Sorry, you need to enable JavaScript to visit this website.

കളമശ്ശേരിയിൽ പി. രാജീവ് തന്നെ, കളത്തിലിറങ്ങി ഇബ്രാഹിംകുഞ്ഞ്

കൊച്ചി - കളമശ്ശേരിയിൽ പി. രാജീവിനെ മത്സരിപ്പിക്കാനുള്ള സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് നിർദേശം ജില്ലാ സെക്രട്ടറിയേറ്റ് ശരിവെച്ചു. ഇതോടെ പി. രാജീവ് മണ്ഡലത്തിൽ അനൗപചാരിക സമ്പർക്ക പരിപാടികളുമായി രംഗത്തിറങ്ങി. അതേസമയം യു.ഡി.എഫ് സ്ഥാനാർഥിയായി മുസ്‌ലിം ലീഗിലെ വി.കെ. ഇബ്രാഹിംകുഞ്ഞ് തന്നെ വരുന്നതിനുള്ള സാധ്യത സജീവമായി. ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പുണ്ടെങ്കിലും ഇബ്രാഹിംകുഞ്ഞിനെ ലീഗ് സംസ്ഥാന നേതൃത്വവും പാണക്കാട് തങ്ങളും കൈവിടില്ലെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ നൽകുന്ന വിവരം. 


ഇബ്രാഹിംകുഞ്ഞിനെതിരായ അഴിമതി ആരോപണം അദ്ദേഹത്തെ വ്യക്തിപരമായി മാത്രം ബാധിക്കുന്നതല്ല. അത് മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ടതായതിനാൽ ഇബ്രാഹിംകുഞ്ഞിനെ കൈവിടാൻ അവർക്ക് സാധിക്കുകയുമില്ല. വൻ ബിസിനസ് സാമ്രാജ്യത്തിനുടമയായ ഇബ്രാഹിംകുഞ്ഞിനെ പിണക്കിയാൽ ലീഗിനുള്ളിൽ അത് ഗുരുതരമായ പ്രത്യാഘാതമാണുണ്ടാക്കുക. അഴിമതി കേസിൽ പ്രതിയാണെങ്കിലും കളമശ്ശേരി മണ്ഡലത്തിൽ വിജയസാധ്യതയുള്ള ഒരേയൊരു ലീഗ് നേതാവ് ഇബ്രാഹിം കുഞ്ഞാണ്. സീറ്റ് ഏറെക്കുറെ ഉറപ്പിച്ച ഇബ്രാഹിംകുഞ്ഞ് മണ്ഡലത്തിലെ മുഴുവൻ വീടുകളിലും പത്തു പേജുള്ള ബുക്ക്‌ലെറ്റ് വിതരണം കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയാക്കി. തനിക്കെതിരായ ആരോപണങ്ങൾക്കുള്ള വിശദീകരണമാണ് ഗ്ലോസി പേപ്പറിൽ അച്ചടിച്ച ബുക്ക്‌ലെറ്റിലുള്ളത്. 
പാലാരിവട്ടം പാലത്തിന്റെ പേരിൽ സി.പി.എം തന്നെയും കുടുംബത്തെയും തകർക്കാൻ ശ്രമിച്ചുവെന്നാണ് ഇതിലെ പ്രധാന ആരോപണം. തനിക്കെതിരായ അഴിമതി കേസിന് പിന്നിൽ പി. രാജീവാണെന്നും ജി. സുധാകരനെ പോലുള്ളവർ തന്നെ പ്രതിയാക്കിയതിനോട് യോജിച്ചിട്ടില്ലെന്നും ഇബ്രാഹിംകുഞ്ഞ് ചൂണ്ടിക്കാണിക്കുന്നു. 
ഇബ്രാഹിംകുഞ്ഞിനെതിരെ പടനയിക്കുന്ന ജില്ലാ കമ്മിറ്റിയിലെ ടി.എ. അഹമ്മദ് കബീർ പക്ഷം താരതമ്യേന ദുർബലരാണ്. തെരഞ്ഞെടുപ്പുകളിലെല്ലാം അവർ ഇബ്രാഹിംകുഞ്ഞിനോട് നിസ്സഹകരിക്കുകയാണ് ചെയ്യാറ്. 


