Sorry, you need to enable JavaScript to visit this website.

മടങ്ങിയെത്തിയ പ്രവാസികളെ ഏജന്റുമാരാക്കി മയക്കുമരുന്ന് മാഫിയ; നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

മഞ്ചേരി-മഞ്ചേരിയില്‍ നാലു കിലോ  കഞ്ചാവുമായി പാലക്കാട് സ്വദേശി പിടിയില്‍.  മഞ്ചേരിയിലെ വിവിധ സ്ഥലങ്ങളിലേക്കു വില്‍പനക്കായി കൊണ്ടുവന്ന നാലു കിലോ  കഞ്ചാവുമായി  പാലക്കാട് പെരിങ്ങന്നൂര്‍ കുണ്ടുപറമ്പില്‍ മുസമ്മിലി (27) നെയാണ്  ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡും മഞ്ചേരി പോലീസും ചേര്‍ന്നു പിടികൂടിയത്. മഞ്ചേരിയ്ക്കടുത്തു ആനക്കയത്തു വെച്ചാണ് കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ അടക്കം പിടികൂടിയത്. വിദേശത്തു നിന്നു മാസങ്ങള്‍ക്കു മുമ്പു നാട്ടിലെത്തിയ ഇയാള്‍ വന്‍ ലാഭം ലഭിച്ചതോടെ മയക്കുമരുന്ന് വിപണനത്തിലേക്കു തിരിയുകയായിരുന്നു. രണ്ടാഴ്ച മുമ്പ് പത്തു കിലോ  കഞ്ചാവുമായി പാലക്കാട് കൊപ്പം സ്വദേശിയായ കുറ്റിപ്പുറം വിഷമദ്യ ദുരന്തക്കേസിലെ പ്രതിയെ പിടികൂടിയിരുന്നു. ഇയാളില്‍ നിന്നാണ് പാലക്കാട് കേന്ദ്രീകരിച്ച് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിളേലേക്കു മയക്കുമരുന്ന് വിപണനം നടത്തുന്ന സംഘത്തെക്കുറിച്ചു വിവരം ലഭിച്ചത്. ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. ആന്ധ്രയില്‍ കിലോക്ക് 800- 1000 രൂപയോളം വിലവരുന്ന കഞ്ചാവ് നാട്ടിലെത്തിയാല്‍ 40,000 രൂപക്കാണ് വില്‍പന നടത്തുന്നത്.
വന്‍ ലാഭം ലഭിക്കുമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് വിദേശത്തു നിന്നെത്തുന്ന ആളുകളെ ഈ മേഖലയിലേക്കു കൊണ്ടുവരാന്‍ മയക്കുമരുന്ന് മാഫിയ ശ്രമിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. 80 കിലോ യോളം കഞ്ചാവാണ്  രണ്ടു  മാസത്തിനിടെ മലപ്പുറം ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് മലപ്പുറം ജില്ലയില്‍ നിന്നു പിടികൂടിയത്. ഇയാളുള്‍പ്പെട്ട ലഹരിക്കടത്തു സംഘത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെയുള്ള അന്വേഷണം തുടരുകയാണ്. ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത്ദാസിനു ലഭിച്ച രഹസ്യവിവരത്തിന്റ അടിസ്ഥാനത്തില്‍ മലപ്പുറം നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി  പി.പി ഷംസ്, മലപ്പുറം ഡിവൈഎസ്പി  സുദര്‍ശന്‍,  മഞ്ചേരി ഇന്‍സ്പക്ടര്‍ കെ.പി  അഭിലാഷ്,  എസ്‌ഐ  സുബിന്ദ് എന്നിവരുടെ നേതൃത്വത്തില്‍ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് അംഗങ്ങളായ അബ്ദുള്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണി കൃഷ്ണന്‍  മാരാത്ത്, പി.സഞ്ജീവ് എന്നിവരാണ് കഞ്ചാവ് കടത്തു പിടികൂടിയത്.

 

 

 

Latest News