സ്വദേശിവൽക്കരണ തോത് അനുദിനം ഓരോ മേഖലകളിലും വർധിക്കുകയാണ്. സർക്കാർ മേഖലയിൽ സമ്പൂർണ സ്വദേശിവൽക്കരണം ലക്ഷ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. 2020 ഓടെ സർക്കാർ മേഖലയിൽ ഒരു വിദേശി പോലും ഉണ്ടാവാത്തവിധത്തിലാണ് ഈ രംഗത്ത് സ്വദേശിവൽക്കരണം നടപ്പാക്കുന്നത്. സ്വകാര്യ മേഖലയിലേക്കും സമ്പൂർണ സ്വകാര്യവൽക്കരണം വ്യാപിക്കുകയാണ്. മൊബൈൽ മേഖലയിൽ ഇതു നടപ്പാക്കി കഴിഞ്ഞു. വിദേശികളായ ആയിരക്കണക്കിനു പേർ ജോലി ചെയ്യുകയും സ്ഥാപനങ്ങൾ നടത്തുകയും ചെയ്തിരുന്ന ഈ രംഗം ഇന്ന് പൂർണമായും സ്വദേശികളുടെ കൈകളിലാണ്. സമ്പൂർണ സ്വദേശിവൽക്കരണം അധികനാൾ നിനിൽക്കില്ലെന്നും ഈ മേഖലയിൽ വിദേശികൾക്ക് വീണ്ടും ഇടം കിട്ടുമെന്നുമായിരുന്നു പലരുടേയും കണക്കുകൂട്ടൽ. എന്നാൽ അതു അസ്ഥാനത്തായി. ഈ രംഗത്ത് പ്രവർത്തിച്ചിരുന്നവർ വീണ്ടും ഒരു തിരിച്ചുവരവ് സാധ്യമായേക്കുമെന്ന പ്രതീക്ഷയിൽ ജോലിയില്ലാതെയും താൽക്കാലിക ജോലികൾ ചെയ്തും മാസങ്ങളോളം പിടിച്ചു നിന്നുവെങ്കിലും തിരിച്ചുവരവ് അസാധ്യമാകും വിധം നിയമങ്ങളും പരിശോധനകളും കർക്കശമാക്കി മൊബൈൽ മേഖല സ്വദേശികളുടെ കൈകളിൽ സുരക്ഷിതമാണെന്ന് ഉറപ്പു വരുത്താൻ ഭരണകർത്താക്കൾക്കായി. ഇതോടെ ഈ രംഗത്ത് പ്രവർത്തിച്ചിരുന്ന ആയിരങ്ങളാണ് തൊഴിൽ രഹിതരായത്. ഇതിൽ ഇന്ത്യക്കാരുടെ കൂട്ടത്തിൽ മലയാളികളുടെ എണ്ണം മറ്റേത് സംസ്ഥാനത്തേക്കാളും കൂടുതലായിരുന്നു. ഈ മേഖലയിലെ ബിനാമി ബിസിനസിനെ നിയന്ത്രിക്കുന്നതിനും സ്വദേശിവൽക്കരണം ഉപകരിച്ചുവെന്നു വേണം വിലയിരുത്താൻ.
