ഫോർവേർഡ് ബ്ലോക്കിന്റെ കാര്യം അനിശ്ചിതത്വത്തിൽ

കൊല്ലം - ചാത്തന്നൂരിൽ മുൻ എം.പി എൻ. പീതാംബരക്കുറുപ്പിന് കോൺഗ്രസിന്റെ സാധ്യതാ പട്ടികയിൽ മുൻതൂക്കം ലഭിച്ചതോടെ ഫോർവേർഡ് ബ്ലോക്കിന്റെ കാര്യം അനിശ്ചിതത്വത്തിലായി. 
ചാത്തന്നൂർ നൽകാമെന്ന് കോൺഗ്രസ് നേതൃത്വം ഉറപ്പ് നൽകിയിരുന്നെന്നാണ് ഫോർവേർഡ് ബ്ലോക്ക് നേതാക്കൾ പറയുന്നത്. സി.പി.ഐയുടെ സിറ്റിംഗ് എം.എൽ.എ ജി.എസ്. ജയലാലാണ് ഇവിടെ എൽ.ഡി.എഫ് സ്ഥാനാർഥി. കുറുപ്പ് സിറ്റിംഗ് എം.പി ആയിരുന്ന സമയത്താണ് 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുന്നണി മാറിയെത്തിയ ആർ.എസ്.പിക്ക് കൊല്ലം സീറ്റ് നൽകിയത്. 
2016 ലെ തെരഞ്ഞെടുപ്പിൽ കുറുപ്പിനെ ചാത്തന്നൂരിൽ പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം തഴയപ്പെടുകയായിരുന്നു. 
കെ.പി.സി.സി എക്‌സി. അംഗം നെടുങ്ങോലം രഘുവും കോൺഗ്രസിന്റെ സാധ്യതാ പട്ടികയിലുണ്ടെങ്കിലും കുറുപ്പിനാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്. എന്നാൽ ചാത്തന്നൂർ ലഭിച്ചില്ലെങ്കിൽ കുണ്ടറയെങ്കിലും കിട്ടണമെന്നാണ് ഫോർവേർഡ് ബ്ലോക്കിന്റെ ആവശ്യം. 
കൊല്ലം സീറ്റായിരുന്നു പാർട്ടി ആദ്യം ആവശ്യപ്പട്ടിരുന്നതെങ്കിലും കോൺഗ്രസ് ചാത്തന്നൂർ നൽകാമെന്ന് അറിയിക്കുകയായിരുന്നു.


 

Latest News