കാർത്തികപ്പള്ളിയും കൃഷ്ണപുരവും തകഴിയും അവസാനം മാരാരിക്കുളവും ഓർമയായി 

ആലപ്പുഴ-ജില്ലയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഓർമയായ നാല് മണ്ഡലങ്ങളുണ്ട്. പുതുതലമുറയ്ക്ക് അതറിയില്ലെങ്കിലും പഴമക്കാരുടെ ഓർമയിൽ ഇന്നും അവയുണ്ട്. തിരഞ്ഞെടുപ്പ് ചരിത്രത്തിന്റ തുടക്കത്തിലുണ്ടായിരുന്ന കൃഷ്ണപുരം, കാർത്തികപ്പള്ളി, തകഴി, മാരാരിക്കുളം മണ്ഡലങ്ങൾ ചരിത്രത്തിന്റെ ഭാഗമായി മാറി. 1957ലെ ആദ്യ തിരഞ്ഞെടുപ്പിൽ ജില്ലയുടെ തെക്കേ അറ്റത്തെ മണ്ഡലമായിരുന്നു കൃഷ്ണപുരം. ഇവിടെ അന്ന് വിജയിച്ചത് സി. പി .ഐയിലെ ജി.കാർത്തികേയൻ  ആണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് മുമ്പ് നടന്ന തിരഞ്ഞെടുപ്പായതിനാൽ സി പി ഐ എന്ന ഒറ്റ പാർട്ടിയായിരുന്നു. 
കോൺഗ്രസായിരുന്നു പ്രധാന എതിരാളി. കൃഷ്ണപുരത്ത് അന്ന് സി .പി. ഐ തോൽപ്പിച്ചത് കോൺഗ്രസിലെ ശേഖരപണിക്കരെയാണ്. ആകെ 59,940 വോട്ടർമാരാണ് മണ്ഡലത്തിലുണ്ടായിരുന്നത്. ഇതിൽ 46625 പേർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. ജി. കാർത്തികേയന് 23963 വോട്ടും ശേഖരപണിക്കർക്ക് 14493 വോട്ടും ലഭിച്ചു.9470 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കൃഷ്ണപുരത്ത് സി പി ഐ സ്ഥാനാർഥി ജി. കാർത്തികേയൻ വിജയിച്ചത്. ഇന്ന് ഈ മണ്ഡലം കായംകുളത്തിന്റെ ഭാഗമാണ്.അന്ന് കായംകുളം പ്രത്യേക മണ്ഡലമായിരുന്നു.1960ലെ തിരഞ്ഞെടുപ്പിൽ കൃഷ്ണപുരം പി. എസ്. പി യിലെ പി .കെ കുഞ്ഞ് വിജയിച്ചപ്പോൾ സിറ്റിംഗ് എം. എൽ. എ ആയിരുന്ന ജി കാർത്തികേയൻ(സി .പി .ഐ) പരാജയപ്പെട്ടു. 
എങ്കിലും ഭൂരിപക്ഷം ഗണ്യമായി കുറക്കാനായി. 664 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പി .കെ കുഞ്ഞ് അന്ന് ഇവിടെ ജയിച്ചു കയറിയത്.1965ൽ കോൺഗ്രസിലെ എം. കെ ഹേമചന്ദ്രൻ സി. പി. ഐയിലെ ഉണ്ണികൃഷ്ണപിള്ളയെ 3613 വോട്ടുകൾക്ക് പരാജയപ്പെടുത്തി.1967ലെ തിരഞ്ഞെടുപ്പിൽ സി. പി .ഐയിലെ പി. യു പിള്ള കോൺഗ്രസിലെ എം. കെ ഹേമചന്ദ്രനെ പരാജയപ്പെടുത്തി. 1970ലെ തിരഞ്ഞെടുപ്പിൽ സി .പി ഐയിലെ പി .ഉണ്ണികൃഷ്ണപിള്ളക്ക് തന്നെയായിരുന്നു വിജയം.ഐ എസ് പിയിലെ പി. എ. ഹാരിസിനെയാണ് പരാജയപ്പെടുത്തിയത്.1977ഓടെ കൃഷ്ണപുരം ഇല്ലാതായി. കാർത്തികപ്പള്ളിയാണ് ചരിത്രത്തിന്റെ ഭാഗമായ മറ്റൊരു മണ്ഡലം.1957ലെ തിരഞ്ഞെടുപ്പിൽ സി .പി .ഐയിലെ ആർ. സുഗതൻ ജയിച്ചുകയറിയ മണ്ഡലമാണ് കാർത്തികപ്പള്ളി. ആകെയുണ്ടായിരുന്ന 64716 വോട്ടർമാരിൽ 47804 പേർ വോട്ട് രേഖപ്പെടുത്തി.ആർ. സുഗതന് 20978 വോട്ടും കോൺഗ്രസിലെ വേലുപിള്ള  ജി.ക്ക് 14887 വോട്ടും ലഭിച്ചു.
