കൊച്ചി- ഗുരുവായൂരില്‍ മത്സരിക്കാന്‍ നടന് സുരേഷ് ഗോപി എത്തുമോ? മത്സരിക്കാന്‍ താരത്തിന് മനസ്സില്ലെങ്കിലും പാര്‍ട്ടി സമ്മര്‍ദം ചെലുത്തുന്നതായാണ് വാര്‍ത്തകള്‍.
രാജ്യസഭാംഗമായ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകാനുള്ള ആഗ്രഹത്തിലാണ്. ആക്കുമെന്ന് പാര്‍ട്ടി പലപ്പോഴും സൂചന നല്‍കിയെങ്കിലും ഇതുവരെ ഫലം കണ്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തില്‍നിന്ന് ചിലരെക്കൂടി കേന്ദ്രമന്ത്രിമാരാക്കുമെന്ന് പറഞ്ഞുകേട്ടെങ്കിലും അതും നടന്നില്ല. ഈ സാഹചര്യത്തിലാണ് നിയമസഭയിലേക്ക് മത്സരിക്കാന്‍ സുരേഷ് ഗോപി വിമുഖത കാണിക്കുന്നത്.
എന്നാല്‍ അദ്ദേഹം മത്സരിക്കണമെന്ന് പാര്‍ട്ടി കേന്ദ്രനേതൃത്വം ആഗ്രഹിക്കുന്നു. വിജയം ഉറപ്പുള്ള എ ക്ലാസ് സീറ്റില്‍ മത്സരിക്കണമെന്നാണ് അവര്‍ താല്പര്യപ്പെടുന്നത്. എന്നാല്‍ ഇവിടെ മത്സരിച്ച് വിജയിച്ചാല്‍ കേന്ദ്രമന്ത്രി മോഹം എന്നെന്നേക്കുമായി അസ്തമിക്കും. സുരേഷ് കേന്ദ്രമന്ത്രിയാകാനുള്ള സാധ്യതക്ക് തടയിടുകയാണോ മത്സരിക്കാനുള്ള സമ്മര്‍ദത്തിന് പിന്നില്‍ എന്നും സംശയമുണ്ട്.
മത്സരിച്ചേ പറ്റൂ എങ്കില്‍ ഗുരുവായൂരിലാകാം എന്നാണത്രെ സുരേഷ് ഗോപി അറിയിച്ചിരിക്കുന്നത്. അവിടെ എന്തായാലും വിജയിക്കില്ല എന്നറിയാം. അങ്ങനെ വന്നാല്‍ എം.പി സ്ഥാനം പോകില്ല. കൃഷ്ണഭക്തനായ തനിക്ക് ഗുരുവായൂരിനോടുള്ള വൈകാരികബന്ധം കാരണമായി എടുത്തുകാട്ടുകയും ചെയ്യാം.
എന്തായാലും ഗുരുവായൂരിനെ ഇങ്ങെടുക്കുവാ എന്ന് പറഞ്ഞു സുരേഷ് സന്നിധിയിലെത്തുമോ എന്നാണ് നാട്ടുകാര്‍ കാത്തിരിക്കുന്നത്.






