നിയമസഭാ തിരഞ്ഞെടുപ്പ്: ഒരുക്കങ്ങളായി; പത്രികാ സമർപ്പണം 12 മുതൽ

ആലപ്പുഴ- നിയമസഭ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി വരുന്നതായി ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ എ. അലക്സാണ്ടർ അറിയിച്ചു. 12ന് വിജ്ഞാപനം ഇറങ്ങുന്നത് മുതൽ പത്രിക സമർപ്പണം ആരംഭിക്കും.19വരെ പത്രിക സമർപ്പിക്കാം. 20ന് സൂക്ഷ്മ പരിശോധന നടക്കും. 22 വരെ പത്രിക പിൻവലിക്കാൻ അവസരമുണ്ടാകും. ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലങ്ങളിലായി 17,68,269 വോട്ടർമാരാണുള്ളത്. ഇതിൽ 9,24,544 പേർ സ്ത്രീ വോട്ടർമാരാണ്. 8,43,748 പുരുഷ വോട്ടർമാരും നാല് ട്രാൻസ് ജെന്ററുകളുമുണ്ട്. ഈ വർഷം ഇതേവരെ 23,709 പേർ പുതുതായി വോട്ടർപട്ടികയിൽ ഇടം പിടിച്ചതായി അദ്ദേഹം പറഞ്ഞു. വോട്ടർമാരിൽ 50,807 പേർ 80 വയസ്സിൽ കൂടുതൽ പ്രായമുള്ളവരും 21,000 പേർ ഭിന്നശേഷിക്കാരുമാണ്. വോട്ടർപട്ടിക ശുദ്ധീകരണ നടപടികൾ നടന്നുവരികയാണെന്നും പരാതികൾ അറിയിക്കാൻ 12 വരെ അവസരമുണ്ടെന്നും കലക്ടർ പറഞ്ഞു. 12 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാനും അവസരമുണ്ട്. ഇക്കാലയളവിൽ പ്രവാസികൾക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാവുന്നതാണ്. കോവിഡ് മാനദണ്ഡം കർശനമായി പാലിക്കുന്നതിന്റെ ഭാഗമായി ഇക്കുറി തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങൾ സംഘടിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ  നേതൃത്വത്തിൽ വിവിധ മണ്ഡലങ്ങളിലായി എൺപതോളം പൊതുസമ്മേളന ഗ്രൗണ്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ പ്രോട്ടോക്കോൾ പാലിച്ച് മാത്രമായിരിക്കും യോഗങ്ങൾ സംഘടിപ്പിക്കാൻ അനുവദിക്കുക. ഇത് സംബന്ധിച്ച് രാഷ്ട്രീയ പാർട്ടി നേതൃത്വവുമായി ചർച്ച നടത്തുമെന്ന് കലക്ടർ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള റോഡ് ഷോയ്ക്ക് അഞ്ചിൽ കൂടുതൽ വാഹനങ്ങൾ അനുവദിക്കില്ല. വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണത്തിന് സ്ഥാനാർഥിയടക്കം അഞ്ച് പേർ മാത്രമേ പാടുള്ളൂ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സീവിജിൽ ആപ്പിലൂടെ പരാതികളറിയിക്കാനുള്ള സംവിധാനം ഏറെ പ്രയോജനകരമാണ്. ഇതിനകം 120ഓളം പരാതികൾ സിവിജിൽ മുഖേന കമ്മീഷന് ലഭിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡത്തിന്റെ ഭാഗമായി ഇക്കുറി ഒരു ബൂത്തിലെ വോട്ടർമാരുടെ എണ്ണം പരമാവധി ആയിരമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇത് മൂലം ജില്ലയിൽ പോളിംഗ് ബൂത്തുകളുടെ എണ്ണം ഇരട്ടിയായി വർധിച്ചു. 