർ ഒഴിവായി. പുതിയ പട്ടികയിൽ നാല് പേർ പുതുമുഖങ്ങളാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്തു നിന്ന് വീണ്ടും ജനവിധി തേടുമ്പോൾ, മന്ത്രി കെ.കെ. ശൈലജ മട്ടന്നൂരിലും, എ.എൻ.ഷംസീർ തലശ്ശേരിയിലും മത്സരരംഗത്തിറങ്ങുന്നു. പയ്യന്നൂരിൽ സി പി.എം ജില്ല സെക്രട്ടറിയേറ്റംഗം ടി. ഐ. മധുസൂദനനും തളിപ്പറമ്പിൽ കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ മാസ്റ്ററും, കല്യാശ്ശേരിയിൽ ഡി.വൈ.എഫ് ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ.വിജിനും, അഴീക്കോട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷും, പേരാവൂരിൽ ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനുമാണ് മത്സരിക്കുക. ഇവരിൽ ടി. ഐ. മധുസൂദനൻ, കെ.വി.സുമേഷ്, എൻ.വിജിൻ, സക്കീർ ഹുസൈൻ എന്നിവർ പുതുമുഖങ്ങളാണ്. എം.വി.ഗോവിന്ദൻ മാസ്റ്റർ നേരത്തെ തളിപ്പറമ്പ് എം.എൽ.എയായിരുന്നു. വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും പാർലമെന്ററി രംഗത്തെത്തുന്നത്.
കണ്ണൂരിലെ മറ്റ് മൂന്നു മണ്ഡലങ്ങൾ ഘടകകക്ഷികൾക്കാണ് നൽകിയിരിക്കുന്നത്. ഇവയിൽ കണ്ണൂർ മണ്ഡലം കോൺഗ്രസ് എസിനും, കൂത്തുപറമ്പ് എൽ.ജെ.ഡിക്കും, ഇരിക്കൂർ കേരള കോൺഗ്രസ് എമ്മിനുമാണ് നൽകിയിരിക്കുന്നത്. ഇതിൽ കണ്ണൂർ മണ്ഡലത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വീണ്ടും ജനവിധി തേടും. കൂത്തുപറമ്പിൽ മുൻ മന്ത്രി കെ.പി.മോഹനനും, ഇരിക്കൂറിൽ സജി കുറ്റിയാനി മറ്റവുമാണ് മത്സരിക്കുക. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടാകും.
സി.പി.എം സ്ഥാനാർഥികളിൽ പിണറായി വിജയൻ, എം.വി.ഗോവിന്ദൻ മാസ്റ്റർ, കെ.വി.സുമേഷ്, ടി. ഐ. മധുസൂദനൻ എന്നിവർ പ്രഖ്യാപനം വന്നതിന് പിന്നാലെ തെരഞ്ഞെടു പ്രചാരണ രംഗത്തിറങ്ങിക്കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി കഴിഞ്ഞ രണ്ട് ദിവസങ്ങളായി ധർമ്മടം മണ്ഡലത്തിലെ വിവിധ കുടുംബയോഗങ്ങളിൽ പങ്കെടുത്ത് വരികയാണ്.






