Sorry, you need to enable JavaScript to visit this website.

വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യ സാനിറ്ററി  നാപ്കിന്‍ പദ്ധതിയുമായി ആന്ധ്രാ സര്‍ക്കാര്‍

ഹൈദരാബാദ്- അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്‌കൂളുകളിലെ 7 മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യ സാനിട്ടറി നാപ്കിന്‍ പദ്ധതി ഒരുക്കി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയാണ് പദ്ധതി തയ്യാറാക്കിയത്. പെണ്‍കുട്ടികളുടെ ആരോഗ്യത്തിലും ശുചിത്വത്തിനും കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ പദ്ധതിക്കായി പ്രതിവര്‍ഷം 41.4 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.ജൂലൈ 1 മുതല്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍, ജൂനിയര്‍ കോളേജുകള്‍, ഗുരുകുല സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് സാനിട്ടറി നാപ്കിനുകള്‍ വിതരണം ചെയ്യും. ഓരോ പെണ്‍കുട്ടിക്കും ഓരോ മാസം പത്ത് നാപ്കിനുകള്‍ വീതം പ്രതിവര്‍ഷം 120 നാപ്കിനുകള്‍ നല്‍കുന്നതാണ് പദ്ധതി. അതുപോലെ കടകളില്‍ കുറഞ്ഞ വിലയില്‍ നാപ്കിനുകള്‍ ലഭിക്കാനുള്ള സംവിധാനവും ഒരുക്കും.കൂടാതെ, മത്സര പരീക്ഷകളില്‍ പെണ്‍കുട്ടികള്‍ക്ക് മികച്ച പരിശീലനം നല്‍കുന്നതിനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. തെരഞ്ഞെടുത്ത പ്രൊഫഷണല്‍സിന്റെ പിന്തുണയുപയോഗിച്ചായിരിക്കണം പരിശീലനം. ഈ പദ്ധതി വിദ്യാര്‍ത്ഥികള്‍ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പു വരുത്തുകയും ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Latest News