2016ലെ തിരഞ്ഞെടുപ്പിൽ 1705 പോളിംഗ് ബൂത്തുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇക്കുറി 2643 ബൂത്തുകളായി വർധിച്ചതായി ജില്ലാ കലക്ടർ പറഞ്ഞു.ബൂത്തുകളുടെ എണ്ണത്തിൽ 55 ശതമാനം വർധനയാണുണ്ടായിട്ടുള്ളത്.30 താത്കാലിക പോളിംഗ് ബൂത്തുകൾ നിർമിക്കുന്നതാണെന്നും കലക്ടർ പറഞ്ഞു. ഒമ്പത് മാതൃകാ പോളിംഗ് ബൂത്തുകളും ഒമ്പത് സ്ത്രീ സൗഹൃദ ബൂത്തുകളും ഉണ്ടാകും. എല്ലാ പോളിംഗ് ബൂത്തുകളോടും ചേർന്ന് വിശ്രമ സൗകര്യമുൾപ്പെടെ അത്യാവശ്യ സൗകര്യങ്ങൾ സജ്ജമാക്കുന്നതാണ്. ഭിന്നശേഷിക്കാർക്ക് ബൂത്തുകളിൽ വാഹനവും വീൽചെയറും ഉപയോഗിക്കാൻ അനുവദിക്കുന്നതാണ്. ഒമ്പത് കേന്ദ്രങ്ങളിലായാണ് തിരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്യുന്നത്. വോട്ടെണ്ണലും ഒമ്പത് കേന്ദ്രങ്ങളിലായി നടക്കും.3933 ബാലറ്റ് യൂണിറ്റും 3613 സെൻട്രൽ യൂനിറ്റും 3633 വി വി പാറ്റ് യൂനിറ്റും സജ്ജമാക്കിയിട്ടുണ്ട്. വോട്ടിംഗ് യന്ത്രങ്ങളുടെ റാൻഡമൈസേഷൻ 13ന് നടക്കും.14ന് അതാത് റിട്ടേണിംഗ് ഓഫീസർമാർക്ക് ഇത് ഏൽപ്പിച്ചു കൊടുക്കും. 27 വീതം ഫ്ളൈയിംഗ് സ്‌ക്വാഡുകളും സ്റ്റാറ്റിസ്റ്റിക്സ് നിരീക്ഷണ സംഘവും ആന്റീ ഡീഫേസ്മെന്റ് സ്‌ക്വാഡും ഒമ്പത് മണ്ഡലങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്. ഓരോ മണ്ഡലത്തിലും ഓരോ വീഡിയോ നിരീക്ഷണ സംഘവും ചെലവ് നിരീക്ഷണ സംഘവും അക്കൗണ്ടിംഗ് സംഘവും വീഡിയോ സംഘവും പ്രവർത്തിക്കുന്നതാണ്. കോവിഡ് ബാധിതരായി ചികിത്സയിലുള്ളവർക്കും നിരീക്ഷണത്തിലുള്ളവർക്കും പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരമൊരുക്കിയിട്ടുണ്ട്.ഇവർക്കാവശ്യമായ ബാലറ്റ് ബി എൽ ഒയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിച്ച് വോട്ട് ചെയ്യിച്ച ശേഷം അപ്പോൾ തന്നെ മടക്കി വാങ്ങുന്നതാണ്. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പർ തപാലിൽ അയക്കാൻ അനുവദിക്കില്ല. 80 വയസ്സ് പിന്നിട്ടവർക്കും ഭിന്നശേഷിക്കാർക്കും ഇത്തരത്തിൽ തപാൽ വോട്ട് അനുവദിക്കും. പോളിംഗ് ഡ്യൂട്ടിയിലുള്ളവർക്കല്ലാതെ തപാൽ വോട്ടുകൾ പോസ്റ്റലായി അയക്കാൻ അനുവദിക്കുന്നതല്ല. തപാൽ വോട്ട് അനുവദിക്കപ്പെട്ടിട്ടുള്ള മറ്റുള്ളവർ ബൂത്ത് ലെവൽ ഓഫീസർമാരുടെ മുന്നിലെത്തി വോട്ട് രേഖപ്പെടുത്തുകയാണ് വേണ്ടതെന്ന് കലക്ടർ പറഞ്ഞു.
 

Latest News