അതു പോലെ മറ്റു മേഖലകളിലും സ്വദേശിവൽക്കരണ തോത് വർധിക്കുകയാണ്. സമ്പൂർണ സ്വദേശിവൽക്കരണം ലക്ഷ്യമിടുന്ന അടുത്ത മേഖല സ്വർണാഭരണ വ്യാപര രംഗമാണ്. ഡിസംബർ മൂന്നു മുതൽ ഇതു കർക്കശമാക്കുമെന്ന മുന്നറിയിപ്പ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നൽകിയിട്ടുണ്ട്. വിദേശികൾ ജോലി ചെയ്യുന്ന ജ്വല്ലറികൾ കെണ്ടത്തി ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും നിയമം ലംഘിച്ച് ജ്വല്ലറികളിൽ ജോലി ചെയ്യുന്ന വിദേശികളെ പിടികൂടുന്നതിനും പരിശോധനകൾ ആരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
നിയമം കർക്കശമാക്കുന്നതോടെ ആയിരക്കണക്കിനു വിദേശി തൊഴിലാളികളായിരിക്കും ഈ രംഗത്തുനിന്ന് പുറംതള്ളപ്പെടുക. കഴിഞ്ഞ മൂന്നു മാസത്തിനിടെ സൗദിയിൽ 1,10,504 വിദേശികൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. ഇതിൽ 1,10,400 പേർ സ്വകാര്യ മേഖലയിലും 104 പേർ പൊതുമേഖലയിലും ജോലി ചെയ്തിരുന്നവരാണ്. തൊഴിൽ നഷ്ടം ഉണ്ടാകുന്ന തോതിൽ തന്നെ പുതിയ തൊഴിൽ സാധ്യതകൾ തുറക്കപ്പെടുന്നുണ്ടെങ്കിലും ദീർഘകാലമായി ഇവിടെ ജോലി ചെയ്തുകൊണ്ടിരുന്ന പരിചയ സമ്പന്നർക്കാണ് കൂടുതലായും ജോലി നഷ്ടപ്പെടുന്നത്. ഇവർക്ക് പുതിയ ജോലികൾ കണ്ടെത്താൻ കഴിയുന്നുമില്ല.
ഇത് ഒട്ടേറെ കുടുംബങ്ങളെ പ്രയാസത്തിലാക്കിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ഇന്ത്യയിൽനിന്ന് സൗദിയിലെത്തുന്ന തൊഴിലാളികളുടെ എണ്ണത്തിൽ വർധനയാണ് കാണിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ 30,39,000 ഇന്ത്യക്കാരാണ് സൗദിയിലുണ്ടായിരുന്നതെങ്കിൽ ഒക്ടോബറിൽ അത് 32,53,000 ആയി വർധിച്ചുവെന്നാണ് അധികൃതരുടെ വെളിപ്പെടുത്തൽ. അതായത്, പോകുന്നതിനേക്കാൾ കൂടുതൽ പേർ വരുന്നുണ്ടെന്നു വേണം കരുതാൻ.
കണക്കുകൾ തൊഴിൽ തേടുന്നവർക്ക് ആശ്വാസം പകരുന്നതാണെങ്കിലും സ്വദേശിവൽക്കരണവും പുതിയ നയനിലപാടുകളും ആയിരക്കണക്കിനു പേർക്ക് തൊഴിൽ നഷ്ടം വരുത്തിയിട്ടുണ്ടെന്നത് വസ്തുതയാണ്. മൊബൈൽ മേഖല പോലെ മലയാളികൾ ഏറെ ജോലി ചെയ്യുന്ന രംഗമാണ് സ്വർണ, വജ്രാഭരണ വിപണന മേഖല. ആഭരണ നിർമാണ മേഖലയിലും ഈ രംഗത്ത് വൈദഗ്ധ്യം നേടിയ മലയാളികൾ വളരെ കൂടുതലാണ്.
