കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനു പിന്നാലെ 64 കാരന്‍ മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പരാതി നല്‍കി. ധൂപുഗുരി പ്രദേശത്തെ മുതിര്‍ന്ന പൗരനാണ് കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കിയതിനു പിന്നാലെ മരിച്ചത്. ജല്‍പായ്ഗുരി ജില്ലയിലെ ബിസിനസുകാരനായ കൃഷ്ണ ദത്ത (64) പ്രാദേശിക ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. തിങ്കളാഴ്ച കോവിഡ് വാക്‌സിന്‍ നല്‍കിയ ദത്തയ്ക്ക് രാത്രി ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.
മരണം അസ്വാഭാവികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബാംഗങ്ങളുടെ പരാതി.
ദത്തയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജല്‍പായ്ഗുരി സ്‌റ്റേറ്റ് ജനറല്‍ ആശുപത്രിയിലേക്ക് അയച്ചതായും അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം, ചൊവ്വാഴ്ച മാത്രം സംസ്ഥാനത്ത് 1,60,435 പേര്‍ക്ക് കുത്തിവെപ്പ് നടത്തിയതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 1,37,642 പേര്‍ക്ക് ആദ്യ ഡോസും 22,793 പേര്‍ക്ക് രണ്ടാമത്തെ ഡോസും നല്‍കി. 54,782 പേര്‍ 60 വയസ്സും അതിനുമുകളിലും പ്രായമുള്ളവരാണ്. 19,234 പേര്‍ 45-59 പ്രായപരിധിയിലുള്ളവരാണ്.
പശ്ചിമ ബംഗാളില്‍ എവിടെയും രോഗപ്രതിരോധ കുത്തിവെപ്പ് നടത്തിയതിനെ തുടര്‍ന്ന് പ്രതികൂല റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ അവകാശപ്പെട്ടു. ചൊവ്വാഴ്ച വരെ 18.43 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഒരു കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കോവിഡ് മരണസംഖ്യ 10,281 ആയി ഉയര്‍ന്നു.
188 പുതിയ കേസുകള്‍ സ്ഥിരീകരിച്ചതോടെ മൊത്തം രോഗബാധ 5,77,026 ആയി വര്‍ധിച്ചു. 3,144 സജീവ കേസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. 5,63,601 പേര്‍ ഇതുവരെ രോഗമുക്തി നേടി.






