ന്യൂദൽഹി- കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത് പരിഗണിച്ച് പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം വെട്ടിച്ചുരുക്കിയേക്കും. പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കണമെന്ന് രാജ്യസഭ അധ്യക്ഷൻ എം. വെങ്കയ്യ നായിഡുവിനോടും ലോക്‌സഭ സ്പീക്കർ ഓം ബിർളയോടും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട തിരക്കുകൾ ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാക്കൾ അടക്കം ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കേരളം, പശ്ചിമബംഗാൾ, ആസാം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് മാർച്ച് 27 മുതൽ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്.
പാർലമെന്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഏപ്രിൽ 18നാണ് അവസാനിക്കുന്നത്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം രണ്ട് ആഴ്ചക്കാലത്തേക്ക് മാത്രമേ ഉണ്ടാകൂ എന്നാണ് നിലവിലുള്ള സൂചനകൾ. ധനബില്ലുകളും ഉപധനാഭ്യർഥന ചർച്ചയും മാത്രമാണ് നിലവിൽ സർക്കാരിന്റെ പരിഗണനയിലുള്ളത്. ബജറ്റ് സമ്മേളനത്തിൽ പാസാക്കുന്നതിനായി 25 ബില്ലുകൾ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇവ അടുത്ത സമ്മേളനത്തിൽ ഉൾപ്പെടുത്താനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്.
എംപിമാർ ഉൾപ്പടെയുള്ളവർ കോവിഡ് വാക്‌സിൻ സ്വീകരിച്ചതിന് ശേഷമായിരിക്കും സമ്മേളനം തുടങ്ങുക. എന്നാൽ, വിവിധ കക്ഷികളുടെ എംപിമാർ തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ പ്രചാരണ തിരക്കുകളിൽ ആയതിനാൽ എല്ലാവരും തന്നെ സമ്മേളനത്തിൽ ഹാജരായിരിക്കില്ല.






