ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ഖത്തര്‍-യെമന്‍ ധാരണ

ദോഹ - ഉഭയകക്ഷി ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാനും പ്രാദേശികവും അന്തര്‍ദേശീയവുമായ രാഷ്ട്രീയ സംഭവവികാസങ്ങള്‍ സംബന്ധിച്ച നിലപാടുകള്‍ ഏകോപിപ്പിക്കാനും യെമന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട നയതന്ത്ര നിലപാടുകളും അഭിപ്രായങ്ങളും ഏകീകരിക്കാനും മേഖലയില്‍ സമാധാനവും സ്ഥിരതയുമുണ്ടാക്കുന്നതിന് കൂട്ടായി പ്രവര്‍ത്തിക്കാനും ഖത്തറും യെമനും ധാരണയിലെത്തി. ദോഹയില്‍ വെച്ച് യെമന്‍ വിദേശ, പ്രവാസികാര്യ മന്ത്രി ഡോ. അഹ്മദ് അവദ് ബിന്‍ മുബാറക്കും ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ധാരണയിലെത്തിയത്.
വ്യത്യസ്ത മേഖലകളില്‍ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ച് ഇരു നേതാക്കളും വിശകലനം ചെയ്തു. യെമനില്‍ റിലീഫ്, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തര്‍ നടത്തുന്ന ശ്രമങ്ങളെയും ഇറാന്‍ പിന്തുണയുള്ള ഹൂത്തി മിലീഷ്യകളുടെ അട്ടിമറി അവസാനിപ്പിക്കാന്‍ നിയമാനുസൃത യെമന്‍ ഭരണകൂടത്തിന് നല്‍കുന്ന പിന്തുണയെയും പ്രശംസിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിക്കുള്ള യെമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ കത്ത് കൂടിക്കാഴ്ചക്കിടെ യെമന്‍ വിദേശ മന്ത്രി ഖത്തര്‍ വിദേശ മന്ത്രിക്ക് കൈമാറി.

 

Latest News