കല്‍പറ്റയില്‍ എം.വി.ശ്രേയാംസ്‌കുമാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും; യു.ഡി.എഫില്‍ അവ്യക്തത

കല്‍പറ്റ-വയനാട്ടിലെ ഏക ജനറല്‍ നിയമസഭാ മണ്ഡലമായ കല്‍പറ്റയില്‍ എല്‍.ജെ.ഡി സംസ്ഥാന അധ്യക്ഷന്‍ എം.വി.ശ്രേയാംസ്‌കുമാര്‍ എം.പി എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും.

ചൊവ്വാഴ്ച ചേര്‍ന്ന എല്‍.ജെ.ഡി നിയോജകമണ്ഡലം കമ്മിറ്റി യോഗം സ്ഥാനാര്‍ഥിയായി ശ്രേയാംസ്‌കുമാറിന്റെ പേരാണ് ഐകകണ്‌ഠ്യേന നിര്‍ദേശിച്ചത്. യോഗത്തില്‍ ആദ്യന്തം പങ്കെടുത്ത ശ്രേയാംസ്‌കുമാര്‍ സ്ഥാനാര്‍ഥിയാകുന്നതില്‍ വിസമ്മതം പ്രകടിപ്പിച്ചില്ല.

മണ്ഡലം സ്ഥാനാര്‍ഥിയായി ശ്രേയാംസ്‌കുമാറിന്റെ പേര്‍ മാത്രം എഴുതിയാണ് നിയോജകമണ്ഡലം കമ്മിറ്റി സംസ്ഥാന നേതൃത്വത്തിനു കത്തു നല്‍കിയത്. നാളെ വൈകുന്നേരം കോഴിക്കോട് ചേരുന്ന പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് യോഗം സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും.


 പ്രസിഡന്റ് ഡി.രാജന്റെ അധ്യക്ഷതയിലായിരുന്നു നിയോജകണ്ഡലം കമ്മിറ്റി യോഗം. പാര്‍ട്ടി സംസ്ഥാന സമിതിയംഗം അഡ്വ.ജോര്‍ജ് പോത്തന്‍, ജില്ലാ പ്രസിഡന്റ് കെ.കെ.ഹംസ, ജനറല്‍ സെക്രട്ടറി എന്‍.ഒ.ദേവസി, മറ്റു നേതാക്കളായ വി.ആര്‍.സന്തോഷ്‌കുമാര്‍, കെ.എസ്.ബാബു, യു.എ.ഖാദര്‍, കെ.എ.സ്‌കറിയ തുടങ്ങിയവര്‍ പങ്കെടുത്തു. സ്ഥാനാര്‍ഥിയായി മറ്റാരുടെയും പേര് യോഗത്തില്‍ പങ്കെടുത്ത ഒരാളും നിര്‍ദേശിച്ചില്ല.


കോണ്‍ഗ്രസ് വിട്ട് എല്‍.ജെ.ഡിയില്‍ ചേര്‍ന്ന ഡി.സി.സി സെക്രട്ടറി പി.കെ.അനില്‍കുമാര്‍, ശ്രേയാംസ്‌കുമാറിന്റെ മകള്‍ മയൂര ശ്രേയാംസ്‌കുമാര്‍ എന്നിവരില്‍ ഒരാള്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകുമെന്നു പ്രചാരണം ഉണ്ടായിരുന്നു. ഇതിനാണ് നിയോജമണ്ഡലം കമ്മിറ്റി യോഗത്തോടെ വിരാമമായത്.


കഴിഞ്ഞയാഴ്ച കല്‍പറ്റയില്‍ ചേര്‍ന്ന എല്‍.ജെ.ഡി ജില്ലാ കൗണ്‍സില്‍ യോഗം സ്ഥാനാര്‍ഥിയായി ശ്രേയാംസ്‌കുമാറിനെയാണ് നിര്‍ദേശിച്ചത്. ഈ യോഗത്തില്‍ ശ്രേയാംസ്‌കുമാര്‍ പങ്കെടുത്തിരുന്നില്ല. ജില്ലാ കൗണ്‍സില്‍ നിര്‍ദേശത്തോടു പ്രതികരിക്കാനും അദ്ദേഹം തയാറായില്ല. രാജ്യസഭാംഗമായിരിക്കെ നിയമസഭയിലേക്കു മത്സരിക്കുന്നതില്‍ അനൗചിത്യം ഉണ്ടെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നു കഴിഞ്ഞ ഞായറാഴ്ച കല്‍പറ്റയില്‍ മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു.


കല്‍പറ്റ മണ്ഡത്തില്‍ ഇതിനകം മൂന്നു തവണ മത്സരിച്ച ശ്രേയാംസ്‌കുമാര്‍ രണ്ടു തവണ നിയമസഭാഗമായിരുന്നു. 2006ല്‍ ജെ.ഡി.എസ് ടിക്കറ്റിലും 2011ല്‍ എസ്.ജെ.ഡി സ്ഥാനാര്‍ഥിയായുമാണ് മത്സരിച്ചു ജയിച്ചത്. 2006ല്‍ കോണ്‍ഗ്രസിലെ കെ.കെ.രാമചന്ദ്രന്‍ മാസ്റ്ററെയും 2011ല്‍ സി.പി.എമ്മിലെ പി.എ.മുഹമ്മദിനെയുമാണ് പരാജയപ്പെടുത്തിയത്.  2011ല്‍ 18,169 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്ന ശ്രേയാംസ്‌കുമാര്‍ 2016ല്‍  സി.പി.എമ്മിലെ സി.കെ.ശശീന്ദ്രനോടു തോറ്റു.  13,083 വോട്ടായിരുന്നു ശശീന്ദ്രന്റെ ഭൂരിപക്ഷം.


മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ധാരണയായെങ്കിലും യു.ഡി.എഫിനുവേണ്ടി ആര് കളത്തിലിറങ്ങും എന്നതില്‍ ഇനിയും വ്യക്തതയായില്ല. സീറ്റില്‍ വട്ടമിടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ നിരവധിയാണ്. കെ.സി.റോസക്കുട്ടി, ടി.സിദ്ദിഖ്, പി.വി.ബാലചന്ദ്രന്‍, എന്‍.ഡി.അപ്പച്ചന്‍, കെ.ഇ.വിനയന്‍ എന്നിവരുടെ പേരുകളാണ് അവസാന റൗണ്ടില്‍ പറഞ്ഞുകേള്‍ക്കുന്നത്. നേതാക്കളില്‍ ചിലര്‍ ദല്‍ഹിയിലും സീറ്റിനായി കരുനീക്കം നടത്തുന്നതായാണ് വിവരം.


കല്‍പറ്റ നഗരസഭയും മുട്ടില്‍, കോട്ടത്തറ, തരിയോട്, മൂപ്പൈനാട്, പടിഞ്ഞാറത്തറ, കണിയാമ്പറ്റ, മേപ്പാടി വെങ്ങപ്പള്ളി, വൈത്തിരി പഞ്ചായത്തുകളും അടങ്ങുന്നതാണ് കല്‍പറ്റ നിയമസഭാ മണ്ഡലം.
 

Latest News