ന്യൂദൽഹി- അമേരിക്കയിൽ നിന്ന് ഇന്ത്യ 30 സായുധ ഡ്രോണുകൾ വാങ്ങാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ചൈനയുമായും പാകിസ്താനുമായും അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്നതിനിടെയാണ് യുഎസിൽ നിന്ന് നിന്ന് അത്യാധുനിക ശേഷികളുള്ള ഡ്രോണുകൾ സ്വന്തമാക്കാൻ ഇന്ത്യ നീക്കം നടത്തുന്നത്. 3 ബില്യൺ ഡോളർ ചെലവിൽ എംക്യു-9ബി പ്രഡേറ്റർ ഡ്രോണുകളാണ് ഇന്ത്യ വാങ്ങാനൊരുങ്ങുന്നത്. സാൻഡിയാഗോയിലെ ജനറൽ ആറ്റോമിക്സിൽ നിന്നാണിവ വാങ്ങുക.
48 മണിക്കൂർ നേരം പറക്കാൻ എംക്യു-9ബി ഡ്രോണുകൾക്ക് സാധിക്കും. 17,00 കിലോഗ്രാം ആയുധങ്ങളെ വഹിക്കാനും ഇതിനാകും. ഇന്ത്യൻ നേവിക്ക് ചൈനീസ് യുദ്ധക്കപ്പലുകളെ ഇന്ത്യൻ മഹാസമുദ്രത്തിൽ നിരീക്ഷിക്കാനുള്ള സൌകര്യമൊരുക്കും. നിലവിൽ ആക്രമണം നടത്താൻ ശേഷിയുള്ള ഡ്രോണുകൾ ഇന്ത്യയുടെ പക്കലില്ല. നിരീക്ഷണത്തിനു വേണ്ടി ഉപയോഗിക്കുക ഡ്രോണുകളാണ് ആകെയുള്ളത്.
ചൈനയുമായി വർധിച്ചു വരുന്ന സംഘർഷം യുഎസ്സിൽ ഇന്ത്യക്കുള്ള ആയുധ ആശ്രതത്വം കൂട്ടുന്നുണ്ട്. രാജ്യം അതിന്റെ പട്ടാളത്തെ ആധുനികവൽക്കരിക്കുന്നതിന്റെ തിരക്കിലുമാണ്. ഇത് കൂടുതൽ ആയുധ ഇടപാടുകൾ യുഎസ്സുമായി നടക്കുന്നതിന് വഴിയൊരുക്കും. അതെസമയം ഇന്ത്യൻ പ്രതിരോധ മന്ത്രാലയം ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.