വോട്ടെടുപ്പു വേളയിൽ കൂട്ടത്തോടെ തീർഥയാത്രയോ വിനോദയാത്രയോ നടത്തുകയാണ് ഇവരുടെ പതിവെന്ന് ഇബ്രാംഹിംകുഞ്ഞിനോടൊപ്പമുള്ളവർ പറയുന്നു. ഇവരുടെ വോട്ടിന് വേണ്ടി ഇബ്രാഹിംകുഞ്ഞ് ഒരു തെരഞ്ഞെടുപ്പിലും പിന്നാലെ പോയിട്ടില്ല. മറിച്ച് ഇടതുപക്ഷത്ത് നിന്ന് വോട്ട് മറിച്ച് സ്വന്തംപക്ഷത്തുനിന്നുള്ള അട്ടിമറി നീക്കത്തെ തടയിടുകയാണ് അദ്ദേഹം ചെയ്തുവന്നത്. 
അതുകൊണ്ടു തന്നെ പാർട്ടിയിലെ എതിരാളികൾ ഉയർത്തുന്ന വിമർശങ്ങളെ ഇബ്രാഹിംകുഞ്ഞ് ഗൗരവമായി പരിഗണിക്കുന്നുപോലുമില്ല. പണമെറിഞ്ഞ് വോട്ടു പിടിക്കുന്നതാണ് ഇബ്രാഹിംകുഞ്ഞിന്റെ ശൈലി. അതിൽ വലതുപക്ഷമെന്നോ ഇടതുപക്ഷമെന്നോ വ്യത്യാസം കാണിക്കാറില്ല. അതുകൊണ്ടു തന്നെ രണ്ടു ചേരിയിൽനിന്നും ഇബ്രാഹിംകുഞ്ഞിന് വോട്ടു വീഴാറുണ്ട്. 
എന്നാൽ പാലാരിവട്ടം പാലത്തിന്റെ തകർച്ച കേരള ചരിത്രത്തിലെ അഴിമതിയുടെ കറപുരണ്ട അധ്യായമായതുകൊണ്ടു തന്നെ കളമശ്ശേരിയിൽ ഇക്കുറി ഇബ്രാഹിംകുഞ്ഞിന്റെ തന്ത്രങ്ങൾ പരാജയപ്പെടുമെന്ന് സി.പി.എം നേതൃത്വം പറയുന്നു. ബാർ കോഴക്കേസിൽ ഉൾപ്പെട്ട കെ. ബാബുവിനെതിരെ തൃപ്പൂണിത്തുറയിൽ ഉണ്ടായതു പോലുള്ള ജനവികാരം കളമശ്ശേരിയിൽ ഉണ്ടാകുമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്.
മുസ്‌ലിം ലീഗിന്റെ പാർട്ടി വോട്ടുകളിൽ വലിയ പങ്ക് ഇബ്രാഹിംകുഞ്ഞിന് തന്നെ ലഭിച്ചേക്കാമെങ്കിലും തെരഞ്ഞെടുപ്പിൽ വിധി നിർണയിക്കുന്ന നിഷ്പക്ഷ വോട്ടർമാർ ഇബ്രാഹിംകുഞ്ഞിനെ അംഗീകരിക്കില്ലെന്ന് അവർ അടിവരയിട്ട് ചൂണ്ടിക്കാട്ടുന്നു. മണ്ഡലത്തിലെ സി.പി.എം നടത്താൻ പോകുന്ന പ്രചാരണം പാലാരിവട്ടം പാലം അഴിമതി കേന്ദ്രീകരിച്ചായിരിക്കും. വിജിലൻസ് കേസിൽ പ്രതിയായ ഇബ്രാഹിംകുഞ്ഞിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്. അദ്ദേഹം കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയെന്ന പരാതിയിൽ തുടർ നടപടികൾ വരാനിരിക്കുന്നു. പ്രചാരണ വേളയിൽ തന്നെ ഇബ്രാഹിംകുഞ്ഞിനെതിരെ കടുത്ത നടപടികൾ വന്നേക്കാനുള്ള വലിയ സാധ്യതയുണ്ട്. 


