റിയാദ് - ഹജ്, ഉംറ സർവീസ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ആറു ഉത്തേജക പദ്ധതികൾ പ്രഖ്യാപിച്ചു. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെയും സ്ഥാപനങ്ങളുടെയും മേൽ കൊറോണ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ ആഗ്രഹിച്ചാണ് പുതിയ ഉത്തേജക പദ്ധതികൾ നടപ്പാക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശം നൽകിയത്.
മക്കയിലും മദീനയിലും താമസസൗകര്യം നൽകുന്ന ഹോട്ടലുകളെയും കെട്ടിടങ്ങളെയും നഗരസഭാ ലൈസൻസ് ഫീസിൽ നിന്ന് ഒരു വർഷത്തേക്ക് ഒഴിവാക്കിയിട്ടുണ്ട്. ഹജ്, ഉംറ സർവീസ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികൾക്ക് ആറു മാസത്തേക്ക് ലെവി ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. മക്കയിലെയും മദീനയിലെയും താമസസൗകര്യം നൽകുന്ന ഹോട്ടലുകളുടെയും കെട്ടിടങ്ങളുടെയും ടൂറിസം മന്ത്രാലയ ലൈസൻസ് പുതുക്കൽ ഫീസ് ഒരു വർഷത്തേക്ക് ഇളവ് നൽകിയിട്ടുണ്ട്. ഈ ഫീസിളവ് ഒരു വർഷത്തിനു ശേഷം ദീർഘിപ്പിക്കാൻ സാധ്യതയുണ്ട്.
ഹജ്, ഉംറ സേവന മേഖലയിൽ പ്രവർത്തിക്കുന്ന വിദേശികളുടെ ഇഖാമ പുതുക്കൽ ഫീസ് ഈടാക്കുന്നത് ആറു മാസത്തേക്ക് നീട്ടിവെച്ചിട്ടുമുണ്ട്. ഇഖാമ ഫീസ് ഒരു വർഷ കാലാവധിയിൽ തവണകളായി അടക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തും. ഹജ്, ഉംറ തീർഥാടകർക്ക് യാത്രാ സൗകര്യം നൽകുന്നതിന് ഉപയോഗിക്കുന്ന ബസുകളുടെ വാഹന രജിസ്ട്രേഷൻ (ഇസ്തിമാറ) കാലാവധി ഫീസില്ലാതെ ഒരു വർഷത്തേക്ക് ദീർഘിപ്പിച്ചു നൽകും. അടുത്ത ഹജ് കാലത്ത് ഉപയോഗിക്കുന്നതിനു വേണ്ടി ഇറക്കുമതി ചെയ്യുന്ന പുതിയ ബസുകളുടെ കസ്റ്റംസ് ഫീസ് ഈടാക്കുന്നത് മൂന്നു മാസത്തേക്ക് നീട്ടിവെക്കും. കസ്റ്റംസ് ഫീസ് അടക്കേണ്ട തീയതി മുതൽ നാലു മാസ കാലയളവിൽ ഫീസ് തവണകളായി ഈടാക്കുകയാണ് ചെയ്യുക.






