Sorry, you need to enable JavaScript to visit this website.

കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് അന്വേഷണത്തെ പേടിച്ച് -കെ.സുധാകരൻ എം.പി

പാലക്കാട്- അനാരോഗ്യം മൂലമല്ല, അന്വേഷണത്തെ പേടിച്ചാണ് കോടിയേരി ബാലകൃഷ്ണൻ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയത് എന്ന് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ എം.പി ആരോപിച്ചു. കോടിയേരി ഒരു ചികിത്സക്കും പോയിട്ടില്ലെന്നും മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ മകന്റെ സമ്പത്തിന്റെ ഉറവിടത്തെക്കുറിച്ച് ഇ.ഡി അന്വേഷണം തുടങ്ങിയപ്പോഴാണ് അദ്ദേഹം അവധിയിൽ പോയത് എന്നും സുധാകരൻ പറഞ്ഞു. ഇടഞ്ഞു നിൽക്കുന്ന കോൺഗ്രസ് നേതാവ് എ.വി.ഗോപിനാഥിനെ സന്ദർശിച്ചതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുധാകരൻ. കോടിയേരിയുടെ ഭാര്യയെ ചോദ്യം ചെയ്യുന്നത് ഒരു തുടക്കം മാത്രമാണെന്നും അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ഇ.പി.ജയരാജനുമടക്കമുള്ള സി.പി.എം നേതാക്കൾ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. 
ചികിൽസക്ക് വേണ്ടിയല്ല കോടിയേരി സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുത്തത് എന്ന് താൻ അന്ന് തന്നെ പറഞ്ഞതാണ്. അദ്ദേഹം ഒരു വിദഗ്ധചികിൽസക്കും പോയിട്ടില്ല. മകന്റെ സമ്പത്തിന്റെ ഉറവിടം തേടി ഇ.ഡി കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ആ അന്വേഷണം തുടങ്ങി ഒരാഴ്ചക്കകമാണ് കോടിയേരി അവധിയെടുത്തത്. ഒരുപാട് തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന്റെ മകൻ ഇന്ന് കോടാനുകോടിയുടെ സാമ്രാജ്യമുള്ള ഒരാളാണ്. എവിടെ നിന്നാണ് ഈ സമ്പത്ത്. തൊഴിലാളി വർഗത്തിൽ നിന്ന് വന്ന ഒരു നേതാവ് അത്തരം ഉയർന്ന സാമ്പത്തിക നിലവാരത്തിലെത്തുമ്പോൾ ചില സംശയങ്ങൾ ഉണ്ടാവില്ലേ. അത് പറയുമ്പോൾ ആരെയെങ്കിലും ആക്ഷേപിക്കലാണെന്ന് പറയരുത്. ദുബായിലെ ഏറ്റവും വലിയ ഒരു ഹോട്ടൽ വ്യവസായ ശൃംഖലയുടെ വൈസ് പ്രസിഡന്റാണ് കോടിയേരിയുടെ മകൻ. കോടികളുടെ വ്യവസായമാണ് അദ്ദേഹം നടത്തുന്നത്. ആ പണത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് കോടിയേരിയുടെ ഭാര്യയെ ചോദ്യം ചെയ്യുന്നത്. വരാൻ പോകുന്നതിന്റെ തുടക്കമേ ആയിട്ടുള്ളൂ. ഒരു ചെറിയ പടക്കം. വലിയ പടക്കങ്ങൾ പിറകേ വരാനുണ്ട്. ഒരാൾ മാത്രമൊന്നുമല്ല. പിണറായിക്കെതിരെയും ഇ.പി.ജയരാജനെതിരെയും ഇന്നല്ലെങ്കിൽ നാളെ അന്വേഷണം വരും. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഇവരുടെയെല്ലാം അനധികൃത സ്വത്ത് സമ്പാദനത്തെപ്പറ്റി അന്വേഷിക്കും. പിണറായി വിജയന്റെ മകളും വലിയൊരു വ്യവസായ സാമ്രാജ്യത്തിന് ഉടമയാണ്. ഐ.ടി കമ്പനിയുടെ അധിപയെന്ന നിലയിൽ ചെറിയ മൂലധനമൊന്നുമല്ല. എവിടെ നിന്നാണ് അതിന് പണം കിട്ടിയത് എന്ന് ചോദിക്കുന്നത് തെറ്റാണോ? ജീവിക്കാൻ വകയില്ലാതെ തേരാപ്പാര നടന്നിരുന്ന ഒരു ചെറുപ്പക്കാരനാണ് ഇ.പി.ജയരാജൻ. അദ്ദേഹത്തിന്റെ മകൻ വടക്കൻ മലബാറിൽ കെട്ടിയുയർത്തിയ വ്യവസായ ശൃംഖല വളരെ വലുതാണ്. അതന്വേഷിക്കണ്ടേ. അന്വേഷിക്കും. നടപടി ഉണ്ടാകും. അവരെക്കൊണ്ട് മറുപടി പറയിപ്പിക്കും -സുധാകരൻ പറഞ്ഞു. 

Latest News