മലപ്പുറം- പൊതു തെരഞ്ഞെടുപ്പിൽ പരമാവധി വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായുള്ള വിവിധ പ്രചാരണ പരിപാടികളുടെ ഭാഗമായി മലപ്പുറത്ത് നടന്ന സൗഹൃദ ക്രിക്കറ്റ് മത്സരം ആവേശമായി. ജില്ലയിലെ മാധ്യമ പ്രവർത്തകരുടെ മീഡിയ ഇലവനും കലക്ടറേറ്റ് ജീവനക്കാരുടെ കലക്ടറേറ്റ് ഇലവനും തമ്മിൽ മലപ്പുറം എം.എസ്.പി എൽ.പി സ്‌കൂൾ മൈതാനത്തായിരുന്നു മത്സരം. 15 ഓവർ മത്സരത്തിൽ അസിസ്റ്റന്റ് കലക്ടർ പി. വിഷ്ണുരാജ് നയിച്ച കലക്ടറേറ്റ് ഇലവൻ അഞ്ച് വിക്കറ്റിനു വിജയിച്ചു. ടോസ് നേടിയ മീഡിയ ഇലവൻ ക്യാപ്റ്റൻ കെ. ഷമീർ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 15 ഓവറിൽ എഴു വിക്കറ്റ് നഷ്ടത്തിൽ 89 റൺസാണ് മീഡിയ ഇലവൻ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ കലക്ടറേറ്റ് ഇലവൻ രണ്ട് ഓവർ ബാക്കി നിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 91 റൺസ് നേടി വിജയം സ്വന്തമാക്കി. ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ, പ്രസ് ക്ലബ് സെക്രട്ടറി കെ.പി.എം. റിയാസ് തുടങ്ങിയവർ കളിക്കാർക്ക് പ്രോത്സാഹനവുമായി ഗാലറിയിലുണ്ടായിരുന്നു. മാധ്യമ പ്രവർത്തകർ, വിവിധ വകുപ്പ് ജീവനക്കാർ, യുവ കൂട്ടായ്മാ പ്രവർത്തകർ, നാട്ടുകാർ തുടങ്ങി നിരവധി പേരാണ് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സൗഹൃദ മത്സരം കാണാനെത്തിയത്. യുവ വോട്ടർമാരെ ആകർഷിക്കുന്നതിനായി വൈവിധ്യമാർന്ന പരിപാടികൾ ജില്ലയിൽ നടപ്പാക്കി വരികയാണെന്ന് കലക്ടർ പറഞ്ഞു. ജനാധിപത്യത്തിന്റെ അടിത്തറയായ തെരഞ്ഞെടുപ്പിൽ പരമാവധി വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കപ്പെടേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന സന്ദേശങ്ങളുമായാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പ്രചാരണ പരിപാടികൾ പുരോഗമിക്കുന്നത്.






