Sorry, you need to enable JavaScript to visit this website.

തിബത്തൻ ആക്ടിവിസ്റ്റിന്റെ പദയാത്ര ബുധനാഴ്ച സമാപിക്കും

തിബത്തൻ കവി ടെൻസിൻ സ്യുന്ത്യുവിന്റെ പദയാത്ര 

ന്യൂദൽഹി- ഇന്ത്യയിൽ അഭയാർഥിയാണ്  തിബത്തൻ കവി ടെൻസിൻ സ്യുന്ത്യു. അയാൾ കേവലം ഒരെഴുത്തുകാരൻ മാത്രമല്ല. മനുഷ്യാവകാശ പ്രവർത്തകനും സംസ്‌കാരവും ഭാഷയുമെല്ലാം നഷ്ടമാകുന്ന ഒരു ജനതയുടെ അതിജീവന പോരാട്ടത്തിന്റെ പ്രതീകം കൂടിയാണ്. ലോകത്തിലെ ഒറ്റ രാജ്യവും പിന്തുണയ്ക്കാനില്ലാത്ത, ജനാധിപത്യ,  മനുഷ്യാവകാശ പ്രസ്ഥാനങ്ങൾ മൗനം പാലിക്കുന്ന ഒരു വിഷയത്തെ കുറിച്ച് ജനങ്ങളോട് സംസാരിക്കാൻ ഇന്ത്യയാകെ പദയാത്ര നടത്തുകയാണയാൾ. തിബത്തൻ പുതുവർഷമായ ഫെബ്രുവരി 12 ന് ആരംഭിച്ച ആ നടത്തം മാർച്ച് 10 ന് ദൽഹിയിലെത്തുമ്പോഴേക്കും  500 കിലോമീറ്റർ പിന്നിട്ടിരിക്കും. ഭീമാകാരമായ രാഷ്ട്രഘടനയെ ചോദ്യം ചെയ്യുകയാണയാൾ. ചൈന - ഇന്ത്യ അതിർത്തിയിലെ സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം തിബത്തിന്റെ സ്വാതന്ത്ര്യമാണെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. ഇന്ത്യ ഏക ചൈനാ നയം റദ്ദാക്കണമെന്ന് ഇന്ത്യൻ ഗവൺമെന്റിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു. അതിന് വേണ്ടി അദ്ദേഹം തയാറാക്കിയ ഓൺലൈൻ പരാതിയിൽ ഒപ്പിടണമെന്നും തന്റെ ഒറ്റയാൾ മാർച്ചിനെ പിന്തുണയ്ക്കണമെന്നും ജനങ്ങളോട് ആവശ്യപ്പെടുന്നു.
 ഇന്ത്യക്ക് ചൈനയെ തടയാൻ കഴിയണമെങ്കിൽ ഏക ചൈനാ നയം നിരസിച്ച് തിബത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും അംഗീകരിക്കണം.
ചൈനയേക്കാൾ സാംസ്‌കാരികവും രാഷ്ട്രീയവുമായ പാരമ്പര്യമുള്ള ഒരു സമൂഹമാണ് തിബത്ത്. ചരിത്രത്തിൽ ചൈനക്കു മുമ്പേ രൂപപ്പെട്ട രാജ്യവും. ആയുധ ശക്തി കൊണ്ടാണ് ചൈന തിബത്തിൽ അധിനിവേശം നടത്തിയത്. ഒരു ജനാധിപത്യ സമൂഹത്തിന് ഇത് അംഗീകരിക്കാനാകുമോ എന്നാണ് ഇന്ത്യക്കാരോട് പദയാത്രയിലുടനീളം ടെൻസിംഗ് സ്യുന്ത്യു എന്ന കവി ചോദിക്കുന്നത്.

 

 

Tags

Latest News