മുസ്‌ലിം ലീഗ് നേതാവ് രാജിവെച്ച് സി.പി.എമ്മിലേക്ക് 

തലശ്ശേരി- മുസ്‌ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗവും ദീർഘകാലം ന്യൂ മാഹി പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന കെ.കെ.ബഷീർ പാർട്ടിയിൽ നിന്നും രാജിവെച്ചു. സി.പി.എമ്മിൽ ചേരുമെന്ന് സൂചന നൽകി. മതേതര സമീപനമെന്ന് പറയുകയും അതേസമയം തീവ്രവർഗീയ  പാർട്ടികളുമായി കൂട്ടുചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന മു സ്‌ലിം ലീഗിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് രാജി വയ്ക്കുന്നതെന്ന്  തലശ്ശേരി പ്രസ് ഫോറത്തിൽ നടന്ന   വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 
1970 മുതൽ ലീഗിന്റെ വിദ്യാർത്ഥി, യുവജനപ്രസ്ഥാനങ്ങളിൽ പ്രാദേശിക തലത്തിൽ നേതൃത്വ പരമായ പങ്ക് വഹിച്ചയാളാണ് കെ.കെ.ബഷീർ. മുഹമ്മദലി ശിഹാബ് തങ്ങളെ പോലുള്ള സർവ്വസമ്മതനായ നേതാവിന്റെ അഭാവമാണിപ്പോൾ പാർട്ടി നേരിടുന്നതെന്നും അണികളുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും പരിഹരിക്കാൻ നേതാക്കന്മാർക്ക് സമയം ലഭിക്കുന്നില്ലെന്നും ബഷീർ പറഞ്ഞു. പണക്കാരുടെ കൈയ്യിലെ കളിപ്പാവയായി ലീഗ് നേതൃത്വം മാറിയിരിക്കയാണ്. മതേതരത്വ നിലപാട് സ്വീകരിച്ചിരുന്ന പാർട്ടി ജമാ അത്തെ ഇസ്‌ലാമി പോലുള്ള വർഗീയ സംഘടനകളുമായി കൂട്ടുചേർന്നിരിക്കയാണെന്നും ഇതിൽ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
ഇടത് പക്ഷവുമായി ചേർന്ന് പ്രവർത്തിക്കാനാണ് താൽപര്യം. സി.പി.എം സ്വാഗതം ചെയ്യുമെങ്കിൽ ആ പാർട്ടിയിൽ ചേരും. സഹപ്രവർത്തകരായ ദുബൈ കെ.എം.സി.സി നിർവാഹക സമിതി അംഗം പി.ബഷീർ, ലീഗ് പള്ളിപ്രം ശാഖാ വൈസ് പ്രസിഡണ്ട് ഷറ ഫുദ്ദിൻ പാറളത്ത് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. 
 

Latest News