Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ ഭാഗിക കര്‍ഫ്യൂ നിലവില്‍ വന്നു

കുവൈത്ത് സിറ്റി- കുവൈത്തില്‍ ഒരു മാസത്തേക്ക് ഭാഗിക കര്‍ഫ്യൂ നിലവില്‍വന്നു. വൈകീട്ട് അഞ്ചു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് ഭാഗിക കര്‍ഫ്യൂ. ഇളവ് അനുവദിക്കപ്പെട്ട വിഭാഗങ്ങളല്ലാതെ മറ്റു വിഭാഗങ്ങളിലുള്ളവര്‍ ഈ സമയം പുറത്തിറങ്ങാന്‍ പാടില്ല. ഇന്നലെ വിപണിയില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ അഞ്ചു മുതല്‍ വൈകീട്ട് അഞ്ചുവരെ പ്രവര്‍ത്തനാനുമതിയുള്ളതിനാല്‍ തൊഴിലും വാണിജ്യ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി തടസ്സപ്പെടില്ല. എങ്കിലും വിപണിയെ പ്രതികൂലമായി ബാധിക്കും.
ഇന്നലെ മുതല്‍ ടാക്‌സിയില്‍ കയറാവുന്ന യാത്രക്കാരുടെ എണ്ണത്തിലും നിയന്ത്രണം കൊണ്ടുവന്നു. ഒരേ സമയം രണ്ടില്‍ കൂടുതല്‍ യാത്രക്കാര്‍ പാടില്ല. കഴിഞ്ഞ വര്‍ഷം നാലു മാസം പൂര്‍ണമായും ടാക്‌സികള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. അതിനു ശേഷം മെല്ലെ ഈ മേഖല സജീവമാകുന്നതിനിടെയാണ് വീണ്ടും നിയന്ത്രണം വന്നിട്ടുള്ളത്. ഇത് ഈ രംഗത്തു പണിയെടുക്കുന്ന 18,000 തൊഴിലാളികളെ പ്രതികൂലമായി ബാധിക്കും. രാത്രിയില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകളുടെ മാതൃകയിലുള്ള റസ്റ്റോറന്റുകള്‍ക്കും നിയന്ത്രണം പ്രയാസമുണ്ടാക്കും.
നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുണ്ട്. കര്‍ഫ്യൂ നടപ്പാക്കാന്‍ സേനാവിഭാഗങ്ങള്‍ സജ്ജമാണ്. പോലീസും സൈന്യവും നാഷനല്‍ ഗാര്‍ഡും നിയമലംഘകരെ കണ്ടെത്തുന്നതിനു സജീവമായി രംഗത്തുണ്ട്.

 

Latest News