കമ്യൂണിസ്റ്റ് പാർട്ടി പിറന്ന കണ്ണൂരിൽ സി.പി.ഐയ്ക്ക് മത്സരിക്കാൻ സീറ്റില്ല

അണികൾക്ക് അതൃപ്തി, പരസ്യമായി പ്രകടിപ്പിക്കാൻ അവർ തയ്യാറല്ല

കണ്ണൂർ-  സംസ്ഥാന തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായി, കമ്യൂണിസ്റ്റ് പാർട്ടി പിറന്ന കണ്ണൂരിൽ സി.പിഐയ്ക്ക് മത്സരിക്കാൻ സീറ്റില്ല. മുന്നണി വിപുലീകരണത്തിന്റെ ഭാഗമായി ആകെയുണ്ടായിരുന്ന ഇരിക്കൂർ സീറ്റ്, ജോസ് കെ. മാണി വിഭാഗത്തിന് മത്സരിക്കാൻ വിട്ടു കൊടുത്തതോടെയാണിത്. മാണിയുടെ മുന്നണി പ്രവേശനത്തെ ഏറ്റവുമെതിർത്ത സി.പി.ഐയ്ക്ക്, അദ്ദേഹത്തിന്റെ മകന്റെ പാർട്ടിക്കായി ആകെയുള്ള ഒരു സീറ്റ് വിട്ടുകൊടുക്കേണ്ടി വന്നുവെന്നതാണ് വിരോധാഭാസം.
കണ്ണൂരിലെ ഇരിക്കൂർ സീറ്റിനോട് വൈകാരികമായ അടുപ്പമില്ലെന്ന് സി.പി.ഐ നേതൃത്വം പറയുമ്പോഴും, കമ്യൂണിസ്റ്റ് മണ്ണെന്നറിയപ്പെടുന്ന കണ്ണൂരിൽ മത്സരിക്കാൻ ഒരു സീറ്റ് പോലും ലഭിക്കാത്തതിൽ അണികളിൽ കടുത്ത അതൃപ്തിയുണ്ട്. സി.പി.ഐ വർഷങ്ങളായി മത്സരിക്കുന്ന ഇരിക്കൂറിൽ പരാജയപ്പെടുന്നതിനാലാണ് ഈ സീറ്റിനോട് വൈകാരികമായ അടുപ്പം ഇല്ലെന്ന് നേതൃത്വം പറയുന്നത്. കഴിഞ്ഞ നാൽപതു വർഷങ്ങളായി ഈ സീറ്റിൽ തുടർച്ചയായി വിജയിച്ചിരുന്നത് കോൺഗ്രസിലെ കെ.സി. ജോസഫാണ്.
കമ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പിന് ശേഷം വടക്കെ മലബാറിലെ ഭൂരിഭാഗം സീറ്റുകളും സി.പി.എമ്മിന്റെ കൈവശം എത്തുകയായിരുന്നു. കെ.പി.ആർ.ഗോപാലൻ മുതൽ പന്ന്യൻ രവീന്ദ്രൻ വരെയുള്ള പ്രഗൽഭ നേതാക്കൾ കണ്ണൂരിൽ നിന്നു നേതൃനിരയിൽ എത്തുകയും, പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക സംഭാവനകൾ നൽകിയെങ്കിലും പാർലമെന്ററി രംഗത്ത് വലിയ ചലനങ്ങളുണ്ടാക്കാൻ സാധിച്ചില്ല. സി.പി.ഐയുടെ അസ്തിത്വം അടയാളപ്പെടുത്തുന്ന വിധത്തിൽ കണ്ണൂരിൽ വിജയിക്കാവുന്ന ഒരു സീറ്റെങ്കിലും ലഭിക്കണമെന്നത് പാർട്ടി പ്രവർത്തകരുടെ ചിരകാല അഭിലാഷമായിരുന്നു. ഇക്കാര്യം മുന്നണിയിൽ പല തവണ ചർച്ചയായതുമാണ്. മുന്നണിയിലേക്ക് പുതുതായി കൂടുതൽ കക്ഷികൾ കടന്നു വരുമ്പോൾ പ്രധാന കക്ഷികൾ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞിരുന്നത്. നിയമ സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 25 സീറ്റുകളിലാണ് സി.