തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റവർക്കു നിയമസഭയിലേക്കു സീറ്റില്ലെന്ന കോൺഗ്രസ് നിലപാടിനെച്ചൊല്ലി വയനാട്ടിൽ വിവാദം

കൽപറ്റ- തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റവർക്കു നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു സീറ്റ് നൽകില്ലെന്ന കോൺഗ്രസ് നിലപാടിനെച്ചൊല്ലിയും വയനാട്ടിൽ വിവാദം. കൽപറ്റ മണ്ഡലം സ്ഥാനാർഥി സാധ്യതാപട്ടികയിൽനിന്നു പുൽപള്ളിയിൽനിന്നുള്ള നേതാവും ഐ ഗ്രൂപ്പിലെ പ്രമുഖനുമായ കെ.എൽ. പൗലോസിനെ വെട്ടുന്നതിനാണ് ഈ ഉപാധി കൊണ്ടുവന്നതെന്നു ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരിൽ ഒരു വിഭാഗം പറയുന്നു. ജില്ലയിലെ കോൺഗ്രസ് നേതാക്കളിൽ ചിലരാണ് ഈ കളിക്കു പിന്നിലെന്ന സന്ദേഹവും അവർക്കുണ്ട്. 
ജില്ലയിലെ ഏക ജനറൽ നിയോജകമണ്ഡലമാണ് കൽപറ്റ. യു.ഡി.എഫിനു വിജയ സാധ്യയുള്ള മണ്ഡലത്തിൽ ജനവിധി തേടാൻ താത്പര്യമുള്ള കോൺഗ്രസ് നേതാക്കൾ ജില്ലയ്ക്ക് അകത്തും പുറത്തുമുണ്ട്. പാർട്ടിയിലെ എ ഗ്രൂപ്പിൽനിന്നുള്ള കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ കെ.സി. റോസക്കുട്ടി, ടി. സിദ്ദിഖ്, കെ.പി.സി.സി മെംബർ എൻ.ഡി. അപ്പച്ചൻ, ഡി.സി.സി സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയുമായ കെ.ഇ. വിനയൻ, ഐ ഗ്രൂപ്പിൽനിന്നുള്ള കെ.പി.സി.സി എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം പി.വി. ബാലചന്ദ്രൻ, കെ.പി.സി.സി സെക്രട്ടറി കെ.കെ. അബ്രഹാം, കെ.പി.സി.സി മെംബർ കെ.എൽ. പൗലോസ് ... ഇങ്ങനെ നീളുന്നതാണ് കൽപറ്റയിൽ പൊരുതാൻ മോഹമുള്ള കോൺഗ്രസ് നേതാക്കളുടെ നിര. സീറ്റ് ഉറപ്പിക്കുന്നതിനു ആഴ്ചകളായി കരുനീക്കം നടത്തിവരികയാണ് ഇവരിൽ പലരും. 
പാർട്ടി നേതൃത്വം കൽപറ്റ മണ്ഡലം എ ഗ്രൂപ്പിനു നൽകുന്നതിനു തടയിടാൻ ഐ വിഭാഗം അടുത്തിടെ നീക്കം നടത്തിയിരുന്നു. കാലങ്ങളായി കൽപറ്റ സീറ്റ് കോൺഗ്രസിനു ലഭിച്ചപ്പോഴെക്കെ മത്സരിച്ചതു ഐ ഗ്രൂപ്പിൽനിന്നുള്ളവരാണെന്നും ഇത്തവണയും ഈ സ്ഥിതി തുടരണമെന്നും ഗ്രൂപ്പ് നേതാക്കൾ പാർട്ടി നേതൃത്വത്തോടു ആവശ്യപ്പെട്ടു. 
സീറ്റ് ഐ ഗ്രൂപ്പിനു നൽകാൻ തീരുമാനമായാൽ ജില്ലയിൽനിന്നുള്ള നേതാക്കളിൽ പി.വി. ബാലചന്ദ്രൻ, കെ.എൽ. പൗലോസ്, കെ.കെ. അബ്രഹാം എന്നീ പേരുകൾ സ്വാഭാവികമായും പരിഗണനയ്ക്കു വരും. ഈ ഘട്ടത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റവർക്കു സീറ്റില്ലെന്ന നിലപാട് പാർട്ടി സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. 
തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലെ പൊഴുതന ഡിവിഷനിൽ കെ.എൽ. പൗലോസ് പരാജയപ്പെട്ടിരുന്നു. എൽ.ഡി.എഫിനു മുൻതൂക്കമുള്ള ഡിവിഷനിൽ കോൺഗ്രസ് ജില്ലാ നേതൃത്വം നിർദേശിച്ചതനുസരിച്ചാണ് പൗലോസ് മത്സരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റവർക്കു നിയമസഭയിലേക്കു മത്സരിക്കുന്നതിനു അവസരം നൽകില്ലെന്ന പാർട്ടി നിലപാട് പൗലോസിന്റെ സാധ്യതകൾക്കു വിലങ്ങുതടിയായി.
മുനിസിപ്പൽ ഡിവിഷനുകളിലും ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും മത്സരിക്കുന്നതു ഓരോ പാർട്ടിയിലെയും പ്രദേശിക നേതാക്കളാണ്. ഇവർ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ആവശ്യപ്പെട്ടു രംഗത്തിറങ്ങാനുള്ള സാധ്യത നന്നേ കുറവാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരുകൈ നോക്കണമെന്ന ആഗ്രഹം വിവിധ പാർട്ടി പ്രതിനിധികളിൽ ജില്ലാ പഞ്ചായത്തിലേക്കു മത്സരിച്ചു ജയിച്ചവരിൽ ചിലർക്കു ഉണ്ടായേക്കാം. 
എന്നാൽ തോറ്റവരിൽ നിയമസഭയിലേക്കു മത്സരിക്കാൻ യോഗ്യതയും താത്പര്യവും ഉള്ളവർ സംസ്ഥാനത്തു വിരളമാണ്. ഈ സാഹചര്യത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റവർക്കു നിയമസഭയിലേക്കു മത്സരിക്കുന്നതിനു അവസരം നിഷേധിക്കുന്ന കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം ഗൂഢാലോചനയുടെ ഭാഗമാണെന്നു കരുതുന്നവർ പാർട്ടി ജില്ലാ ഘടകത്തിൽ കുറവല്ല. പാർട്ടി നേതൃത്വം തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവും ഇക്കൂട്ടർ ഉന്നയിക്കുന്നുണ്ട്. ഡി.സി.സി മുൻ പ്രസിഡന്റാണ് കെ.എൽ. പൗലോസ്. 
രണ്ടു തവണ ജില്ലാ പഞ്ചായത്ത് അധ്യക്ഷനുമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ സിറ്റിംഗ് ഡിവിഷനിൽ പൗലോസ് മത്സരിച്ചു തോറ്റതു നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുന്നതിനു അയോഗ്യതയായി കാണരുതെന്ന അഭിപ്രായമാണ് ജില്ലയിലെ ഐ വിഭാഗം കോൺഗ്രസ് പ്രവർത്തകരിൽ പലർക്കും.
 

Latest News