വികസനത്തിന്റെ പുതിയ സംസ്‌കാരം സൃഷ്ടിച്ചു -മന്ത്രി സുനിൽകുമാർ

കിഴക്കൻ പ്രവിശ്യ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുന്നു.

ദമാം - ഇടതു സർക്കാറിന്റെ വികസന സ്പർശം ചെന്നെത്താത്ത ഒരു കുടുംബം പോലും ഇന്ന് കേരളത്തിൽ ഉണ്ടാകില്ലന്നും രാഷ്ട്രീയ കാരണങ്ങളാൽ കേരളത്തോടുണ്ടായ കേന്ദ്രസർക്കാരിന്റെ അവഗണനയും, നിപ്പയും, പ്രളയവും, കൊറോണയും പോലുള്ള പ്രതിസന്ധികളുമെല്ലാം ഉണ്ടായിട്ടും, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ഭവനം, പൊതുമരാമത്ത്, വ്യവസായം, സാമൂഹ്യക്ഷേമം, പ്രവാസി ക്ഷേമം എന്നിങ്ങനെ കേരളത്തിന്റെ സമസ്ത മേഖലകളിലും ഇന്ന് വരെ കാണാത്ത വികസനത്തിന്റെ പുതിയ സംസ്‌കാരമാണ് സർക്കാർ സൃഷ്ടിച്ചതെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ അഭിപ്രായപ്പെട്ടു. 
കിഴക്കൻ പ്രവിശ്യ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഓൺലൈനിൽ സംഘടിപ്പിച്ച നിയമസഭാ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി, മത, രാഷ്ട്രീയ പരിഗണനകൾ നോക്കാതെ കേരള സമൂഹത്തിന്റെ എല്ലാ ശ്രേണിയിലുമുള്ള ജനങ്ങളെയും ചേർത്തുപിടിച്ച ഒരു സർക്കാരാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ജാതിമതശക്തികളുടെ പാദസേവ ചെയ്തും, അഴിമതിയുടെ പാലാരിവട്ടം പാലങ്ങൾ പണിതും, മോശം ഭരണത്തിലൂടെ ജനജീവിതം ദുരിതത്തിലാക്കിയും കേരളത്തെ പിറകോട്ടടിച്ച ഉമ്മൻചാണ്ടി സർക്കാരിനോടുള്ള ജനങ്ങളുടെ വെറുപ്പാണ് ഇടതുപക്ഷ സർക്കാരിനെ 2016 ൽ അധികാരത്തിൽ എത്തിച്ചത്. ജനങ്ങൾക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകടനപത്രികയിലൂടെ നൽകിയ വാഗ്ദാനങ്ങളൊക്കെ അഞ്ച് വർഷം കൊണ്ട് പാലിച്ചു എന്ന ഉറപ്പോടെയാണ് ഇടതുപക്ഷം തുടർഭരണത്തിനായി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 
കിഫ്ബിയിലൂടെ വികസനത്തിന് പണം കണ്ടെത്തിയതും, നൂറുകണക്കിന് വികസന പദ്ധതികൾ അതിലൂടെ നടപ്പിലാക്കിയതും സർക്കാരിന്റെ നേട്ടങ്ങളാണ്. അതിന്റെയൊക്കെ അംഗീകാരമാണ് തദ്ദേശ തെരെഞ്ഞെടുപ്പിൽ ജനങ്ങൾ ഇടതുമുന്നണിക്കു നൽകിയത്. ജനങ്ങൾക്കായി ചെയ്ത നല്ല ഭരണത്തിന്റെയും, വികസനപ്രവർത്തനങ്ങളുടെയും ചിറകിലേറി ഇടതുമുന്നണി സർക്കാർ ഭരണത്തുടർച്ച നേടും എന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു.
സൂം പ്ലാറ്റ്ഫോമിൽ നടന്ന ഓൺലൈൻ കൺവെൻഷനിൽ കിഴക്കൻ പ്രവിശ്യയിലെ വിവിധ സ്ഥലങ്ങളിലുള്ള എൽ.ഡി.എഫ് നേതാക്കളും, അനുഭാവികളും പങ്കെടുത്തു. ഇ.എം. കബീർ അധ്യക്ഷത വഹിച്ചു. ലോക കേരളസഭാംഗം ആൽബിൻ ജോസഫ് പ്രവാസി ക്ഷേമത്തിനായി സർക്കാർ ഇതുവരെ നടപ്പാക്കിയ വിവിധ പദ്ധതികളെക്കുറിച്ചു വിവരിച്ചു.  ബെൻസി മോഹൻ സ്വാഗതവും റഷീദ് കോട്ടപ്പുറം നന്ദിയും പറഞ്ഞു. കിഴക്കൻ പ്രവിശ്യയിലെ എൽ.ഡി.എഫ് നേതാക്കളായ പവനൻ മൂലക്കൽ, മുഹമ്മദ് നഈം, സൈനുദ്ദീൻ കൊടുങ്ങല്ലൂർ, സാജൻ കണിയാപുരം, ഷാജി മതിലകം, ഹനീഫ അറബി, മുഫീദ് കുരിയാടൻ, അഷറഫ് കൊടുങ്ങല്ലൂർ എന്നിവർ നേതൃത്വം നൽകി.

 


 

Latest News