മലപ്പുറം- നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാർഥികളെ കണ്ടെത്തുമ്പോൾ മണ്ഡലങ്ങളിലെ പ്രാദേശിക മുസ്ലിം ലീഗ് നേതാക്കൾക്ക് പ്രധാന പരിഗണന നൽകണമെന്ന് ആവശ്യം. ഇറക്കുമതി സ്ഥാനാർഥികൾ വേണ്ടെന്നും ആവശ്യമുയർന്നു. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാർഥികളെ കണ്ടെത്തുന്നതിനായി സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നേരിട്ട് വിളിച്ചുകൂട്ടിയ പ്രാദേശിക നേതാക്കളുടെ യോഗത്തിലാണ് ആവശ്യമുയർന്നത്. ആവശ്യം പരിഗണിക്കുമെന്ന് തങ്ങൾ പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഭാരവാഹികളും മണ്ഡലം ഭാരവാഹികളുമായി ചർച്ചനടത്തി. മണ്ഡലത്തിലെ വോട്ടർമാർക്ക് നേരിട്ടു പരിചയമുള്ള നേതാക്കൾക്കായിരിക്കണം മുൻഗണനയെന്നും മറ്റു ജില്ലകളിൽ നിന്ന് സ്ഥാനാർഥികളെ കൊണ്ടുവരരുതെന്നും മണ്ഡലം ഭാരവാഹികൾ ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് സ്ഥാനാർഥികൾ മത്സരിക്കുവാൻ സാധ്യതയുള്ള മുഴുവൻ നിയോജക മണ്ഡലങ്ങളിലെയും പ്രധാന ഭാരവാഹികളുമായാണ് ലീഗ് നേതൃത്വം കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടന്ന കൂടിക്കാഴ്ചയിൽ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന ജില്ലകളിലെ പാർട്ടി നേതാക്കളും പങ്കെടുത്തു. മണ്ഡലം തലത്തിൽ അനുയോജ്യരായ സ്ഥാനാർഥികളെ നിർദേശിച്ചിട്ടുണ്ടെന്നും നേതൃത്വം ഇത് പരിശോധിച്ച് ഏറ്റവും യോജിച്ച സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും കൂടിക്കാഴ്ചക്ക് ശേഷം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. ലഭ്യമായ ലിസ്റ്റ് പരിശോധിച്ച് അടുത്ത ദിവസങ്ങളിൽ ചേരുന്ന യോഗത്തിൽ സ്ഥാനാർഥികളെ തീരുമാനിച്ചതിന് ശേഷം പ്രഖ്യാപനമുണ്ടാവുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി.
മുസ്്ലിം ലീഗിനുള്ളിലെ ജനാധിപത്യ രീതിയുടെ ഭാഗമായാണ് മണ്ഡലം ഭാരവാഹികളുമായുള്ള ചർച്ചയെന്നും സംസ്ഥാന അധ്യക്ഷൻ തന്നെ താഴെ തട്ടിലുള്ള നേതാക്കളുമായി നേരിട്ട് ചർച്ച നടത്തുന്നത് പാർട്ടിയിലെ രാഷ്ട്രീയ മര്യാദയാണെന്നും ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. മണ്ഡലം തലത്തിലുള്ള അഭിപ്രായങ്ങൾ പരിശോധിച്ചതിന് ശേഷമായിരിക്കും സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. വ്യക്തമായ മാനദണ്ഡങ്ങൾ സ്ഥാനാർഥി നിർണയത്തിൽ ഉണ്ടാകും -ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു. യോഗത്തിൽ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗവും മലപ്പുറം ജില്ലാ പ്രസിഡന്റുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, സീനിയർ വൈസ് പ്രസിഡന്റ് എം.പി അബ്ദുസ്സമദ് സമദാനി എന്നിവരും പങ്കെടുത്തു.






