Sorry, you need to enable JavaScript to visit this website.

രാഷ്ട്രീയ നിലപാട് വ്യക്തമാക്കി മെഗാസ്റ്റാര്‍ മമ്മൂട്ടി

കൊച്ചി- നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി നടന്‍ മമ്മൂട്ടി. സജീവ രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്നും സ്ഥാനാര്‍ത്ഥിയാകാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു. ദി പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു മമ്മൂട്ടി നയം വ്യക്തമാക്കിയത്.
'ഞാന്‍ രാഷ്ട്രീയത്തില്‍ വരുന്നുവെന്ന വാര്‍ത്തകള്‍ കണ്ടിട്ടുണ്ട്. അത്തരം കാര്യങ്ങളോട് ഞാന്‍ പ്രതികരിക്കാറില്ല. സജീവ രാഷ്ട്രീയത്തില്‍ താല്‍പര്യമുള്ള ആളല്ല ഞാന്‍. എന്റെ ഏറ്റവും വലിയ രാഷ്ട്രീയമാണ് ഞാന്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. അത് സിനിമയാണ്. ഈ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ആരും ആവശ്യപ്പെട്ടിട്ടുമില്ല, ഞാന്‍ ആരോടും പറഞ്ഞിട്ടുമില്ല. തല്‍ക്കാലം അതിനോട് താല്‍പര്യമില്ല' എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍.  പ്രീസ്റ്റ് വ്യാഴാഴ്ച തീയേറ്ററിലെത്തും. സംസ്ഥാനത്ത് സെക്കന്‍ഡ് ഷോ നടത്താന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് റിലീസ് പ്രഖ്യാപിച്ചത്. സെക്കന്‍ഡ് ഷോ അനുവദിച്ചില്ലെങ്കില്‍ സാമ്പത്തികമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും അതിനാല്‍ തിയേറ്റര്‍ അടച്ചിടേണ്ടി വരുമെന്നുമായിരുന്നു ഉടമകളുടെ നിലപാട്.വിനോദ നികുതിയിലെ ഇളവ് മാര്‍ച്ച് 31 ന്‌ശേഷവും വേണമെന്നും ചേംമ്പര്‍ ആവശ്യപ്പെട്ടിരുന്നു. ആവശ്യം ഉന്നയിച്ച് സംഘടന മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. സെക്കന്‍ഡ് ഷോ ഇല്ലാത്തതിനാല്‍ റിലീസുകളും കൂട്ടത്തോടെ മാറ്റിവച്ചിരിക്കുകയായിരുന്നു.

Latest News