Sorry, you need to enable JavaScript to visit this website.

ഇന്ധന വില വർധന; പ്രതിപക്ഷം പാർലമെന്റ് സ്തംഭിപ്പിച്ചു

ന്യൂദൽഹി- ഇന്ധന വില കുതിച്ചുയരുന്നതിന് എതിരെ പ്രതിപക്ഷം ഉയർത്തിയ ബഹളത്തിൽ പാർലമെന്റ് സ്തംഭിച്ചു. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം തുടക്കത്തിൽ ഇന്ധന വില വർധന ചൂണ്ടിക്കാട്ടി പ്രതിപക്ഷം ലോക്‌സഭയിലും രാജ്യസഭയിലും പ്രതിഷേധം ഉയർത്തി. പ്രതിപക്ഷ ബഹളത്തിൽ മുങ്ങി ഇരു സഭകളും ഇന്നലെ പിരിഞ്ഞു.
രാജ്യസഭയിൽ ചോദ്യോത്തര വേള ആരംഭിച്ചപ്പോൾ പ്രതിപക്ഷം വിഷയം ഉന്നയിച്ചു. ഇന്ധന വില വർധന കാരണം രാജ്യത്തെ കർഷകർ ഉൾപ്പടെ സാധാരണക്കാർ നട്ടം തിരിയുകയാണെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വില കുത്തനെ കൂടി. 2014 മുതൽ സർക്കാർ എക്‌സൈസ് നികുതിയായി പിരിച്ചത് 21 ലക്ഷം കോടി രൂപയാണ്. അക്കാര്യം കൊണ്ടു മാത്രം രാജ്യം ബുദ്ധിമുട്ടുകയും ഇന്ധന വില നിയന്ത്രണാതീതമായി കുതിച്ചു കയറുകയാണെന്നും ഖാർഗെ കുറ്റപ്പെടുത്തി. എക്‌സൈസ് നികുതിയിനത്തിൽ പിരിച്ചെടുത്ത തുക ചെലവിട്ടതിന്റെ വിശദാംശങ്ങൾ സർക്കാർ വ്യക്തമാക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.


സഭ നടപടികൾ നിർത്തിവെച്ച് ഇന്ധന വില വർധന ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഖാർഗെ ഉൾെപ്പടെയുള്ള നേതാക്കൾ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും അധ്യക്ഷൻ അനുമതി നിരസിച്ചു. പിന്നീട് പലതവണ ബഹളത്തിൽ മുങ്ങി സഭപിരിഞ്ഞപ്പോഴും പ്രതിപക്ഷം പ്രതിഷേധം ഉയർത്തി. ഒടുവിൽ ഉച്ചക്ക് രണ്ടിന് വീണ്ടും ചേർന്നപ്പോഴും ബഹളം രൂക്ഷമായതോടെ സഭ ഇന്നലത്തേക്കു പിരിഞ്ഞു. 
ഇന്ധന വിലയെച്ചൊല്ലി പ്രതിപക്ഷം ലോക്‌സഭയിലും ബഹളമുയർത്തി. പ്രതിപക്ഷ പ്രതിഷേധം രൂക്ഷമായതോടെ സഭ നടപടികളിലേക്കൊന്നും തന്നെ കടക്കാതെ ഇന്നലെത്തേക്കു പിരിഞ്ഞു. വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എം.പി എൻ.കെ പ്രേമചന്ദ്രൻ ഉൾെപ്പടെ പ്രതിപക്ഷ എം.പിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. 

 

Tags

Latest News