സൗദിയിൽ ആറായിരത്തോളം സ്വർണാഭരണക്കടകളും രണ്ടായിരത്തോളം സ്വർണാഭരണ നിർമാണ, അറ്റകുറ്റപ്പണി കേന്ദ്രങ്ങളുമുണ്ട്. ഇവിടങ്ങളിൽ അൻപതിനായിരത്തിലേറെ പേരാണ് ജോലി ചെയ്യുന്നത്. ഈ രംഗത്ത് നിതാഖാതിന്റെ ആരംഭ ഘട്ടത്തിൽ തന്നെ സ്വദേശിവർക്കരണം കൊണ്ടുവന്നിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. പരിചയ സമ്പന്നരായ സ്വദേശികളുടെ കുറവായിരുന്നു ഇതിനു കാരണം. പിന്നീടും പല ഘട്ടങ്ങളിലും സ്വദേശിവൽക്കരണ തോത് ഉയർത്താൻ ശ്രമം ഉണ്ടായെങ്കിലും വിദേശികൾക്കു തന്നെയായിരുന്നു മേൽക്കോയ്മ. എന്നാൽ ഡിസംബർ മൂന്നിന് സമ്പൂർണ സ്വദേശിവൽക്കരണം നിർബന്ധമായും നടപ്പാക്കണമെന്നാണ് നിർദേശം. അതിനായി ഈ രംഗത്ത് ആവശ്യമായ പരിശീലനം നൽകി സ്വദേശി യുവതി, യുവാക്കളെ സജ്ജമാക്കിയിട്ടുണ്ട്. ഇത് ഈ രംഗത്ത് പണിയെടുക്കുന്ന ആയിരക്കണക്കിനു വിദേശികളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. സ്വർണാഭരണ മേഖലയിലെ തൊഴിലാളികൾക്ക് മൊബൈൽ മേഖലയിലേതു പോലെ മികച്ച വേതനവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. സമ്പൂർണ സ്വദേശിൽക്കരണം പൂർണ തോതിൽ നടപ്പായാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുക മലയാളികളെയായിരിക്കും. കാരണം സൗദിയിലെ ഓരോ കടകളിലും കുറഞ്ഞത് ഒരു മലയാളിയെങ്കിലും ജോലി ചെയ്യുന്നുണ്ട്. ഇതിനു പുറമെ മലയാളികളുടെ മേൽനോട്ടത്തിലുള്ള സ്വർണാഭരണ കടകളിൽ ബഹുഭൂരിഭാഗം പേരും മലയാളികളാണ്. വിദ്യാസമ്പന്നരും സ്വർണാഭരണ, നിർമാണ, വിപണന മേഖലയിൽ പ്രത്യേകം പരിശീലനം ലഭിച്ചവരുമായ ഇവർക്ക് മറ്റൊരു മേഖലയിൽ തൊഴിൽ കണ്ടെത്തുക എളുപ്പമാവില്ല. അങ്ങനെയാവുമ്പോൾ പലർക്കും നാട്ടിലേക്കു മടങ്ങേണ്ടിവരും. ഇത് കേരളത്തിന്റെ സാമ്പത്തിക മേഖലയെ ഒന്നുകൂടി തളർത്തും.
സ്വർണാഭരണ വിപണന മേഖല പൊതുവെ മാന്ദ്യത്തിന്റെ പിടിയിലാണ്. 2017 ആദ്യപാദത്തിൽ സ്വർണ ഉപഭോഗത്തിൽ 14 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ എട്ടു വർഷത്തെ ഏറ്റവും കുറഞ്ഞ ഉപഭോഗമാണിത്. ലോകത്താകമാനമുണ്ടായ ഇടിവ് സൗദിയിലും ഉണ്ടായിട്ടുണ്ട്. സമ്പൂർണ സ്വദേശിവൽക്കരണത്തോടെ ഇത് കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെ വരുമ്പോൾ പല കടകൾക്കും പിടിച്ചു നിൽക്കാൻ കഴിയാതെ വരുമെന്നും മുപ്പതു ശതമാനത്തോളം കടകൾ പൂട്ടിപ്പോകാൻ സാധ്യതയുണ്ടെന്നുമാണ് ഈ രംഗത്തു പ്രവർത്തിക്കുന്നവർ പറയുന്നത്. ഇതൊക്കെയാണെങ്കിലും സമ്പൂർണ സ്വദേശിവൽക്കരണമെന്ന നിലപാടിൽ വെള്ളം ചേർക്കാൻ സാധ്യത കുറവാണ്. ഇതു മുൻകൂട്ടി കണ്ട് ഈ രംഗത്തു പ്രവർത്തിക്കുന്നവർ മറ്റു മാർഗങ്ങൾ അവലംബിക്കുന്നതാവും ഉചിതം.






