ന്യൂദൽഹി- അന്താരാഷ്ട്ര വനിത ദിനത്തിൽ പാർലമെന്റിൽ 33 ശതമാനം വനിത സംവരണം നടപ്പാക്കണം എന്ന ആവശ്യവുമായി വനിത എംപിമാർ. രാജ്യസഭയിൽ നടന്ന ചർച്ചയ്ക്കിടെയാണ് വനിത സംവരണം നടപ്പാക്കണമെന്ന് എംപിമാർ ഒന്നടങ്കം ആവശ്യപ്പെട്ടത്. വനിതകൾക്ക് പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്ന ബില്ല് പാർലമെന്റിൽ അവതരിപ്പിച്ച് കാൽനൂറ്റാണ്ട് തികയാറായിട്ടും ഇതുവരെ നിയമമായി പുറത്തേക്ക് വന്നിട്ടില്ല.
1996ൽ ദേവ ഗൗഡ സർക്കാരാണ് വനിത ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചത്. പ്രതിപക്ഷ കക്ഷികളുടെ എതിർപ്പ് കാരണം അന്നു ബില്ല് പാസായില്ല. പിന്നീട് അടൽ ബിഹാരി വാജ്പേയ് സർക്കാരിന്റെ കാലത്ത് 1998, 1999, 2003 വർഷങ്ങൾ മൂന്ന് തവണ പാർലമെന്റിൽ വനിത സംവരണ ബില്ല് അവതരിപ്പിച്ചു. പിന്നീട് മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് വീണ്ടും ബില്ല് പാർലമെന്റിൽ അവതരിപ്പിച്ച് രാജ്യസഭയിൽ പാസായി എങ്കിലും ലോക്സഭ കടന്നില്ല. ബില്ല് ചർച്ചയ്ക്ക് എടുത്തപ്പോൾ തന്നെ ലോക്സഭ ബഹളത്തിൽ മുങ്ങുകയായിരുന്നു.
2014ൽ അധികാരത്തിൽ എത്തിയ ശേഷം നരേന്ദ്ര മോദി സർക്കാർ ഒരിക്കൽ പോലും വനിത സംവരണ ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചിട്ടില്ല. ബില്ല് ഇപ്പോൾ പാസാകുകയാണെങ്കിൽ അടുത്ത തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ലോക്സഭയിൽ വനിത എംപിമാരുടെ എണ്ണം 180 ആയി ഉയരും. നിലവിൽ 78 വനിത എംപിമാരാണ് ഉള്ളത്. രാജ്യസഭയിലെ 27 വനിത എംപിമാരുടെ എണ്ണം 81 ആകും.
ആറു ശതമാനത്തോളം വനിതകൾക്ക് മാത്രമേ നേതൃനിരയിലേക്ക് എത്തിച്ചേരാൻ കഴിയുന്നുള്ളൂ. അതിനാൽ വനിത സംവരണ ബില്ല് പാസാക്കി സംവരണം ഉറപ്പാക്കണമെന്ന് എൻസിപി എംപി ഫൗസിയ ഖാൻ പറഞ്ഞു. പരമ്പരാഗതമായ പെല കെട്ടുപാടുകളും നിർണായക സ്ഥാനങ്ങളിൽ എത്തുന്നതിൽ രാജ്യത്തെ വനിതകളെ വിലക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.
വനിത സംവരണം 50 ശതമാനം ആക്കണമെന്നാണ് ശിവസേന എംപി പ്രിയങ്ക ചതുർവേദി പറഞ്ഞത്. 24 വർഷം മുൻപാണ് 33 ശതമാനം എന്ന ആവശ്യം ഉയർന്നത്. ഇപ്പോൾ കാലം ഏറെ മുന്നോട്ടു പോയിരിക്കുന്നു. അതിനാൽ പാർലമെന്റിൽ വനിതകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
എന്നാൽ, വനിത ദിനവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ ഏറെ രസകരമായ ഒരാവശ്യം ഉന്നയിച്ചത് ബിജെപി എംപി സൊനാൽ മാൻസിംഗ് ആണ്. വനിത ദിനം ആചരിക്കുന്നത് പോലെ തന്നെ പുരുഷ ദിനവും ആചരിക്കണമെന്നായിരുന്നു പ്രശസ്ത നർത്തകി കൂടിയായ സൊനാൽ മാൻസിംഗിന്റെ ആവശ്യം.






