ജിദ്ദ- കോവിഡ് വ്യാപനം ആരംഭിച്ചതു മുതല്‍ പ്രവാസികളെ കബളിപ്പിച്ച് ആനന്ദം കണ്ടെത്തിയിരുന്നവര്‍ ഇപ്പോഴും ക്രൂരമായ തമാശ തുടരുന്നു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് ജയില്‍ ശിക്ഷയും വലിയ പിഴയുമുള്ള രാജ്യമാണ് സൗദി അറേബ്യയെന്ന കാര്യം ഫേക്ക് ന്യൂസുകള്‍ തള്ളിവിടുന്നവര്‍ വിസ്മരിക്കുകയാണ്. ഏതോ കുബുദ്ധികള്‍ പടച്ചുവിടുന്ന വ്യാജ വാര്‍ത്തകള്‍ വസ്തുതകള്‍ പരിശോധിക്കാതെ നിരവധി നിരപരാധികള്‍ ഫോര്‍വേഡ് ചെയ്യുന്നു. കോവിഡ് വ്യാപിച്ചു തുടങ്ങിയതുമുതല്‍ സൗദി അധികൃതരുടെ പ്രഖ്യാപനങ്ങളെന്ന വ്യാജേന പലവിധ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു.
മാര്‍ച്ച് 31 മുതല്‍ സൗദി അറേബ്യയിലെ വിമാന സര്‍വീസ് സാധാരണ നിലയിലാകുമെന്ന പഴയ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുകൊണ്ടാണ് പുതിയ ആസ്വാദനം.
മാര്‍ച്ച് 31 മുതല്‍ സര്‍വീസുകള്‍ സാധാരണ നിലയിലാകുമെന്ന പഴയ ടെലിവിഷന്‍ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍, പ്രത്യേകിച്ചും വാട്‌സാപ്പില്‍ പ്രചരിക്കുന്നു. അതിര്‍ത്തികള്‍ തുറക്കുന്നതിനെ കുറിച്ചും വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാകുന്നതിനെ കുറിച്ചും സൗദി അധികൃതര്‍ നല്‍കിയ വിവരങ്ങള്‍ വിശകലനം ചെയ്യുന്ന സ്വകാര്യ ടിവി ചാനലിലെ വാര്‍ത്തയുടെ ക്ലിപ്പിംഗാണ് പ്രചരിച്ചത്. മാര്‍ച്ച് 31 വരാനിരിക്കെ, ഇത് സത്യമാണെന്ന് വിശ്വസിച്ച് വലിയ തോതില്‍ പങ്കുവെക്കപ്പെടുന്നു. ടിക്‌ടോക്കില്‍ തയാറാക്കിയതാണ് ഈ ക്ലിപ്പിംഗെന്ന് പോലും ആലോചിക്കാതെയാണ് കിട്ടിയവര്‍ ഉടന്‍ തന്നെ ഷെയര്‍ ചെയ്യുന്നത്.
ഇംഗ്ലീഷ് വെബ് സൈറ്റിലുള്ള വാര്‍ത്ത സഹിതമുള്ള പ്രചാരണത്തിനു പിന്നാലെയണ് മലയാളം ടി.വി വാര്‍ത്ത ചേര്‍ത്തുകൊണ്ടുള്ള പ്രചാരണം പുരോഗമിക്കുന്നത്. പലരും ഇതു വിശ്വസിച്ചാണ് കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മാര്‍ച്ച് 31 ന് പൂര്‍ണമായും പിന്‍വലിക്കുമെന്ന് കഴിഞ്ഞ ജനുവരി അഞ്ചിന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നുവെങ്കിലും അതിനുശേഷം കാര്യങ്ങളില്‍ പലതവണ മാറ്റം വന്നു.
സര്‍വീസ് സാധാരണ നിലയിലാകുമെന്ന പ്രഖ്യാപിച്ച മാര്‍ച്ച് 31 എന്ന തീയതി ജനുവരി 28ന് തന്നെ മേയ് 17 ലേക്ക് നീട്ടിയിരുന്നു. പ്രഖ്യാപിത തീയതി എന്ന നിലയില്‍ ഇപ്പോള്‍ നിലവിലുള്ളത് മേയ് 17 ആണ്. അതിനിടയില്‍ കോവിഡ് സാഹചര്യം കൂടുതല്‍ മെച്ചപ്പെടുകയാണെങ്കില്‍ വിവിധ മന്ത്രാലയങ്ങള്‍ കൂടിയാലോചിച്ച് മാറ്റം വരുത്തുമെന്നാണ് അറിയിപ്പുള്ളത്. മാര്‍ച്ച് 31ന് വിലക്ക് പിന്‍വലിക്കുമെന്ന യാതൊരു സൂചനയും ഇപ്പോഴില്ല.
പഴയ വാര്‍ത്തയാണ് ഫോര്‍വേഡ് ചെയ്യപ്പെടുന്നതെന്ന മുന്നറിയിപ്പുമായി ടി.വി ചാനലും രംഗത്തുവന്നിട്ടുണ്ട്. വാര്‍ത്ത ഫോര്‍വേഡ് ചെയ്യുന്നതിനു മുമ്പ് തീയതി നോക്കണമെന്നാണ് ചാനല്‍ അധികൃതരുടെ അറിയിപ്പ്.
2020 ഫെബ്രുവരി 27 ന് വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടാണ് സൗദി അധികൃതര്‍ നിയന്ത്രണ നടപടികള്‍ ആരംഭിച്ചത്. നിലവില്‍ ഇന്ത്യ, യു.എ.ഇ അടക്കം 20 രാജ്യങ്ങളില്‍നിന്ന് നേരിട്ട് വരുന്നവര്‍ക്ക് സൗദിയില്‍ പ്രവേശന വിലക്കുണ്ട്. ഇത് മറികടക്കുന്നതിന് ബഹ്‌റൈന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ 14 ദിവസം താമസിച്ചാണ് ഇന്ത്യക്കാര്‍ വരുന്നത്.