6091 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ആർ. സുഗതൻ വിജയിച്ചത്.1960ലെ തിരഞ്ഞെടുപ്പിലും ആർ. സുഗതൻ തന്നെ ഇവിടെ നിന്ന് ജയിച്ചുകയറിയെങ്കിലും ഭൂരിപക്ഷത്തിൽ ഗണ്യമായ ഇടിവ് സംഭവിച്ചു.പി എസ് പി യിലെ എ അച്യുതനായിരുന്നു എതിരാളി.ആർ. സുഗതന് 30832 വോട്ട് ലഭിച്ചപ്പോൾ എ. അച്യുതന് 28433 വോട്ട് ലഭിച്ചു.1965ഓടെ കാർത്തികപ്പള്ളിയും ചരിത്രത്തിന്റെ ഭാഗമായി.ഇന്ന് ഇത് ഹരിപ്പാടിന്റെ ഭാഗമാണ്. അന്ന് ഹരിപ്പാട് മണ്ഡലവും നിലനിന്നിരുന്നുവെന്നതും ചരിത്രം. തകഴിയാണ് ചരിത്രത്തിന്റെ ഭാഗമായ മറ്റൊരു മണ്ഡലം.1957ലെ തിരഞ്ഞെടുപ്പിൽ 59446 വോട്ടർമാരാണിവിടെയുണ്ടായിരുന്നത്.ഇതിൽ 43525 പേർ വോട്ട് രേഖപ്പെടുത്തി. 
കോൺഗ്രസിലെ തോമസ് ജോൺ 5460 വോട്ടിന്റെ ഭൂരിപക്ഷത്തിൽ  വിജയിച്ചു. സി. പി ഐയിലെ വർഗീസ് വൈദ്യൻ ആയിരുന്നു എതിരാളി. തോമസ് ജോണിന് 21940 വോട്ടും വർഗീസ് വൈദ്യന് 16480 വോട്ടും ലഭിച്ചു.1960ലെ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായില്ലെങ്കിലും പോളിംഗ് ശതമാനം ഗണ്യമായി വർധിച്ചു.ആകെയുണ്ടായിരുന്ന 61439 വോട്ടർമാരിൽ 54482 പേരും വോട്ട് രേഖപ്പെടുത്തിയതോടെ പോളിംഗ് ശതമാനം 88.66 ശതമാനമായി ഉയർന്നു. പോളിംഗ് ശതമാനം ഉയർന്നപ്പോഴും കോൺഗ്രസിലെ തോമസ് ജോൺ തന്നെ രണ്ടാമതും ഇവിടെ വിജയിച്ചു.സ്വതന്ത്രനായ ഗോപലാ കൃഷ്ണപിള്ളയായിരുന്നു എതിർ സ്ഥാനാർഥി. തോമസ് ജോണിന് 33079 വോട്ടും ഗോപാലകൃഷ്ണപിള്ളക്ക് 20961 വോട്ടും ലഭിച്ചു.തോമസ് ജോണിന്റെ ഭൂരിപക്ഷം 12118 ആയി ഉയർന്നു.1965ലെ തിരഞ്ഞെടുപ്പോടെ തകഴി മണ്ഡലം ഇല്ലാതായി. 
മാരാരിക്കുളമാണ് ജില്ലയിൽ ഏറ്റവും അവസാനം ചരിത്രത്തിന്റെ ഭാഗമായ നിയമസഭാ മണ്ഡലം.ഏറെ ചരിത്രം പറയാനുള്ള മാരാരിക്കുളം കമ്യൂണിസ്റ്റ് കോട്ടയായാണറിയപ്പെട്ടിരുന്നത്.
എന്നാൽ  വി. എസ് അച്യുതാനന്ദനെ സ്വന്തം പാർട്ടിക്കാർ തന്നെ കാലുവാരി തോൽപ്പിച്ച ചരിത്രവും മാരാരിക്കുളത്തിന് പറയാനുണ്ട്. വി .എസിന്റെ പരാജയത്തോടെയാണ് മാരാരിക്കുളം ചരിത്രതാളുകളിൽ കൂടുതൽ ഇടം നേടിയത്.തോൽക്കാനുറച്ച് വി. എസിനോട് ഏറ്റുമുട്ടിയ കോൺഗ്രസിലെ അഡ്വ പി .ജെ ഫ്രാൻസിസിന് ഇപ്പോഴും തന്റെ വിജയം ഉൾക്കൊള്ളാനായിട്ടില്ലെന്നത് മറ്റൊരു ചരിത്രം.1957ലെ ആദ്യ തിരഞ്ഞെടുപ്പിൽ സി .പി ഐയിലെ സി. ജി സദാശിവനും കോൺഗ്രസിലെ ജോസഫ് മാത്തനും തമ്മിലുള്ള പോരാട്ടത്തിൽ സദാശിവനായിരുന്നു വിജയം.9803 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി .ജി സദാശിവൻ അന്ന് തിരഞ്ഞെടുക്കപ്പെട്ടത്.2001ൽ നടന്ന മാരാരിക്കുളത്തെ അവസാന തിരഞ്ഞെടുപ്പിലടക്കം ഇടത് കോട്ടയായാണ് മണ്ഡലം അറിയപ്പെട്ടത്.2001ൽ കന്നി മത്സരത്തിനെത്തിയ ഡോ. തോമസ് ഐസക്കാണ് മാരാരിക്കുളം മണ്ഡലത്തിലെ അവസാന വിജയി. 
1996ൽ വി .എസിനെ പരാജയപ്പെടുത്തി ജയന്റ് കില്ലറായി മാറിയ കോൺഗ്രസിലെ പി .ജെ ഫ്രാൻസിസിന് പക്ഷെ, തോമസ് ഐസക്കിന് മുന്നിൽ അടിയറവ് പറയേണ്ടിവന്നു.8403 വോട്ടിനാണ് തോമസ് ഐസക്ക് അന്ന് വിജയിച്ചത്. പിന്നീട് ഈ മണ്ഡലത്തിന്റെ ഭാഗങ്ങൾ ചേർത്തലയുടെയും ആലപ്പുഴയുടെയും ഭാഗങ്ങളായി മാറി മാരാരിക്കുളം ഇല്ലാതായി. 
 

Latest News