കോൺഗ്രസിലെ എ വിഭാഗം കളമശ്ശേരിയിൽ മുസ്‌ലിം ലീഗിനെതിരെ കലാപത്തിലാണ്. തദ്ദേശ തെരഞ്ഞടുപ്പിൽ ഈ കലഹം തെരുവിലെത്തിയിരുന്നു. കോൺഗ്രസിനെ മുസ്‌ലിം ലീഗ് വിഴുങ്ങുന്നുവെന്ന വികാരം ഒരു വിഭാഗം കോൺഗ്രസുകാർക്കിടിയിൽ പ്രബലമാണ്. ഇതിലൊക്കെയാണ് ഇടതുപക്ഷം പ്രതീക്ഷ വെക്കുന്നത്. 
മികച്ച പാർലമെന്റേറിയനും വാഗ്മിയും ചിന്തകനും എഴുത്തുകാരനുമായ പി. രാജീവിന് പക്ഷെ തെരഞ്ഞെടുപ്പുകളിൽ തോറ്റ ചരിത്രം മാത്രമാണുള്ളത്. സി.പി.എമ്മിനെ ആശങ്കപ്പെടുത്തുന്നത് ഈ ചരിത്രം മാത്രമല്ല. കളമശ്ശേരിയിൽ പി. രാജീവിന്റെ വലംകൈയായ വി.എ. സക്കീർ ഹുസൈനെതിരെ ഒരു വിഭാഗം സി.പി.എം നേതാക്കൾക്കുള്ള കടുത്ത അതൃപ്തി തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്നുള്ള ആശങ്കയും അവർക്കുള്ളിലുണ്ട്. സക്കീർ ഹുസൈന്റെ സസ്‌പെൻഷൻ കാലാവധി അവസാനിച്ചെങ്കിലും ഏരിയാ കമ്മിറ്റി ചേർന്ന് അദ്ദേഹത്തെ തിരിച്ചെടുക്കാനുള്ള നടപടി ഇതുവരെ സ്വീകരിക്കാത്തത് ഈ എതിർപ്പ് മൂലമാണ്. 


കളമശ്ശേരിയിലേക്ക് ജില്ലാ കമ്മിറ്റി നിർദേശിച്ച കെ. ചന്ദ്രൻപിള്ളക്ക് വ്യവസായ മേഖലയിൽ ചെറുതല്ലാത്ത പിന്തുണയുണ്ട്. ചന്ദ്രൻപിള്ളക്ക് സീറ്റ് നൽകാത്തതിനെതിരെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ പ്രതിഫലിക്കുന്നത് ഇവരുടെ പ്രതിഷേധമാണ്. ഇത് തെരഞ്ഞെടുപ്പിലും പ്രതിഫലിക്കാമെന്നതും ആശങ്കപ്പെടുത്തുന്ന ഘടകമാണ്. വി.എസ്. പക്ഷം ഇല്ലാതായെങ്കിലും അവശിഷ്ട ഗ്രൂപ്പിലെ അസംതൃപ്തരുടെ നിര അവഗണിക്കാൻ കഴിയുന്നത്ര ചെറുതല്ല വിഭാഗീയതയുടെ തലസ്ഥാനമായിരുന്ന എറണാകുളം ജില്ലയിൽ. വി.എസിന്റെ ഇടംവലം നിന്നിരുന്ന എസ്. ശർമക്കും ചന്ദ്രൻപിള്ളക്കും സീറ്റ് നിഷേധിക്കപ്പെട്ടത് തെരഞ്ഞെടുപ്പിൽ ഉണ്ടാക്കുന്ന പ്രത്യാഘാതം എത്രയായിരിക്കുമെന്നതിനെ കൂടി ആശ്രയിച്ചാണ് കളമേശ്ശേരിയിൽ പി. രാജീവിന്റെ വിജയസാധ്യത. 

 

Latest News