പി.ഐ  മത്സരിക്കുന്നത്. ജോസ് കെ.മാണി ഇടതു മുന്നണിയിലെത്തിയതിന്റെ പേരിൽ ഏറ്റവും കൂടുതൽ വിട്ടുവീഴ്ച ചെയ്യേണ്ടിവന്ന പാർട്ടിയാണ് സി.പി.ഐ. കാഞ്ഞിരപ്പള്ളി മുതൽ ഇരിക്കൂർ വരെ അവർ വിട്ടുകൊടുക്കേണ്ടി വന്നു. എല്ലാ സീറ്റുകളും ഏറ്റവും കൂടുതൽ എതിർത്ത മാണി കോൺഗ്രസിന് വേണ്ടി.
സംസ്ഥാനത്തെ 12 ജില്ലകളിലും സി.പി.ഐ എന്ന രാഷ്ട്രീയ പാ ർട്ടിക്ക് മത്സരിക്കാൻ സീറ്റുകളുണ്ട്. കണ്ണൂരിലും വയനാട്ടിലും മാത്രമാണ് സീറ്റ് ഇല്ലാത്തത്. മുന്നണിയിൽ ഏറ്റവും അവസാനം വന്ന ഘടക കക്ഷികളായ കേരള കോൺഗ്രസ് (എം), എൽ.ജെ.ഡി എന്നിവയ്ക്കും, ഏറ്റവും ചെറിയ ഘടക കക്ഷിയായ കേരള കോൺഗ്രസ് എസിനും വരെ കണ്ണൂരിൽ മത്സരിക്കാൻ സീറ്റുകൾ ലഭിച്ചപ്പോൾ, മുന്നണിയിലെ രണ്ടാം സ്ഥാനത്തുള്ള പാർട്ടിയായ സി.പി.ഐയ്ക്ക് സീറ്റില്ലാത്തതിലാണ് അണികൾക്ക് അതൃപ്തി. എന്നാലിത് പരസ്യമായി പ്രകടിപ്പിക്കാൻ അവർ തയ്യാറല്ല. സീറ്റ് ലഭിക്കാത്തതിന്റെ പ്രതിഷേധം എവിടെയും ഉണ്ടാവില്ല. സീറ്റ് ലഭിക്കാത്തത് വൈകാരിക പ്രശ്‌നമായി കാണുന്നില്ലെന്നും, ഇടതു സർക്കാരിന്റെ തുടർ ഭരണം ലക്ഷ്യം വെച്ചുള്ള പ്രചാരണ പ്രവർത്തനങ്ങളിലാണ് പാർട്ടി ശ്രദ്ധയൂന്നുന്നതെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.സന്തോഷ് കുമാർ പറയുന്നു.
അതേസമയം, കുടിയേറ്റ കേന്ദ്രമായ ഇരിക്കൂറിൽ വർഷങ്ങൾക്ക് ശേഷം രണ്ടില ചിഹ്നത്തിൽ മത്സരിക്കാൻ സാധിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് കേരള കോൺഗ്രസ് (എം) നേതാക്കളും അണികളും. യു.ഡി.എഫിലായിരുന്ന നാല് പതിറ്റാണ്ടുകാലം ഈ സീറ്റ് കോൺഗ്രസിന്റെ കൈവശമായിരുന്നു. മുന്നണി മാറിയയുടൻ സീറ്റ് ലഭിച്ചതിന്റെ ആനുകൂല്യം വോട്ടാക്കി മാറ്റാനുള്ള നീക്കങ്ങളിലാണ് നേതൃത്വം. നാല് പതിറ്റാണ്ടിനടുത്ത് 1982ൽ കെ.സി. ജോസഫ് ഇരിക്കൂറിൽ ആദ്യമായി മത്സരിച്ചതും വിജയിച്ചതും രണ്ടില ചിഹ്നത്തിലായിരുന്നു. അന്ന് കെ.സി.ജോസഫ്, കോൺഗ്രസ് (യു) വിലായിരുന്നു. സ്വതന്ത്രർക്കനുവദിക്കുന്ന ചിഹ്നമായ രണ്ടിലയാണ് യു.ഡി.എഫ് സ്ഥാനാർഥിയായ ജോസഫിന് ലഭിച്ചത്. അന്ന് ജനതാ പാർട്ടിയിലെ എസ്.കെ. മാധവനായിരുന്നു എതിർ സ്ഥാനാർഥി.

Latest News